വീടിന്റെ ഉമ്മറത്ത് വൃദ്ധജനങ്ങൾ നോക്കുകുത്തികളാകുന്ന കാലം ; ലേഖനം വായിക്കാം

​ഗോപിനാഥ് മഠത്തിൽ

വാര്‍ദ്ധക്യം പലപ്പോഴും ഒറ്റപ്പെടലാണ്. ജീവിതത്തിലെ സകല മഹോത്സവങ്ങളും അവസാനിപ്പിച്ച് വീടിന്റെ നാലുചുവരുകളിലേയ്ക്കും ഏകാന്തതയിലേയ്ക്കും ജീവിതത്തെ കാലം മടക്കിക്കൊണ്ടുപോകുന്ന അവസ്ഥയാണത്. മഹോത്സവം എന്നുപറഞ്ഞത് എല്ലാവരെയും ഉദ്ദേശിച്ചല്ല. വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭ്യമാകുന്ന ഭാഗ്യമാണത്. പരമ്പരാഗത ഭൂസ്വത്തുക്കള്‍ അനുഭവിക്കാന്‍ നിര്‍ബന്ധിതമാകുന്ന ചിലര്‍ മാത്രമേ ആ പട്ടികയില്‍ വരികയുള്ളൂ. ഭൂരിഭാഗം പേരും ചെറുപ്പകാലത്ത് സ്വന്തം നിലനില്‍പ്പിനുവേണ്ടി അവിശ്രമം പണിയെടുത്ത് ജീവിതത്തെ അര്‍ദ്ധമാക്കിയവരാണ്. വിയര്‍പ്പുതുള്ളികളില്‍ സൂര്യരശ്മികളാല്‍ മഴവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും സൃഷ്ടിച്ച അക്കൂട്ടര്‍ ജീവിതത്തിന്റെ സായാഹ്നകാലത്ത് എത്തുമ്പോള്‍ മക്കളാല്‍ ഒറ്റപ്പെട്ടുപോകുന്ന ദുരവസ്ഥ കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നു. ഗ്രാമവീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വലിയ വീടിന്റെയും ഉമ്മറത്ത് വിമൂകരായി ആരോടും മിണ്ടുവാനാകാതെ പ്രതിമകള്‍ക്കു തുല്യം നിശ്‌ചേഷ്ടരായിരിക്കുന്ന വൃദ്ധജനങ്ങള്‍ മിക്കവരും ഒരുപാട് സങ്കടങ്ങളുടെ നിലവറ സൂക്ഷിപ്പുകാരാണ്. മക്കള്‍ നിര്‍ബന്ധിച്ച് കല്പിച്ചുതന്നിരിക്കുന്ന ഏകാന്തതയില്‍ ചുട്ടുപൊള്ളുന്നവരാണ് ഇവരില്‍ കൂടുതല്‍ പേരും. അധ്വാനകാലത്തിന് വിരാമമിട്ട് ഒന്നു സ്വസ്ഥമായി നടുവ് നിവര്‍ത്തി വിശ്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മക്കള്‍ പുതിയ ലോകത്തിന്റെ ജീവിതസാഹചര്യങ്ങളും ആഡംബരങ്ങളും തേടി വിദേശത്തേയ്ക്ക് പറന്നിരിക്കും. പിന്നെ അവരുടെ ചരടുകളുടെ ചലനങ്ങള്‍ക്കനുസരിച്ച് ചാഞ്ചാടി കളിക്കുന്ന തോല്‍പ്പാവകളെപ്പോലെ നാട്ടില്‍ മാതാപിതാക്കള്‍ കഴിയും. ഇത് ഇന്ന് നമ്മുടെ നാട്ടില്‍ പതിവുകാഴ്ചയായി മാറിയിരിക്കും. മക്കള്‍ പറഞ്ഞതിന്‍പ്രകാരം പുരയിടം കൃഷിസജ്ജമാക്കാനും മറ്റ് അല്ലറ ചില്ലറ പണികള്‍ക്കും വൃദ്ധദമ്പതികള്‍ മിക്കപ്പോഴും ആശ്രയിക്കേണ്ടിവരുന്നത് അപരിചിതരായ അന്യസംസ്ഥാന തൊഴിലാളികളെയായിരിക്കും. അവര്‍ക്ക് പകലുകള്‍ വീടിന്റെ സാഹചര്യങ്ങള്‍ സസൂക്ഷ്മം മനസ്സിലാക്കാനും രാത്രികള്‍ അനായാസകരമായി കുറ്റകൃത്യം ചെയ്ത് രക്ഷപ്പെടുവാനുള്ള മറവുമാണ്. പല