‘കോഴിമുട്ട പാമ്പിൻ മുട്ടയായ കഥ’-വിനോദ് എരവിൽ ; ചെറുകഥ വായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം

വിനോദ് എരവിൽ , എഴുത്തുകാരൻ , സാമൂഹ്യപ്രവർത്തകൻ

കോഴിമുട്ട പാമ്പിൻ മുട്ടയായ കഥ

കോഴിമുട്ട പാമ്പിൻ മുട്ടയാവുമോ?
സംശയിക്കേണ്ട…
ആവും, എനിക്കുറപ്പുണ്ട്.
പക്ഷേ…..,
ഇപ്പോൾ ആവുമോന്ന് ചോദിച്ചാൽ ഇല്ലെന്ന് ഞാൻ പറയും.
കാരണം….,
ഒരു പത്ത് മുപ്പത്തിയഞ്ച് കൊല്ലത്തിനിപ്പുറം കുഞ്ഞുമനസ്സുകൾക്ക് ഇന്ന് കൂട്ട് മൊബൈൽ ഫോണിലെയും ലാപ് ടോപ്പിലെയും ഭയപ്പെടുത്തുന്ന വെടിവെപ്പും കാർ, ബൈക്ക് റേസിംഗും, തിന്നാൻ വർണ്ണക്കൂടുകളിൽ കാറ്റിനൊപ്പം നിറച്ച ലെയ്സും, കുർക്കുറെയും കുടിക്കാൻ ബൂസ്റ്റും ബോൺ വിറ്റയും മേമ്പൊടിക്ക് കോളയുമൊക്കെയുള്ളതുകൊണ്ട് ശാസ്ത്രത്തോടൊപ്പം അവരും വളർന്നതുകൊണ്ട് അവർക്ക് കോഴിമുട്ടയെ കോഴിമുട്ടയായി തന്നെ അവതരിപ്പിക്കാനാവും.
ഒയലിച്ചയും പായസം മുട്ടായിയും മോരും വെള്ളവും പച്ചമാങ്ങയും ഊമ്പിക്കുടിയനും അമ്പേങ്ങയും കോടേം കോലും, രാമ രാമൻ കോട്ടയും ഷോഡിയും ഒളിച്ചമ്പോത്തുകളിയും അപ്പൂപ്പൻ താടികളുമൊക്കെയുള്ള ആ കാലത്ത് കോഴിമുട്ട പാമ്പിൻ മുട്ടയായി മാറിപ്പോകുകയും ചെയ്യാം.

ഓംലെറ്റും ആബ്ലേറ്റും ആകുന്നതിന് മുൻപ് എന്നിലെ മൂന്നാം ക്ലാസ്സുകാരന്റെ ഏറ്റവും വലിയ ആഗ്രഹം മുട്ട ദോശ വയറുനിറച്ചു തിന്നണമെന്നതായിരുന്നു. വലുതായാൽ ആരാകണമെന്ന് ചോദിച്ചാൽ അച്ഛനെപ്പോലെയാകണം എന്നേ ഞാനും പറയുള്ളൂ..
കുട്ടികൾക്ക് എന്നും അച്ചനാണവന്റെ നായകൻ. പകലന്തിയോളം പണിയെടുത്ത് കൈക്കോട്ടും തോളത്തിട്ട്, പാളതൊപ്പിയും വെച്ച്, കയ്യിലെരിഞ്ഞു തീരുന്ന ബീഡി കൊണ്ട് ആഞ്ഞു വലിച്ചതിനെ ചുവപ്പിച്ച്, വെളുത്ത പുക ചുരളുകൾ മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വിട്ട് കുഞ്ഞുമേഘങ്ങളാക്കി മാറ്റി നടന്നു വരുന്ന ആ വെളുത്തു മെലിഞ്ഞ സുന്ദരമായ മൊട്ടതല കുറച്ചൊന്നുമല്ല എന്നിൽ ആവേശിച്ചത്. അരങ്ങിലടിയന്തിര ത്തിനും പൂരംകുളിക്കുമെല്ലാം വല്ലിയിൽ കോറോശനച്ചാച്ചന്റെ മേക്കോട്ടുപോതിക്ക് കൂട്ടായി തമ്പാച്ചച്ചന്റെ ഈശ്വരൻ ദൈവത്തിനൊപ്പം പെര്ദേവതയുടെ കോമരമായി ആളുകൾക്കിടയിലൂടെ നടന്നും കാലാങ്കം വെച്ചും അച്ഛനെപ്പോലെ വീരപുരുഷനാവണം എന്നതും കുഞ്ഞുനാളിലെ ആഗ്രഹങ്ങൾ തന്നെ.

