പലായനത്തിൻ്റെ നോവുകൾ- വർഗ്ഗീസ് നർക്കിലക്കാട് ; ചെറുകഥ വായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം
വർഗ്ഗീസ് നർക്കിലക്കാട് , എഴുത്തുകാരൻ, അദ്ധ്യാപകൻ

പലായനത്തിൻ്റെ നോവുകൾ

ഓഫീസിലെ ലാപ്ടോപ്പ് ഷഡ് ഡൗൺ ചെയ്യുമ്പോൾ ഹസ്സീന ഹുറൈസിയുടെ മുഖത്തുനിന്നുൽഭവിച്ച കണ്ണീർപുഴ ലാപ്പിൻ്റെ സ്ക്രീനിലൂടെ ഒഴുകി. ബാപ്പ എപ്പോഴും പറയാറുണ്ടായിരുന്നു, ‘ഉമ്മയുടെ വലിയ ആഗ്രഹമായിരുന്നു നിന്നെ ഒരു കമ്പ്യൂട്ടർ എൻജീനിയർ ആക്കണമെന്ന് ,പിന്നെ അത് ഹസ്സീനയുടെ മോഹമായി വളർന്നു. ഇഷ്ടപ്പെട്ട ജോലി കിട്ടിയപ്പോൾ എന്തു സന്തോഷമായിരുന്നു. നാളെ മുതൽ ഈ ഓഫീസും തനിക്ക് അന്യമാകുന്നു…. റോഡിലൂടെ ഭയന്നോടുന്ന ജനക്കൂട്ടത്തിൻ്റെ ഭാഗമായി ഹസ്സീന മാറിയപ്പോൾ ജീവനോടെ വീട്ടിൽ തിരിച്ചെത്താനാവുമോ എന്നു പോലും അവൾ ഭയപ്പെട്ടു. തൻ്റെ ബാപ്പ ഹുറൈസി മെഹബൂബും കുടുംബവും ഇറാനിൽ നിന്നും ഈ നാട്ടിലേക്ക് കുടിയേറിയ നിമിഷത്തെ അവൾ ശപിച്ചു.
” മോളെ എത്രയും പെട്ടന്ന് നമുക്ക് കാബൂൾ വിമാനത്താവളത്തിൽ എത്തണം, ഇനി ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അപകടം നിറഞ്ഞതാണ് ” ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ ബാപ്പ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബാപ്പയുടെ കണ്ണുകളിലെ ഭീതി അവൾ വായിച്ചറിഞ്ഞു.
” വീട്ടിൽ നിന്നും എൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുകളും കുറച്ച് ഡ്രെസ്സും എടുത്താൽ ഉടനെ പോകാം”
അവർ വീട്ടിലേക്കുള്ള വഴിയിലൂടെ ഓടു കയായിരുന്നു.
” ബാപ്പ ,നമ്മുടെ വീടല്ലേ അത് ” കത്തിയെരിയുന്ന ആ തെരുവിൻ്റെ അറ്റത്തായി ഒരു അഗ്നിഗോളം നോക്കി അവൾ അലറിക്കരഞ്ഞു.
ഇരുപതു വർഷങ്ങളായി അവരുടെ ജീവിതത്തിലെ സുഖദുഃഖങ്ങളുടെ ഭാഗമായ സ്വർഗ്ഗഭൂമി ,ഒരാപത്തു വന്നാൽ പെട്ടന്ന് വിമാനത്താവളത്തിൽ എത്തി രക്ഷപെടണം എന്ന ലക്ഷ്യത്തോടെ അതിനടുത്തായി വാങ്ങിയ വീട് …..
” മോളെ അവർ ഇവിടെയും എത്തിക്കഴിഞ്ഞു. ഇനി വിമാനത്താവളവും കൂടി അവർ കൈയടക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് രക്ഷപ്പെടാൻ ആയെന്നു വരില്ല ” ഹസ്സീനയുടെ കൈ പിടിച്ച് വിമാനത്താവളം ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ അയാൾ മകളോട് ആ പഴയ സംഭവം വിവരിച്ചു.
