കെഎസ്ആർടിസിയെ രക്ഷിക്കാത്ത സർക്കാരാണ് സിൽവർ ലൈൻ കൊണ്ടു വരുന്നത്: വി ഡി സതീശൻ

കോഴിക്കോട്: പാവപ്പെട്ടവർക്ക് ആശ്രയമായ പൊതുഗതാഗതസംവിധാനം സംരക്ഷിക്കാതെ വരേണ്യവർഗത്തിനായി സിൽവർ ലൈൻ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ശമ്പളവും പെൻഷനുമില്ലാതെ കെ എസ് ആർ ടി സി അടച്ചുപൂട്ടാൻ ഒരുങ്ങുമ്പോഴാണ് രണ്ട് ലക്ഷം കോടി വിനിയോഗിച്ച് സിൽവർ ലൈൻ കൊണ്ടു വരാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കെഎസ്ആർടിയിൽ ഓരോ ദിവസവും ഷെഡ്യൂളുകൾ റദ്ദാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രനുമതിയോ ഡി പി ആറോ സർവേയോ നടത്താതെയുള്ള പദ്ധതിയാണിത്.സിൽവർ ലൈനെ കുറിച്ച് സി പി എം നേതാക്കളെ പോലും ബോധ്യപ്പെടുത്താൻ പാർട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി കേരളത്തിന് അനിയോജ്യമല്ലെന്ന യു ഡി എഫ് നിലപാടാണ് മെട്രോമാൻ ഇ ശ്രീധരനും ശരിവെച്ചത്. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുള്ളതിനാലാണ് ധൃതിപിടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ജനദ്രോഹകരമായ പദ്ധതിക്കെതിരെ യു ഡി എഫ് സമരം ശക്തമാക്കുമെന്നും സർക്കാരിന്റെ തുടർനടപടികളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനെതിരെയുള്ള നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തത് പാർട്ടി പരിശോധിക്കും.ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സർവ്വകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള യു ഡി എഫ് ആരോപണം ശരിവെയ്ക്കുന്ന പരാമർശമാണ് സി പി ഐയും നടത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

Related posts

Leave a Comment