ആലയിൽ മൂലക്കുള്ള കോഴിക്കൂട്ടിൽ നിന്ന് പകലിൽ പെട കോഴി മുരണ്ട്, മുരടി നടന്നു പോയ ഉടൻ മടിയിലെ മുറം താഴെ വെച്ച്, ഭാരത് ബീഡിയുടെ മഞ്ഞനൂൽ റീൽ കയ്യീന്നു വിട്ട് അമ്മ എടുത്തു കൊണ്ടുപോയി അരിക്കലത്തിൽ വെക്കുന്ന തവിട്ടു കലർന്ന വെള്ള നിറമുള്ള മുട്ടകൾ എന്നെ വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട്. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഈ മുട്ട അരിക്കലത്തിൽ അമ്മ വെച്ച് പോയ ഉടനെ അമ്മയറിയാതെ ഞാൻ കൈവെള്ളയിലെടുത്ത് പിട കോഴിയുടെ ചൂടറിഞ്ഞ് തിരിച്ചു വെച്ചും ഞാനെന്റെ ആശ തീർത്തിട്ടുണ്ട്.

വല്യ അതിഥികൾ വരുമ്പോഴാണ് വീട്ടിൽ മുട്ട ദോശയുണ്ടാക്കാറ്. അതു കൊണ്ട് വീട്ടിൽ നിൽക്കാനായി ആരെങ്കിലുമെത്തിയാൽ എന്റെ ആ ദിവസം അടുക്കളയിൽ ചുറ്റിപ്പറ്റിയായിരിക്കും. അവർക്ക് ചോറിന് കൂട്ടാനൊപ്പം തേങ്ങ ചിരവിയിട്ട്, കപ്പ പറങ്കിയും ചോന്നുള്ളിയും മുറിച്ചിട്ട് അമ്മ ഉണ്ടാക്കുന്ന മുട്ട ദോശയുടെ മത്ത് പിടിപ്പിക്കുന്ന മണമല്ലാതെ ആ ദോശയിൽ നിന്നെനിക്കാകെ കിട്ടുന്നത് വലുപ്പം പോലും പറയാനില്ലാത്തത്ര ചെറിയ കഷണം മാത്രമായിരിക്കുമെന്നെനിക്ക് ഉറപ്പാണ്. അതിഥിക്ക് വല്യ കഷണം. അതീന്ന് കൊറച്ച് ചെറുത് അച്ഛന്. പിന്നെ ബാക്കിയുള്ളോർക്ക്. ഇന്നത്തെപ്പോലെ കുട്ടികൾക്ക് ആദ്യം, വയറു നിറച്ച് എന്നതല്ലന്നത്തെ പതിവ്. അന്ന് എല്ലാം മുതിർന്നവർക്ക്. ബാക്കിയുണ്ടേൽ പിള്ളേർക്ക്.

അന്നത്തെ ഒരു മൂന്നാം ക്ലാസ്സുകാരനറിയില്ലല്ലോ കലത്തിലിട്ട് വെക്കുന്ന മുട്ടകൾ അപ്പുട്ടേട്ടന്റേം ഗംഗാരേട്ടന്റെയും പിടീല് കൊടുത്തിട്ട് കിട്ടുന്ന പൈസ കൊണ്ട് കൂടി വേണം വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കാനെന്ന്. ഏട്ടിക്കും എനിക്കും അനിയനും ഓണത്തിന് പുതിയ കുപ്പായം വാങ്ങാനെന്ന്. അതോണ്ട് തന്നെ അമ്മയോടും അച്ചനോടുമുള്ള വാശിക്ക് ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്, വലുതായി അച്ചന്റത്ര ആയാൽ, കണ്ടംകൊത്തീറ്റ് ചെരക്കര അമ്പൂസറിന്റെ വീട്ടീന്ന് പൈസ മേടിച്ചിട്ട് കുറേ മുട്ട ദോശ തിന്നുംന്ന്. ഞാൻ അച്ഛനാവുന്ന വീട്ടിൽ രാവിലെ എന്നും ചായക്ക് ഒപ്പം അരിദോശക്ക് പകരം മുട്ട ദോശയായിരിക്കുംന്ന്.

എന്റെ ദൈവങ്ങളായ രയരോത്തച്ചിയോടും മേക്കോട്ടമ്മയോടും കുന്നുമ്മ പെര്ദേവതയോടും ചീർമ്മ കാവിലമ്മയോടും കരക്കേൽ പോതിയോടും ഞാനീ കാര്യമേ പ്രാർത്ഥിക്കാറുമുള്ളൂ. ഇത്രേം വലിയ സ്വപ്നങ്ങളെയും തലേലേറ്റി കുടുക്കില്ലാത്ത വള്ളി ട്രൗസറുമിട്ട് കഴിഞ്ഞുകൂടുമ്പോളാണ് ഒരു മുട്ട ദോശ ഒറ്റക്ക് തിന്നാനുള്ള വഴി എന്റെ ദൈവങ്ങൾ ഒരു ദിവസം എനിക്ക് മുന്നിൽ തുറന്നത്.

