‘റോക്കറ്റില്‍ ഇന്ധനമായി ഉപയോഗിക്കുന്ന പദാര്‍ത്ഥം കയ്യിലുണ്ട്’ ഡി ആര്‍ ഡി ഒയേയും മോന്‍സണ്‍ വെറുതെ വിട്ടില്ല ; പ്രതിക്കെതിരെ ഒരു കേസ് കൂടി

കൊച്ചി : വ്യാജ പുരാവസ്തു പ്രദർശിനത്തിലൂടെ സംസ്ഥാനത്തെ പ്രമുഖരെ കബളിപ്പിക്കുകയും, അവരുമായുള്ള പരിചയം മുതലെടുത്ത് വിവിധയാളുകളിൽ നിന്നും കോടികൾ തട്ടിയെടുക്കുകയും ചെയ്ത മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഡിആർഡിഒയുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസ്. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥം തന്റെ കയ്യിലുണ്ടെന്ന് മോൻസൺ പലരെയും കബളിപ്പിച്ചിരുന്നു. ഇറിഡിയം കയ്യിൽ സൂക്ഷിക്കുവാൻ തനിക്ക് ഡി ആർ ഡി ഒയുടെ അനുമതി ഉണ്ടെന്ന രേഖയാണ് മോൻസൻ ആളുകളെ കാണിച്ചിരുന്നത്. ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ കേസ് ചുമത്തിയത്. വ്യാജ ഒപ്പും സീലും ഗവേഷകരുടെ പേരിൽ മോൻസൺ നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മോൻസൺ ഇപ്പോൾ ഏഴു കേസുകളിലാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിലേറെയും സാമ്പത്തിക വഞ്ചനാ കേസുകളാണ്.

കൊച്ചിയിൽ പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന മോൻസൺ അറസ്റ്റിലായതോടെ നിരവധി ആളുകളാണ് പുതിയ പരാതികളുമായി രംഗത്ത് വന്നത്. ഇവരിൽ പലരിൽ നിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞ് മോൻസൺ വൻ തുക വാങ്ങിയിരുന്നു. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂർ സ്വദേശി ഇന്നലെ പരാതിയുമായി എത്തി. ഭാര്യയുടെ സ്വർണം പണയം വച്ചാണ് ഇയാൾ മോൻസണിന് പണം നൽകിയത്. ഇരുപത് ദിവസത്തിനകം നൽകാം എന്ന് പറഞ്ഞ് വാങ്ങിയ പണം വർഷങ്ങളായിട്ടും മോൻസൺ തിരികെ നൽകിയിരുന്നില്ല.

Related posts

Leave a Comment