കൊട്ടാരസദൃശ്യമായ വീടുകളിലും ഏകാന്തതമാത്രം കൂട്ടുകാരായി കഴിയുന്ന വൃദ്ധമാതാപിതാക്കള്‍ മാത്രമേ കാണുകയുള്ളൂ. ആ പഴുതാണ് മോഷണത്തെ എളുപ്പമാക്കുന്ന ഘടകവും. പ്രതികരിക്കുന്നവരെ മരണമുഖത്ത് എത്തിക്കുവാനും ഇക്കൂട്ടര്‍ മടിക്കുകയില്ല. അങ്ങനെ നടന്ന ചില കൊലപാതകങ്ങള്‍ നമ്മുടെ ഓര്‍മ്മകളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടുതാനും. മലയാളിയുടെ ജോലി ചെയ്യാനുള്ള അലസതയെ സ്വന്തം വിശപ്പിന് സാന്ത്വനമായി കണ്ട് പുറംദേശത്തുനിന്നെത്തുന്ന എല്ലാ സഹോദരന്മാരും അക്കൂട്ടത്തില്‍പ്പെടുന്ന ക്രിമിനലുകള്‍ അല്ലെങ്കിലും അപൂര്‍വ്വം ചിലരുടെ ദുഷ്ടലക്ഷ്യത്തിന് ജീവന്‍ ബലി കൊടുക്കേണ്ടിവന്ന വൃദ്ധജനങ്ങള്‍ കേരളത്തിലുണ്ടെന്ന് നിഷേധിക്കാനാവില്ല.
ഇത്തരം ഭീതിദമായ അന്തരീക്ഷത്തിനൊപ്പം ടൈലും ഗ്രാനൈറ്റും ഒക്കെ പാകി മിനുസപ്പെടുത്തിയ പ്രാഥമികാശ്വാസമുറിയില്‍ കാല്‍വഴുതിവീണ് അസ്ഥി തകര്‍ന്ന് കിടക്കയിലാകുന്ന വൃദ്ധമാതാപിതാക്കളെയും ഓര്‍ത്ത് നമ്മള്‍ സങ്കടപ്പെടേണ്ടതുണ്ട്. പ്ലാസ്റ്ററിട്ട് പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനങ്ങാന്‍ പോലുമാകാതെ ബുദ്ധിമുട്ടുന്ന അവര്‍ക്ക് താങ്ങാകാന്‍ പഞ്ചായത്തു തലത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്കെപ്പോഴും കൂടെനില്‍ക്കാന്‍ കഴിയില്ലല്ലോ. ബന്ധുത്വവും സൗഹൃദവും ഒക്കെ ഒരാളുടെ ആപത് സന്ധിയിലാണ് ആവശ്യമെങ്കിലും ഒരാഴ്ചയിലെ വഴിപാട് കര്‍മ്മങ്ങള്‍ക്കുശേഷം അവര്‍ മിക്കവരും അവരവരുടെ ജോലി തിരക്കുകളിലേയ്ക്കും അല്ലെങ്കില്‍ സ്വകാര്യ സുഖങ്ങളിലേക്കും മടങ്ങാറാണ് പതിവ്. വലിയ വീടിന്റെ ഒഴിഞ്ഞ മൂലയില്‍ ഇവ്വിധത്തില്‍ പീഡനപര്‍വ്വം തരണം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന എത്രയോ വൃദ്ധജനങ്ങള്‍ നമുക്കരികില്‍ത്തന്നെയുണ്ട്. മക്കളാല്‍ വിസ്മരിക്കപ്പെട്ട് ഒറ്റപ്പെട്ട ജീവിതം നയിച്ച എത്രയോ പ്രായമായ അച്ഛന്‍മാരെയും അമ്മമാരെയുമാണ് അടുത്തകാലത്ത് പഞ്ചായത്തംഗങ്ങളും നിയമപാലകരും കണ്ടെത്തി ആശുപത്രിയിലും അഗതിമന്ദിരത്തിലുമാക്കി അവരുടെ ജീവിതത്തിന് പുതു വെളിച്ചം പകര്‍ന്നത്. അവരുടെ മക്കള്‍മാര്‍ ആരും വിദേശത്തല്ലായിരുന്നു. അരികെ സമ്പന്ന ജീവിതം ആഘോഷിക്കുന്നവരായിരുന്നു. അപ്പോള്‍ മക്കള്‍ വിദേശത്തായാലും സ്വദേശത്തായാലും വാര്‍ദ്ധക്യം എന്നത് തിരസ്‌ക്കരണകാലത്തിന്റെ പൊതു അനുഭവമായി പരിണമിക്കുന്നു എന്നത് ഒരു സത്യമാണ്. തമിഴ്‌നാട്ടില്‍ ഏതോ ഒരു