” ഇരുപതു വർഷങ്ങൾക്ക് മുൻപ് ഹെരാത്തിൽ നിന്ന് ഞങ്ങൾ കാബൂളിലേക്ക് വരുമ്പോഴായിരുന്നു ഉമ്മയെ അവർ തെരുവിൽ വെച്ച് പിച്ചിച്ചീന്തിയത്. എട്ടു വയസ്സുകാരി നിൻ്റെ ചേച്ചി സെറീന ഹുറൈസിയെ അവർ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊണ്ടു പോയതും എനിയ്ക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. അന്ന് രണ്ടു വയസ്സ് മാത്രം പ്രായമുള്ള നീ എൻ്റെ തോളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു . ശബ്ദിക്കുന്ന അവരുടെ തോക്കുകൾക്ക് മുന്നിൽ തെരുവും നിശബ്ദമായി. സെറീനയുടെ ദൈന്യതയോടെയുള്ള നോട്ടം ഇപ്പോഴും എൻ്റെ കൺമുൻപിലുണ്ട്. ബാപ്പയുടെ കണ്ണുകളിൽ നിന്നും ഉറ്റു വീണ കണ്ണുനീർ അവളുടെ കൈതലം നനച്ചു .
“ഇരുപതു വയസ്സുവരെ ഞാൻ നിന്നെ സംരക്ഷിച്ചു. ഇനി അതിനു കഴിഞ്ഞൊന്നു വരില്ല. ” ബാപ്പയിതു പറയുമ്പോൾ സ്വരം ഇടറിയിരുന്നു.തെരുവിൽ അമ്മമാർ പെൺകുട്ടികളെ തങ്ങളുടെ കരവലയത്തിൽ ഒളിപ്പിച്ച് വിമാനത്താവളം ലക്ഷ്യമാക്കി ഓടുകയായിരുന്നു . സ്ത്രീയായി ജനിച്ചതാണോ തങ്ങൾ ചെയ്ത തെറ്റ് എന്ന ചോദ്യം അവരെല്ലാം ചോദിക്കുന്നതായി അവൾക്ക് തോന്നി. ഹസ്സീനയുടെ കൈയ്യിൽ ബലമായി പിടിച്ച് ഹുറൈസി മെഹബൂബ് മുന്നോട്ട് നീങ്ങുമ്പോൾ അവൾ ഒരു രണ്ടു വയസ്സുകാരിയെ പോലെ ബാപ്പയോട് ചേർന്നു നടന്നു. തോക്കുകളുമായി വാഹനത്തിൽ റോന്തുചുറ്റുന്നവരെ കണ്ടപ്പോൾ പേടിയോടെ അവൾ ബാപ്പയോട് പറ്റിച്ചേർന്നു നിന്നു. വിമാനത്താവളത്തിലേക്ക് അവർ കയറുമ്പോൾ, കവാടത്തിൽ ഉള്ളിലേക്ക് കയറാനാവാതെ നിൽക്കുന്ന കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച യുവതി തൻ്റെ രണ്ടു പെൺകുട്ടികളിൽ ഇളയവളെ വിമാനത്താവളത്തിനുള്ളിലെ ഭടൻമാർക്ക് എറിഞ്ഞു കൊടുക്കുന്ന ഭയനാകമായ കാഴ്ച അവർ കണ്ടു. കുഞ്ഞ് ഒരു സുരക്ഷ ഭടൻ്റെ കൈകളിൽ എത്തിയതു കണ്ടപ്പോൾ കരഞ്ഞു കലങ്ങിയ കുഴിയിലാണ്ട കണ്ണുകളിലും മുഖത്തും വെളിച്ചം മിന്നി മറഞ്ഞു. ആ കണ്ണുകളിൽ ഇരുപതു വർഷങ്ങൾക്ക് മുൻപ് തെരുവിൽ വെച്ച് ഹുറൈസി മെഹബൂബ് കണ്ട ഭീതി ഇപ്പോഴും നിഴലിച്ചിരുന്നു.
” സെറീന ” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
വിമാനത്തിനുള്ളിലേക്ക് കയറുന്ന വഴിയിലെ തിരക്കിലലിഞ്ഞ് വേഗം ഹസ്സീന മുന്നിലേക്ക് നീങ്ങി, വിമാനത്തിനുള്ളിൽ സീറ്റിൽ ഇരുപ്പുറപ്പിച്ച അവൾ തന്നെ ബാപ്പ വഴിയിൽ വെച്ച് ഏൽപ്പിച്ച ആ ബാഗ് തുറന്നു നോക്കി , തൻ്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഡിഗ്രി സർട്ടിഫിക്കറ്റുകളും കുറച്ചു ഡോളറും .അവൾ ആ സർട്ടിഫിറ്റുകൾ നെഞ്ചോട് ചേർത്തു പിടിച്ചു.ഹസ്സീന വിമാനത്തിനുള്ളിലെല്ലാം ബാപ്പയെ തിരഞ്ഞു. വിമാനത്താവളത്തിൻ്റെ പ്രവേശനകവാടത്തിലെ തിരക്കിൽ സെറീനയ്ക്കും മകൾക്കും അടുത്തേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ അയാൾ…..

Related posts

Leave a Comment