കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്നു


ത്തര്‍പ്രദേശിലെ ലഖിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി നാലുപേരെ നിര്‍ദ്ദയം കൊന്ന ബി ജെ പി നേതാക്കളുടെ നടപടി മൃഗീയമാണ്. മാസങ്ങളായി ഉത്തരേന്ത്യയിലെ കര്‍ഷകര്‍ തീവ്രമായ സമര പരിപാടികളുമായി തെരുവിലാണ്. സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി അവരുടെ ഇച്ഛാശക്തി തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പലഘട്ടങ്ങളിലും പൊലീസിനെയും ബി ജെ പി ഗുണ്ടാസംഘങ്ങളെയും സമരവേദികളിലിറക്കി അക്രമം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി അരുംകൊല നടത്തിയത്. രണ്ടുദിവസം മുന്‍പ് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര കര്‍ഷകരെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. രണ്ട് മിനുട്ടുകൊണ്ട് കര്‍ഷകരെ വരച്ച വരയില്‍ നിര്‍ത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. അത് സ്വന്തം മകന്‍തന്നെ ഏറ്റെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ രാഹുല്‍ഗാന്ധിക്ക് പൊലീസ് അനുമതി നല്‍കിയിട്ടില്ല. വൈകീട്ടും ചര്‍ച്ച തുടരുകയാണ്. പ്രിയങ്കഗാന്ധിയെ ലഖിപൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളെയും യു പി സര്‍ക്കാര്‍ തടയുകയാണ്. ഇന്നലെ വൈകീട്ടുവരെ അവര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയിട്ടില്ല. സംഘര്‍ഷത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രി മിശ്ര രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയുണ്ടായി. കര്‍ഷകരോഷം തണുപ്പിക്കാന്‍ സര്‍ക്കാര്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെ തങ്ങളുടെ നാല് സഹപ്രവര്‍ത്തകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ രോഷാകുലരായ സമരക്കാരുടെ തിരിച്ചടിയില്‍ അക്രമികളുടെ ഭാഗത്തെ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.
കര്‍ഷക സമരം രൂക്ഷമാകുമെന്ന് ഭയപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും ഇത് ധനസഹായം പോലെ സമരക്കാരുടെ വീര്യം ചോര്‍ത്താനുള്ള നടപടിയാണ്. തടഞ്ഞുവെച്ച ലഖിപൂരിലെ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് തൂത്തുവാരി പ്രിയങ്ക പ്രതിഷേധം പ്രകടിപ്പിച്ചു. പൊലീസിനെതിരെയുള്ള പ്രിയങ്കയുടെ പ്രതികരണം അതീവ രൂക്ഷമായിരുന്നു. ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു അവരുടെ രോഷപ്രകടനം. വാറന്റില്ലാതെ തന്നെ തടഞ്ഞുവെയ്ക്കാന്‍ അധികാരമില്ലെന്ന് അവര്‍ വാദിച്ചു. ഇത് കര്‍ഷകരുടെ രാജ്യമാണെന്നും അവരെ കാണാനും ആശ്വസിപ്പിക്കാനും ആരുടെയും അനുമതി വേണ്ടെന്നും അവര്‍ പറഞ്ഞു. പ്രിയങ്കയുടെ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും സഹോദരന്‍ രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. പ്രിയങ്കയെ കൂടാതെ ചന്ദ്രശേഖര്‍ ആസാദും അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് തടയാന്‍ ലക്‌നൗ വിമാനത്താവളത്തില്‍ വിമാനം ഇറക്കുന്നത് തടഞ്ഞിരിക്കയാണ്. ലഖിപൂരിലും പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗം പൂര്‍ണമായും നിരോധിച്ചിരിക്കയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായിട്ടില്ല. മകനല്ല വണ്ടിയോടിച്ചതെന്നും അവന്‍ സ്ഥലത്തില്ലായിരുന്നുവെന്നും കര്‍ഷകര്‍ കല്ലെറിഞ്ഞതുകാരണമാണ് വാഹനം മറിഞ്ഞ് നാലുപേര്‍ കൊല്ലപ്പെട്ടതെന്നുമാണ് കേന്ദ്രമന്ത്രിയുടെ വാദം. ഇത് പച്ചക്കള്ളമാണ്. പൊലീസ്‌പോലും ഇത് വിശ്വസിക്കുന്നില്ല. ലഖിപൂരിലെ സംഘര്‍ഷങ്ങളും മരണങ്ങളും ഡല്‍ഹി അതിര്‍ത്തിയിലെ പ്രധാന സമരകേന്ദ്രത്തില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷക സമരം നീണ്ടുപോകുന്നതില്‍ ബി ജെ പി ആശങ്കയിലാണ്. എട്ടുപേര്‍ മരിച്ച ലഖിപൂര്‍ സംഭവം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തുന്ന മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രാതിനിധ്യമുള്ള കര്‍ഷക സമരസമിതിക്കെതിരെ ബദല്‍ സമരം സംഘടിപ്പിക്കാനുള്ള നീക്കത്തെ ലഖിപൂരിലെ കര്‍ഷകര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണം. കേന്ദ്രമന്ത്രി മിശ്രയുടെയും യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് ആര്യയുമായിരുന്നു ബദല്‍ സമരത്തിന്റെ സംഘാടകര്‍. ഈ ശ്രമം കര്‍ഷകരുടെ ചെറുത്തുനില്‍പ്പ് കാരണം പൊളിയുകയായിരുന്നു. മന്ത്രിമാര്‍ക്ക് സ്ഥലത്ത് എത്താന്‍ സാധിക്കാത്തതിലുള്ള രോഷമാണ് കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടിയോടിച്ചു കയറ്റാന്‍ മന്ത്രിപുത്രനെയും മറ്റ് ബി ജെ പി നേതാക്കളെയും പ്രേരിപ്പിച്ചത്. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും കര്‍ഷകരുടെ സഹനസമരത്തെ തകര്‍ക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ല. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

Related posts

Leave a Comment