ഗ്രാമത്തില്‍ വൃദ്ധജനങ്ങളെ വളരെ ലളിതമായി ഒഴിവാക്കുന്ന ഒരു സമ്പ്രദായം ഉണ്ടെന്ന് കേള്‍ക്കുന്നു. തലേകൂത്തല്‍ എന്നാണ് പേര്. പ്രായാധിക്യം ചെന്നയാളുടെ തലയില്‍ എള്ളെണ്ണ നല്ലപോലെ തേച്ച് വെള്ളം ധാരകോരി കുളിപ്പിക്കും. ഒപ്പം ധാരാളം കരിക്കിന്‍വെള്ളം നിര്‍ബന്ധിച്ചു കുടിക്കാന്‍ കൊടുക്കുകയും ചെയ്യും. ഇങ്ങനെ അനവരതമുള്ള കുളിപ്പിക്കലിനും കുടിപ്പിക്കലിലും വൃദ്ധ വ്യക്തി പനി പിടിച്ച് മരിക്കും. ഇങ്ങനെ ചെയ്യുന്നവരുടെ അവസ്ഥയും നാളെ ഇതുതന്നെയാണെന്ന് തിരിച്ചരിയാതെയാണ് (അതോ, തിരിച്ചറിഞ്ഞോ) പലരും ഈ കടുംകൈയ്ക്ക് ഒരുമ്പെടുന്നത്. തല്‍ക്കാല സുഖത്തിനുവേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും നട തള്ളുന്ന ഇക്കാലത്ത് കേരളത്തിലും ഈ ഹീനകൃത്യം അവലംബിച്ചുകൂടെന്നില്ല. കാരണം ഏതു തിന്മയും പകര്‍ത്തുന്ന കൂട്ടരായി നമ്മള്‍ എത്രവേഗമാണ് അധഃപതിച്ചുകഴിഞ്ഞത്. അല്ലെങ്കില്‍ നരയാമ ചിത്രത്തിലെ നായികയായ വൃദ്ധമാതാവിനെപ്പോലെ വീടിന്റെ ചുമതലയെല്ലാം മൂത്തമകനെ ഏല്‍പ്പിച്ച് ഒരുവലിയ മലയുടെ മറവിലേയ്ക്ക് നിശ്ചിത കാലം കഴിയുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ വിരാമത്തിന്റെ ഭാഗമായി നടന്നകലണം. പക്ഷേ എനിക്കോ നിങ്ങള്‍ക്കോ അതിന് കഴിയില്ലെന്നതാണ് വാസ്തവം.
വാല്‍ക്കഷണം:
2021-ല്‍ പുറത്തിറങ്ങിയ ലോഞ്ജിറ്റിയൂടിനല്‍ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ അനുസരിച്ച് അറുപതു വയസ്സും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ വീഴ്ചയുടെ തല്‍ഫലമായുണ്ടാകുന്ന പരിക്കുകളുടെയും കണക്ക് യഥാക്രമം 23, 20 ശതമാനം വീതമാണ്. അതുപോലെ പാര്‍ക്കിസണ്‍സ് പോലെ ഒട്ടേറെ അസുഖങ്ങളാല്‍ കഷ്ടപ്പെട്ട് തനിച്ചു താമസിക്കുന്നവരും കുറെയുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വീടുകങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. കുളിമുറിയിലുള്ള വീഴ്ചകള്‍ക്കും പരിഹാരമായും പരസഹായമില്ലാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗ്രാബ് ബാറുകള്‍ ഘടിപ്പിക്കുന്നത് അതിലൊന്നാണ്. അതുപോലെ വീടിന്റെ പടികളിലും കുളിമുറിയുടെ തറയിലും ആന്റി സ്ലിപ് ടേപ്പ് പതിപ്പിക്കുന്നതും നല്ലതാണെന്ന് പറയുന്നു. പക്ഷേ മക്കളുടെ മനസ്സില്‍ ഏതുടേപ്പും ബാറുകളും പിടിപ്പിച്ചാലാണ് വൃദ്ധരായ അച്ഛനമ്മമാര്‍ക്ക് ഒന്നു തെന്നാതെ പിടിച്ചുനില്‍ക്കാനാവുക?
**

Related posts

Leave a Comment