വീട്ടിൽ കോഴികൾക്ക് പുറമേ ഗൗരി പശുവും കടിച്ചിയുമൊക്കെയുള്ളതുകൊണ്ട്, അന്നെന്റെ വീട്ടിനപ്പുറത്തു മിപ്പുറത്തുമെല്ലാം കാലിയും കറവുമെല്ലാം ഇല്ലതോണ്ടും പാലിനധികം ചെലവില്ലാത്തതിനാലും ബാക്കിയുള്ളത് കാച്ചി ഉറതൊട്ട് മൺകലത്തിൽ മരത്തിന്റെ മന്തിട്ട് അതിൽ നിന്ന് ഉണ്ണിക്കണ്ണന്റേതെന്ന് അമ്മ പറയാറുള്ള വെണ്ണ മാറ്റി വെച്ച്, ബാക്കി നല്ല മോരാക്കി അതിലൊന്നോ രണ്ടോ കുപ്പി പീടികേല് കൊടുക്കൽ പതിവുണ്ട്.
അധികവും അച്ഛനാണ് മോരും കൊണ്ട് പോവാറ്. കുപ്പിയെടുക്കാൻ വൈകിട്ട് ഞാനോ ഏട്ടിയോ പോകും. പതിവ് പോലെ ഒരു നാൾ മോരിന്റെ കുപ്പിയെടുക്കാൻ അപ്പുട്ടേട്ടന്റെ പീടികേൽ പോയപ്പോൾ അപ്പുട്ടേട്ടന്റെ മരുമോനായ മനുവേട്ടനായിരുന്നു കച്ചോടക്കാരൻ.
കുപ്പിയെടുത്ത് തിരിച്ചു വരാൻ തുടങ്ങിയപ്പോൾ മോരിന്റെ പൈസ രാവിലെ മേടിച്ചിനോന്ന് ചോദിച്ചപ്പോൾ എവിടുന്നൊക്കെയോ ധൈര്യം സംഭരിച്ച്, എന്നെ നോക്കി ചിരിക്കുന്ന മുട്ട ട്രേകളിൽ ഭംഗിയായി നിരന്നിരിക്കുന്ന മുട്ടകളിൽ കണ്ണെറിഞ്ഞ് ഞാൻ പറഞ്ഞു “ഇല്ല, ആ ഒരുറുപ്യക്ക് മുട്ട വാങ്ങാൻ അമ്മ പറഞ്ഞിനീന്ന്.”
അത് കളവായിരുന്നു. കുപ്പിയെടുക്കാൻ വരുമ്പോ തന്നെ അമ്മ പറഞ്ഞിനെന്നോട് പൈസ അച്ഛൻ വാങ്ങീനി, നീ കുപ്പിയെടുത്ത് വന്നാ മതീന്ന്.
ട്രേയിൽ നിരന്നിരുന്ന മുട്ടകളിൽ നിന്ന് ഒന്നെടുത്ത് കടലാസിൽ ചുറ്റി നൂലോണ്ട് കെട്ടി, കൂടെ കുപ്പിയുമെടുത്ത് കയ്യിൽ തന്നപ്പോഴൊന്നും ഞാനീ ലോകത്തേ ആയിരുന്നില്ല. വലുതായാൽ, ഞാൻ തിന്നാനാഗ്രഹിച്ച മുട്ട ദോശ ഇതാ മറ്റാർക്കും വീതിക്കാതെ എനിക്ക് ഒറ്റക്ക് തിന്നാനുള്ള സമയമിതാ മേൽപ്പറഞ്ഞ ദൈവങ്ങളെല്ലാം ചേർന്ന് എനിക്ക് തന്നിരിക്കുന്നു. പീടികേന്ന് വീട്ടിലേക്കെത്തുന്ന കെള കഴിയുന്നവരെ ഞാൻ സ്വപ്ന ലോകത്ത്, തമ്പാച്ചിമാരാൽ അനുഗ്രഹിക്കപ്പെട്ട രാജകുമാരൻ തന്നെയായിരുന്നു.

വീടിന്റെ കടേക്ക എത്തിയപ്പോൾ മുതൽ അടിമുടി വെറക്കാൻ തുടങ്ങി. സംഗതി തമ്പാച്ചിയനുഗ്രഹിച്ചതൊക്കെയാണെങ്കിലും ഇതിപ്പോ വീട്ടിലെങ്ങിനെ പറയും? മോരിന്റെ പൈസക്ക് വാങ്ങിയതെന്ന് പറഞ്ഞാൽ അത് രാവിലെന്നെ വാങ്ങീന് വേം ആടെന്നെ തിരിച്ച് കൊണ്ട് കൊട്ക്കൂന്ന് അമ്മ എന്തായാലും പറയും. തട്ടിപ്പാക്കീറ്റ് മേടിച്ചതൂന്ന് പറഞ്ഞാൽ അച്ഛന്റെ കൈക്കോട്ടു പിടിച്ച, കൈക്കോട്ടിന്റെ പിടിയേക്കാൾ ഉറപ്പുള്ള കൈ എന്റെ മേക്ക് പതിയും.. ഒന്നൊന്നുമായിരിക്കില്ലത്. ഈർക്കില് രണ്ടെണ്ണം പിരിച്ചും കിട്ടും കാലിനെല്ലാം… ഒടുവിൽ ആ കുഞ്ഞു മനസ്സിൽ തമ്പാച്ചിമാർ തന്നെ കെണി പറഞ്ഞുതന്നു. മുട്ട മേലുള്ള ചണക്കയറും പത്ര കടലാസും അഴിച്ചെറിഞ്ഞിട്ട് സന്തോഷത്തോടെ അമ്മയ്ക്കരികിലേക്കോടിയെത്തി കുപ്പിയും മുട്ടയും നീട്ടി. മടിയിലെ ബീഡി മുറം താഴെ വെച്ച്, ഞാലീലേക്ക് വന്ന് ഏട്ന്ന് മുട്ട എന്ന് അമ്മ ചോദിക്കുമ്പോഴേക്കും ഞാൻ കേറി പറഞ്ഞു, ഈ മുട്ട നമ്മുടെ കുറുക്കൂട്ടി മരത്തിന്റെ താഴേന്ന് ഇപ്പം കിട്ടിയതെന്ന്. വേഗം എനക്ക് മുട്ട ദോശ ആക്കി താന്നും ആർക്കും കൊടുക്കൂലാന്നും പുത്തൻപണക്കാരന്റെ സന്തോഷത്തിൽ ഞാൻ പറഞ്ഞതൊന്നും അമ്മ കേട്ടോന്ന് എനിക്കറിയില്ല. ഒരു നിമിഷം അമ്മ കുറുക്കൂട്ടീടങ്ങോട്ട് നോക്കീട്ട്, അതിനു ചുറ്റുമുള്ള പുറ്റുകളെ ഭയത്തോടെ നോക്കീട്ട് എന്റെ കയ്യിലെ മുട്ടവാങ്ങിയതും നീട്ടി ആ പുറ്റിനടുത്തോട്ട് എറിഞ്ഞതുമെല്ലാം എന്റെയച്ചൻ വടക്കേം വാതുക്കൽ ഒറ്റക്കോലത്തിന് മേലേരി കൊണ്ടതിന് ശേഷം രയരത്തോച്ചിയുടെ നടേലേക്കോടുന്നതിനേക്കാൾ വേഗത്തിലായിരുന്നു. ഇന്നലെ വൈന്നേരം കുറുക്കൂട്ടീടടുത്തൂന്ന് ഒരു ഉക്കൻ പാമ്പ് ഇഴഞ്ഞു പോന്നുണ്ടായിനീന്നും, പാമ്പിന്റുപ്പിളി ഉണ്ടാടയെന്നും പുറ്റിൽ പാമ്പിൻ മുട്ടകളുണ്ടെന്നും ഇതും അതിലൊന്നായിരിക്കുമെന്നും പറഞ്ഞതും അകത്തേക്ക് പോയി ഉപ്പും മറ്റും വാരി വന്ന് എന്റെ തലേലേക്കൂടെ ഉഴിഞ്ഞ് അടുപ്പിലിട്ട് പൊട്ടിച്ച് എന്റെ കുഞ്ഞി അറിയാണ്ട് ചെയ്തതെന്നും, പാമ്പിൻ പകയിൽ നിന്ന് എന്റെ കുഞ്ഞീനെ കാക്കണംന്നും നാഗത്തിൽ എളനീരും പാലും കൊടുക്കാംന്നും അമ്മ വെപ്രാളപ്പെട്ട് പറഞ്ഞതുമൊന്നും തമ്പാച്ചിമാർ കേട്ടോന്നും ഇപ്പഴുമറിയില്ല. ഒന്നുറപ്പാണ് അന്ന് രാത്രി എനിക്ക് നല്ല വെറയലും പനിയും… ബീഡിയിലയുടെയും പുകയിലയുടെയും മണമുള്ള എന്റമ്മയുടെ മേൽ പറ്റിച്ചേർന്ന് കിടന്നുറങ്ങുമ്പോഴും എന്റുള്ളിൽ ഒരു പാത്രം നിറയെ മുട്ട ദോശകൾ തന്നെയായിരുന്നു.

Related posts

Leave a Comment