ശബരിമല ആചാരങ്ങൾ സംബന്ധിച്ച് താഴമൺ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും നിലപാട് വ്യക്തമാക്കണം: അയ്യപ്പസംഗമം

നെടുമ്പാശേരി: ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ച് താഴമൺ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആലങ്ങാട് യോഗം ട്രസ്റ്റ് സംഘടിപ്പിച്ച ദേശം ആജ്ഞനേയ ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ച ദേശീയ ‘അയ്യപ്പസംഗമം’ ആവശ്യപ്പെട്ടു. അയ്യപ്പ ചരിത്രം ഭക്തർ മുമ്പാകെ ദേവസ്വം ബോർഡ് വെളിപ്പെടുത്തണം. കാലഘട്ടത്തിനനുസരിച്ചു മാറ്റി എഴുതാനുള്ള ചിലരുടെ നീക്കം ദേവസ്വം ബോർഡ് തടയണമെന്നും പരമ്പരാഗത കാനനപാത ആചാരത്തിന്റെ ഭാഗമായി തുറന്നുകൊടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിച്ചു. അൻവർ സാദത്ത് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ശബരിമല മുൻ മേൽശാന്തിമാരായ എഴിക്കോട് ശശി നമ്പൂതിരി, ദാമോദരൻ പോറ്റി, നാരായണൻ നമ്പൂതിരി, എ.കെ. സുധീർ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി. രാമൻനായർ, അമ്പലപ്പുഴ പെരിയോൻ ഗോപാലകൃഷ്ണൻ പിള്ള, അമ്പലപ്പുഴ യോഗം പ്രസിഡന്റ് ഗോപകുമാർ, ചീരപ്പൻചിറ പ്രതിനിധി അനീഷ് സ്വാമി, ആലങ്ങാട് യോഗം മാനേജിംഗ് ട്രസ്റ്റി കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, എരുമേലി ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ്, ആലങ്ങാട് യോഗം ട്രസ്റ്റ് ചെയർമാൻ കെ. അയ്യപ്പദാസ്, അഡ്വ. വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആലങ്ങാട് യോഗം ട്രസ്റ്റ് രക്ഷാധികാരികളെ യോഗം ആദരിച്ചു.

ഹരിപവാർ ഗുരുസ്വാമി, തിരുമൽ റാവു ബേധി സ്വാമി, ബാല അ‌ഞ്ജനേയ സ്വാമി, ഹരിപ്രസാദ് അനന്തപുർ എന്നിവർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളംപേർ സംഗമത്തിൽ പങ്കെടുത്തു.

Related posts

Leave a Comment