കള്ളൻ കപ്പലിൽ തന്നെ ; വീക്ഷണം എഡിറ്റോറിയൽ

രാഷ്ട്രീയ സംഘർഷമുണ്ടാകുമ്പോൾ പ്രതിയോഗികളുടെ വീടും കടയും വാഹനങ്ങളും കത്തിക്കുകയെന്നത് കാലഹരണപ്പെട്ട പ്രതിഷേധ രീതിയാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനും കോട്ടയം ഡിസിസി ഓഫീസും വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസും സിപിഎം അക്രമികൾ നശിപ്പിച്ചത് ആസൂത്രിതമായിരുന്നു. സംസ്ഥാനത്തുടനീളം നിരവധി പ്രാദേശിക കോൺഗ്രസ് ഓഫീസുകളും സ്തൂപങ്ങളും കൊടിമരങ്ങളും ഈ അക്രമ പരമ്പരയുടെ ഭാഗമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തത് അഖിലേന്ത്യാ തലത്തിൽ തന്നെ വിവാദമായിട്ടുണ്ട്. തുടർഭരണം ലഭിച്ചതിന്റെ ഹുങ്കും അഹങ്കാരവുമാണ് സിപിഎം അണികളെ അക്രമോത്സുകരാക്കുന്നത്. സിപിഎം അക്രമത്തിന്റെ പരമ്പരകൾ തുടരവെ എകെജി സെന്ററിന് നേരെ ഏറുപടക്കമെറിഞ്ഞ് വിവാദം വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇന്നലെ ഇതുസംബന്ധിച്ച് നിയമസഭയിൽ ചർച്ച നടന്നപ്പോൾ കള്ളനെ കപ്പലിൽ നിന്ന് പിടികൂടിയ സാഹചര്യമാണുണ്ടായത്. എകെജി സെന്റർ ആക്രമണം കെട്ടിച്ചമച്ച ഒന്നാംതരം തിരക്കഥയായിരുന്നു. നാടകത്തിന്റെ ഇതിവൃത്തം പൂർണമായും വെളിപ്പെടുത്തപ്പെട്ടുവെങ്കിലും ക്ലൈമാക്‌സ് എങ്ങിനെയെന്ന് അവതരിപ്പിക്കാൻ തിരക്കഥാകൃത്ത് ഇപി ജയരാജന് സാധിക്കാതെപോയി. അത്തരത്തിൽ ഒരു റൈറ്റിംഗ് ബ്ലോക്കിൽ പെട്ടിരിക്കയാണ് ഇപി. കണ്ണൂർ ജില്ലയിലെ നിരവധി കൊലപാതകങ്ങൾക്ക് തിരക്കഥയെഴുതിയ മൂന്ന് ജയരാജന്മാർക്കും കഥകൾ രചിക്കുന്നതിൽ പഴയപോലെ സർഗാത്മകവും സക്രിയവും ആകാൻ പറ്റുന്നില്ല. ഫസൽ വധക്കേസിൽ ആർഎസ്എസിന്റെ പതാകയിൽ കൊലച്ചോര മുക്കി റോഡരികിൽ തള്ളി അത് സംഘ്പരിവാറിന്റെ കൊലയെന്ന് മണിക്കൂറുകൾക്കകം വിധിപറയാൻ സിപിഎമ്മിന് കവടി നിരത്തേണ്ടി വന്നില്ല. ടിപി ചന്ദ്രശേഖരന്റെ കൊലയാളികൾ ഉപയോഗിച്ച ഇന്നോവ കാറിന്മേൽ ‘മാഷ അള്ള’ സ്റ്റിക്കർ ഒട്ടിച്ച് കൊല നടത്തിയത് ഇസ്ലാമിക തീവ്രവാദികളാണെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് അരുംകൊല നടന്ന് മുക്കാർ മണിക്കൂറിനുള്ളിലായിരുന്നു. പിണറായിക്ക് ഈ വിവരം ലഭിച്ചത് പാഴൂർ പടിയിൽ നിന്നായിരുന്നില്ല. അതേപോലെ നിരവധി കെട്ടുകഥകൾ ചമച്ച് യഥാർത്ഥ സംഭവത്തിൽ നിന്ന് സത്യത്തെ മറച്ചുപിടിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. എകെജി സെന്റർ ആക്രമണം അത്തരത്തിൽ രചിച്ച ഒരു തിരക്കഥയാണ്. പ്രത്യക്ഷവും പരോക്ഷവുമായ നിരവധി നിരീക്ഷണ വലയങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന എകെജി സെന്ററിൽ ഈ ചാരക്കണ്ണുകളെ വെട്ടിച്ച് ബോംബെറിയുകയെന്നത് വിശ്വസിക്കാനാവാത്ത സംഭവമാണ്. വിളിപ്പാടകലെ പൊലീസ് സംഘം കാവലുണ്ടായിട്ടും അക്രമി ബോംബെറിഞ്ഞ് കൂൾ ആയി മടങ്ങിപ്പോയതും പൊലീസ് അയാളെ പിന്തുടരാതിരുന്നതും എന്തുകൊണ്ട് എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയിൽ നിന്ന് ഉത്തരമുണ്ടായില്ല. നാടകത്തിന്റെ ഒന്നാംരംഗത്ത് തന്നെ മുഖംമൂടി അഴിഞ്ഞുവീഴുന്നു. നിയമസഭയിൽ പിസി വിഷ്ണുനാഥിന്റെ ചോദ്യംതന്നെയാണ് പൊതുസമൂഹവും ചോദിക്കുന്നത്. വലിയ സുരക്ഷാ സംവിധാനം മറികടന്നായിരുന്നു ഏതാനും ദിവസം മുമ്പ് പ്രതിപക്ഷ നേതാവിന്റെ വീടിന്റെ മതിൽ ചാടികടന്ന അക്രമ ശ്രമമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സ്വർണക്കടത്ത്-ഡോളർ കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ വിവരങ്ങൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. കേരളം മുഴുവൻ പ്രക്ഷോഭം ആർത്തിരമ്പിയപ്പോൾ ടിയർ ഗ്യാസിനും ലാത്തിക്കും ജലപീരങ്കിക്കും അതിനെ അമർച്ച ചെയ്യാനും വിവാദങ്ങളിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനും സാധിച്ചില്ല. വയനാട്ടിലും തിരുവനന്തപുരത്തും കോട്ടയത്തുമുണ്ടായ അക്രമങ്ങളുടെ ബ്ലൂപ്രിന്റ് തയ്യാറായത് ഇപി ജയരാജന്റെ തലച്ചോറിൽ നിന്നാണെന്ന് നിസ്സംശയം പറയാം. ഭീകരർ ഉപയോഗിക്കുന്ന അതീവ സ്‌ഫോടന ശേഷിയുള്ള ബോംബാണ് കോൺഗ്രസുകാർ എറിഞ്ഞതെന്ന ജയരാജന്റെ വിശദീകരണം പരിഹാസ്യമാകുന്നത് ബോംബ് പൊട്ടിയ സ്ഥലം പരിശോധിക്കുമ്പോഴാണ്. ഒരു ഏറുപടക്കത്തിന്റെ പ്രഹരശേഷിപോലുമില്ലാത്ത ബോംബ് ആണോ സിപിഎം ആസ്ഥാനം തകർക്കാൻ ഉപയോഗിച്ചത്. ബോംബാക്രമണം ഉണ്ടാവുന്നതിന്റെ തലേദിവസം വരെ പൊലീസ് കാവലുണ്ടായിരുന്ന രണ്ടാംഗേറ്റിൽ പൊലീസ് കാവൽ പിൻവലിച്ചതിന്റെ കാരണവും മുഖ്യമന്ത്രിക്ക് വെളിപ്പെടുത്താനാവുന്നില്ല. അക്രമങ്ങളും അതിനെ വലയം ചെയ്തിരിക്കുന്ന ദുരൂഹതകളും കൊണ്ട് കേരളത്തിലെ സമാധാന ജീവിതത്തെ സിപിഎം തകർക്കാൻ ശ്രമിക്കരുത്. അഴിമതിയുടെ വ്യാപ്തിയും ആഴവും അതിലെ പങ്കാളികൾതന്നെ വെളിപ്പെടുത്തുമ്പോൾ മടിശീലയിൽ കനമുള്ളവർ പേടിക്കും. അതാണ് ഓഫീസ് അക്രമങ്ങളുടെ അടിസ്ഥാന കാരണം. കള്ളനെ പിടിക്കാൻ നാട് മുഴുവൻ പരതേണ്ടതില്ല. കള്ളൻ കപ്പലിൽതന്നെയുണ്ട്.

Related posts

Leave a Comment