ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണ് : വി.ഡി. സതീശൻ

കൊച്ചി : ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ധന, പാചകവാതക വില വർധനവിനെതിരെ എറണാകുളം ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാട് കാളവണ്ടി യുഗത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കാളവണ്ടിയിലും സൈക്കിൾ റിക്ഷയിലും യാത്ര ചെയ്ത് പ്രവർത്തകർ പ്രതിഷേധ റാലിയിൽ പങ്കാളികളായി.അന്താരാഷ്ട്ര വിപണയിൽ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്തെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല.എക്സൈസ് ഡ്യൂട്ടി കുത്തനെ കൂട്ടി സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും സംസ്ഥാന സർക്കാർ നികുതിയിൽ നിന്നും 25% മാറ്റി വെച്ച് ജനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

സാമ്പത്തിക മേഖല തകരുമ്പോൾ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇന്ധന വിലയുടെ പേരിൽ യു.പി.എ സർക്കാറിനെ വിമർശിച്ചവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.എം.എൽ.എമാരായ ടി.ജെ.വിനോദ്, റോജി.എം.ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിളളി കെ.പി.സി.സി ,ഡി സി സി ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സമാപനം സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക്ക് പ്രസൻ്റേഷൻ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment