മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ അറസ്റ്റിൽ

കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ അറസ്റ്റിലായി. സിപിഎം തൊടിയൂർ സൈക്കിൾമുക്ക് ബ്രാഞ്ച് സെക്രട്ടറിയും തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കരുനാഗപ്പള്ളി എരിയ സെക്രട്ടറിയുമായ പ്രാദേശിക സിപിഎം നേതാവ് സജീവിന്റെ മകൻ തൊടിയൂർ വടക്ക് കുറ്റിയിൽ വീട്ടിൽ സുഫിയാനെ(21)യും സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സുഫിയാൻ കോളേജ് വിദ്യാർത്ഥിയാണ്.

ആലുംകടവിലെ സ്വകാര്യ റിസോർട്ടിന് സമീപത്തുള്ള ബോട്ട് ജട്ടിക്ക് സമീപത്തു നിന്നുമാണ് എം.ഡി.എം.എയും, ഹാഷിഷ് ഓയിലും ഉൾപ്പെടെ വിവിധയിനം മയക്കുമരുന്നുകളുമായി നാല് പേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതിൽ തൻവീർ(21), കിളികൊല്ലൂർ പ്രിയദർശിനി നഗർ പനയിൽ അഭിലാഷ്(27), തെക്കുംഭാഗം ഞാറമൂട് കർമ്മലിഭവനിൽ ഡോൺ(21)എന്നിവരാണ് സുഫിയാനൊപ്പം പിടിയിലായത്. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് പിടിമുറുക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് നിരാക്ഷണം.

ബംഗളൂരു, എറണാകുളം, ചെന്നൈ എന്നവിടങ്ങളിലെ മൊത്തക്കച്ചവടക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം നൽകി സ്ത്രീകളെ ഉപയോഗിച്ചാണ് മയക്കുമരുന്നുകൾ കൊല്ലത്ത് എത്തിക്കുന്നത്. തുടർന്ന് പ്രതികൾ ആവശ്യക്കാർക്കായി വിതരണം നടത്തുന്നതായിരുന്നു രീതി. ഇതിനായി പ്രത്യേക വാട്ട്സാപ്പ് ടെലഗ്രാം ഗ്രൂപ്പുകൾ തന്നെ സജ്ജമാക്കിയിരുന്നു. ഇതുവഴി ആവശ്യക്കാർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകും. കരുനാഗപ്പള്ളിയിലെ കോളേജുകളിലും സ്‌ക്കൂളുകളിലും നിരവധിപേർ ഇവരുടെ ഇടപാടുകാരായിട്ടുണ്ടെന്നാണ് പൊലീസ് മനസ്സിലാക്കിയിരിക്കുന്നത്. പ്രതികളെ പിടികൂടുമ്ബോൾ 5.5 ഗ്രാം എം.ഡി.എം.എ, 105 ഗ്രാം ഹാഷിഷ് ഓയിൽ, ബട്ടൺ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി ഗുളികൾ എന്നിവ പൊലീസ് കണ്ടെടുത്തു.

കൊല്ലം സിറ്റി ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണർ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്‌ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ജയശങ്കർ, വിനോദ്, ഓമനക്കുട്ടൻ, സിദ്ദിഖ്, എഎസ്‌ഐമാരായ ഷാജിമോൻ, നന്ദകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ രാജീവ്, ശ്രീകാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 20,000 രൂപവരെയാണ് ഈടാക്കുന്നത്.

Related posts

Leave a Comment