സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടികൊണ്ടുള്ള യാത്ര വിലക്കി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട ചൂടികൊണ്ടുള്ള യാത്ര വിലക്കി ഗതാഗത കമ്മീഷണർ. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത്. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തുണ്ടായ അപകടങ്ങളിൽ 14 പേർ മരിച്ചിരുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച്‌ യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമാണ്. കുട പിടിച്ച്‌ നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാൽ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്, കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്‌ട് പ്രവചനാതീതമാണ്. വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്.

ഉദാഹരണത്തിന് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കി.മീറ്ററും കാറ്റിന്റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കിൽ അത് കുടയിൽ ചെലുത്തുന്നത് മണിക്കൂറിൽ 70 കി.മീ വേഗതയിലായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച്‌ ഇത് സൃഷ്ടിക്കുന്ന മർദ്ദവും കൂടും. ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാൻ അത് ധാരാളം മതിയാകുമെന്ന് ഉത്തരവിൽ പറയുന്നു.

Related posts

Leave a Comment