മഴ തുടരും ; തുലാവർഷ സീസണിൽ ഏട്ടാമത്തെ ന്യൂന മർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പ് നില നിൽക്കെ മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. തുലാവർഷ സീസണിൽ( 47 ദിവസത്തിൽ ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂന മർദ്ദമാണിത്. ന്യൂനമർദം നിലവിൽ കേരള തീരത്ത് നിന്നും അകന്നു പോകുന്നതിനാൽ സംസ്ഥാനത്തിന് കൂടുതൽ ഭീഷണിയാവില്ലെന്നാണ് വിലയിരുത്തൽ.

കർണാടകയ്ക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നത്. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.അതിനിടെ, വടക്കു ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദ്ദം ആകാൻ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ് വടക്കു തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്.

അതേസമയം, ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കേരള ലക്ഷദ്വീപ് തീരത്ത് നവംബർ 16 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 17 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment