സംഘപരിവാർ ഇന്ത്യയെ പാക്കിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നു : കെ .സുധാകരൻ

ഹിജാബ് വിഷയത്തിൽ സംഘപരിവാറിനെ ശക്തമായി വിമർശിച്ച് കെ.സുധാകരൻ .സംഘപരിവാർ ഇന്ത്യയെ പാക്കിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും ഹിജാബ് വിഷയത്തിലെ സംഘർഷം രാജ്യത്തിന് അപമാനമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു .

ഫേസ്ബുക് കുറിപ്പ് വായിക്കാം

ഇന്ത്യയെ പാകിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി അധ:പതിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്.കർണാടകയിലെ ” ഹിജാബ് ” വിഷയത്തിലെ സംഘർഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്ത്രധാരണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടർത്താൻ ആർഎസ്എസ് ശ്രമിക്കുകയാണ്. സ്കൂൾ യൂണിഫോമിനൊപ്പം മതവിശ്വാസത്തിൻ്റെ ഭാഗമായ ‘ഹിജാബ്’ (ശിരോവസ്ത്രം) ധരിക്കരുതെന്ന് പറയാൻ ഈ രാജ്യവും രാജ്യത്തിൻ്റെ ഭരണ ഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ല.

“നാനാത്വത്തിൽ ഏകത്വം” എന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്കാരങ്ങളെ, ചിന്തകളെ, മതങ്ങളെ ,ജാതികളെ ഒരു മാലയിലെ മുത്തുകൾ പോലെ കൊരുത്തെടുത്ത് കോൺഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്ടിച്ചത്. ജാതിമത ചിന്തകൾക്കതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ശ്രമിച്ചത്.

വെറും ഒരു പതിറ്റാണ്ട് കൊണ്ട് ഭക്ഷണത്തിൻ്റെയും വസ്ത്രത്തിൻ്റെയും പേരിൽ തെരുവുകളെ സംഘർഷഭരിതമാക്കുന്ന, മതവെറി തലച്ചോറിൽ പേറുന്ന വലിയൊരു വിഭാഗം തീവ്രവാദികളെ ബിജെപി ഭരണകൂടം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നു. “ജയ് ശ്രീറാം ” എന്നും “അള്ളാഹു അക്ബർ ” എന്നുമുള്ള മന്ത്രധ്വനികളെ പോർവിളികളാക്കി മാറ്റി ഈ മണ്ണിൻ്റെ മക്കൾ നേർക്കുനേർ വരുമ്പോൾ മുറിവേൽക്കുന്നത് ഭാരതത്തിൻ്റെ ഹൃദയത്തിനാണ്. ഇങ്ങനൊരിന്ത്യയ്ക്ക് വേണ്ടിയല്ല ഗാന്ധിജിയും പട്ടേലും നെഹ്റുവും ആസാദും നേതാജിയും അടക്കം മഹാരഥൻമാരായ നേതാക്കൾ ജീവനും ജീവിതവും കൊണ്ട് പോരാടിയത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉള്ളിടത്തോളം കാലം ഈ രാജ്യത്ത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടും. മതകലാപങ്ങൾ സൃഷ്ടിച്ച് അധികാരം നിലനിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ എന്തു വില കൊടുത്തും ഞങ്ങൾ തടഞ്ഞിരിക്കും

Related posts

Leave a Comment