മോദി ഭരണത്തില്‍ വളര്‍ന്ന വിഷവൃക്ഷം; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റോക്കറ്റ് വേഗതയില്‍ വളര്‍ന്ന അനേകം കോര്‍പ്പറേറ്റ് വ്യവസായികളില്‍ പ്രമുഖനാണ് ബാബ രാംദേവ്. യോഗ ഗുരുവെന്ന് സ്വയം അവകാശപ്പെട്ട് ആയുര്‍വേദ മരുന്നുകളും പേക്ക് ചെയ്ത ഭക്ഷണ സാധനങ്ങളും സൗന്ദര്യലേപനങ്ങളും അടക്കം അഞ്ഞൂറിലധികം വസ്തുക്കള്‍ നിര്‍മിക്കാനുള്ള ലൈസന്‍സുകളും അംഗീകാരവും നേടിയെടുത്ത ബാബ രാംദേവിനെ നമുക്ക് പരിചയമുണ്ട്. അണ്ണാഹസാരയുടെ ലോക്പാല്‍ സമരക്കാലത്ത് ജന്തര്‍മന്ദിര്‍ പരിസരത്തെ സമരപന്തലില്‍ പൊലീസ് നടപടികളുണ്ടായപ്പോള്‍ സ്ത്രീകളുടെ വസ്ത്രം ധരിച്ചു രക്ഷപ്പെട്ട ഭീരുവാണ് രാംദേവ്. തന്റെ ഉല്‍പന്നങ്ങളുടെ പ്രചരണത്തിനായി അനേകം കോടി രൂപയാണ് പരസ്യ ഇനത്തില്‍ രാംദേവ് ചിലവഴിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ഹരിയാന സര്‍ക്കാരിന്റെയും സഹായത്തോടെ വളര്‍ന്നു പന്തലിച്ചതാണ് രാംദേവിന്റെ വിഷവൃക്ഷ സാമ്രാജ്യം. പതഞ്ജലി യോഗയുടെ മറവിലാണ് രാംദേവ് തന്റെ മരുന്ന്‌വ്യവസായവും മറ്റു വസ്തുക്കളുടെ നിര്‍മാണവും യാതൊരു നിയമ തടസ്സവും കൂടാതെ വളര്‍ത്തിയെടുത്തത്. നിയമവിരുദ്ധവും അനധികൃത മാര്‍ഗത്തിലൂടെയും രാംദേവും അദ്ദേഹത്തിന്റെ വ്യവസായ ശൃംഖലയും കണ്ണുചിമ്മി തുറക്കുന്ന വേഗതയില്‍ വളര്‍ന്നപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ സിബിഐക്കോ യാതൊരു സംശയങ്ങളോ അതിന്റെ പേരിലുള്ള റെയ്‌ഡോ ഉണ്ടായില്ല. കോവിഡ് മഹാമാരിക്കാലത്ത് അലോപ്പതി ചികിത്സയെക്കുറിച്ചും അലോപ്പതി മരുന്നിനെ സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങളില്‍ ആശയകുഴപ്പവും തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ ഹൈക്കോടതി ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരോ ഹരിയാന സര്‍ക്കാരോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന രാംദേവിന്റയും അയാളുടെ ബിസിനസ്സിന്റെയും പശ്ചാത്തലം സമ്പൂര്‍ണ വ്യാജമാണ്; നിങ്ങള്‍ പിന്തുടരുന്നത് എല്ലാം സുഖപ്പെടുത്തുമെന്ന് എന്താണുറപ്പ് എന്ന ചോദ്യവുമായാണ് രാംദേവിന്റെ അലോപ്പതിക്കെതിരെയുള്ള പ്രചരണം ആരംഭിക്കുന്നത്. യോഗയുടെ മറവില്‍ തന്റെ വ്യവസായ ആശ്രമം കെട്ടിപ്പടുത്ത രാംദേവിന് വെള്ളവു വളവും നല്‍കിയത് സംഘപരിവാരിവാറും അവരുടെ ഭരണകൂടവുമായിരുന്നു. ആശ്രമം ഏറെ കഴിയുന്നതിന് മുമ്പ് വ്യവസായ കേന്ദ്രമായി തീരുന്നതും അത് പതിനായിരം കോടി രൂപയുടെ വിറ്റവരവുള്ള സ്ഥാപനമായി മാറുന്നതുമാണ് പിന്നീട് കണ്ടത്. നൂറുകണക്കിന് പാവങ്ങളെയും ദരിദ്ര കര്‍ഷകരുടെയും സര്‍ക്കാരിനെ ഉപയോഗിച്ചു പിടിച്ചെടുത്ത രാദേവ് ഭൂമി നല്‍കിയാല്‍ പതജ്ഞലിയുടെ പേരില്‍ ഹരിയാനയില്‍ ഒരു സര്‍വകലാശാല തുടങ്ങുമെന്നും ഭൂമി നല്‍കിയവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പതജ്ഞലിയില്‍ ജോലിയും നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാല്‍ സര്‍വകലാശാലയും നഷ്ടപരിഹാരവും ജോലിയും നല്‍കാതെ ഗ്രാമീണരെ രാംദേവ് വഞ്ചിക്കുകയായിരുന്നു. ജോലി നല്‍കിയ അപൂര്‍വം ചിലരെ കാരണമില്ലാതെ പിരിച്ചുവിടുകയായിരുന്നു. 1987-ല്‍ തന്റെ സ്‌കൂള്‍ പുസ്തകങ്ങള്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞു ആര്യസമാജത്തില്‍ ചേര്‍ന്നു യോഗാഭ്യാസം പഠിക്കുകയായിരുന്നു. പതജ്ഞലിയും വ്യവസായവും നട്ടുവളര്‍ത്തുന്നതില്‍ രാംദേവിന്റെ സഹായിയായി പ്രവര്‍ത്തിച്ചയാളാണ് ബാലകൃഷ്ണ. തെഹല്‍ക്ക മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം രാംദേവ് പ്രസിഡന്റും ബാലകൃഷ്ണ ജനറല്‍ സെക്രട്ടറിയുമായ ട്രസ്റ്റായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സന്യാസിനി കമല, വ്യവസായി ജീവരാജ് ഭായ് പട്ടേല്‍ തുടങ്ങിയവരും ട്രസ്റ്റി അംഗങ്ങളായിരുന്നു. രാംദേവിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടു സന്യാസിനി കമല ട്രസ്റ്റില്‍ നിന്നും വിട്ടുപോയി. കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരിയുടെ ഇടയില്‍ രണ്ടു കേന്ദ്രമന്ത്രിമാരെ തന്റെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി ‘കൊറോണില്‍’ എന്ന മരുന്ന് പുറത്തിറക്കി. ഇതിനെതിരെ വിവിധ മെഡിക്കല്‍ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ രാംദേവ് പിന്നോട്ടടിച്ചു. രാംദേവിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരെയും അത് നിരീക്ഷിക്കുന്നവരെയും അദ്ദേഹത്തിന്റെ കിങ്കരന്‍മാര്‍ വകവരുത്തി. രാംദേവിനു ബന്ധമുള്ള നിരവധി പേര്‍ സംശയകരമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറേപ്പേര്‍ വാഹന അപകടങ്ങളിലും മരിച്ചു. യോഗയുടെ മറവികള്‍ കോടികള്‍ കൊയ്‌തെടുത്ത ഈ ക്രിമിനലിനെ തേടി ഒരിക്കലെങ്കിലും ഇഡിയ്ക്ക് ആശ്രമം പരിശോധിച്ചുകൂടെ ?

Related posts

Leave a Comment