Featured
പ്രതിപക്ഷം അന്നേ പറഞ്ഞു;
കടം എടുക്കുന്നത് അപകടം, സുപ്രീംകോടതി വിധി കേരളത്തിന് തിരിച്ചടി
തിരുവനന്തപുരം: നിത്യനിദാന ചെലവുകൾക്ക് പോലും കടമെടുക്കേണ്ടി വരുന്ന സാഹചര്യം കേരളത്തെ അപകടത്തിലാക്കുമെന്ന് പ്രതിപക്ഷവും കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലും (സിഎജി) മുന്നറിയിപ്പ് നൽകിയപ്പോൾ ഉറഞ്ഞുതുള്ളിയ ഇടതുസർക്കാരിനുള്ള തിരിച്ചടിയായി സുപ്രീംകോടതി വിധി. കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധിക കടമാണ്. ഈ കാലയളവിൽ എടുത്ത അധികകടം പിന്നീടുള്ള വർഷങ്ങളിലെ കടപരിധിയിൽ കുറവുവരുത്താൻ കേന്ദ്രത്തിന് അധികാരം ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കടമെടുപ്പ് വിഷയത്തിൽ കേരളം നേരിടാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നൽകിയ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് പ്രധാന കാരണം. അതേസമയം, സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടത് ഗുണകരമെന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാനാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ശ്രമിക്കുന്നതെങ്കിലും ഈ വിഷയത്തിൽ സംസ്ഥാനം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നതാണ് ഗൗരവതരം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തും ആഢംബരവും ആർഭാട ചെലവുകളും ഖജനാവ് കാലിയാക്കുമെന്നും സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളവും പെൻഷനും നൽകുന്നത് അടക്കമുള്ള നിത്യനിദാന ചെലവുകൾക്ക് വൻ പലിശയ്ക്ക് കടമെടുക്കുന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുമെന്നും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.ഡി സതീശൻ എംഎൽഎ നിയമസഭയിൽ കാര്യകാരണ സഹിതം വിശദീകരിച്ചിരുന്നു. എന്നാൽ, അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഈ വാദത്തെ പരിഹസിച്ച് തള്ളുകയായിരുന്നു. അമേരിക്കൻ മോഡൽ വികസന പരിപ്രേക്ഷ്യം എന്നായിരുന്നു അന്ന് ധനമന്ത്രിയുടെ വാദം.
എന്തെല്ലാം പ്രതിസന്ധിയുണ്ടായാലും അത് പരിഹരിക്കാൻ കിഫ്ബി എന്ന സംവിധാനമുണ്ടെന്നായിരുന്നു അന്ന് തോമസ് ഐസക്കിന്റെ വാദം. എന്നാൽ, കിഫ്ബിയെടുക്കുന്ന കടത്തിന്റെ പരിധിയെക്കുറിച്ചും അങ്ങനെയെടുക്കുന്ന കടത്തിന്റെ തിരിച്ചടവിനെയും പലിശയെക്കുറിച്ചും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചോദ്യമുയർത്തിയപ്പോൾ അതൊക്കെ ഞങ്ങൾക്കറിയാമെന്ന മറുപടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേത്.
ഇപ്പോൾ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നതും സർക്കാരിന്റെ ഈ നിലപാടിനാണ്. കേരളത്തിലെ ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥ കാരണം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവിലുള്ളത്.
2016 മുതൽ 2020 വരെയുള്ള കാലയളവിൽ 14479 കോടി രൂപ കേരളം അധികകടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കിഫ്‌ബിയിലൂടെ മാത്രം എടുത്ത കടമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ മറ്റ് മാർഗ്ഗങ്ങളിലൂടെയും സംസ്ഥാനം കടമെടുത്തിരുന്നു. 2016 മുതലുള്ള നാല് വർഷങ്ങളിൽ കേരളം അധികകടം എടുത്തിട്ടുണ്ടെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 14 ധനകാര്യ കമ്മീഷന്റെ കാലയളവിൽ എടുത്ത ഈ കടം, 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ വെട്ടികുറയ്ക്കാനാകില്ലെന്നായിരുന്നു കേരളത്തിന്റെ വാദം.
എന്നാൽ 15-ാം ധനകാര്യ കമ്മീഷന്റെ തുടക്കം മുതൽ കേരളത്തിന്റെ കടപരിധിയിൽ വെട്ടി കുറവ് വരുത്തുന്നുണ്ട് എന്ന കേന്ദ്രവാദം സുപ്രീം കോടതി തങ്ങളുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 – 22 സാമ്പത്തിക വർഷത്തിൽ 9197.15 കോടിയും, 2022 -23 ൽ 13067.78 കോടിയും, 2023 – 24 ൽ 4354.72 കോടി രൂപയുമാണ് കടപരിധിയിൽ വെട്ടി കുറവ് വരുത്തിയിരിക്കുന്നത്. ഫലത്തിൽ തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ എടുത്ത അധികകടത്തിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ കടപരിധിയിൽ 26619 കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം ഇതുവരെ വരുത്തിയത്.
ഒരു ധനകാര്യ കമ്മീഷന്റെ കാലയളവിൽ സംസ്ഥാനം കൂടുതൽ കടമെടുത്താൽ അടുത്ത ധനകാര്യ കമ്മീഷന്റെ കാലയളവിലെ കടപരിധിയിൽ കേന്ദ്ര സർക്കാരിന് കുറവ് വരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് കേരളം നൽകിയ സ്യൂട്ട് ഹർജിയിൽ ഭരണഘടന ബെഞ്ചാണെന്നും കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Featured
മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു: വി ഡി സതീശൻ
കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. 1987 അല്ല 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുകയാണ്. വർഗീയ ഭിന്നപ്പിന് സർക്കാർ ശ്രമിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ സർക്കാർ ആയിരിക്കുകയില്ല. മുനമ്പത്തെ മുതലെടുത്താൽ അതിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും.
വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുമായി പ്രതിപക്ഷവും കോൺഗ്രസ്സും മുന്നോട്ടു പോകും. ഏതെങ്കിലും തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടി മതേതര നിലപാടിൽ വെള്ളം ചേർക്കുകയില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ ചേരിക്കൊപ്പം കോൺഗ്രസ് നിൽക്കില്ല. കോൺഗ്രസ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയതയോട് സന്ധി ചെയ്താൽ അത് നാടിന്റെ മതേതര ചുറ്റുപാടിന് തന്നെ ഭീഷണിയാകും. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയില്ല. വിഭാഗീയതയുടെ രാഷ്ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ അരവിന്ദാക്ഷൻ, ഡോ. എം സി ദിലീപ്കുമാർ, ടി എസ് ജോയ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എഐസിസി സെക്രട്ടറി റോജി എം ജോൺ, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, അജയ് തറയിൽ, ജയ്സൺ ജോസഫ്, കെ പി ഹരിദാസ്, ഐ കെ രാജു, ടോണി ചമ്മിണി, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടൻ, കെ കെ ഇബ്രാഹിംകുട്ടി, സുനില സിബി, മുനമ്പം സന്തോഷ്, എം എ ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, വികെ മിനിമോൾ, ബാബു പുത്തനങ്ങാടി, എംജെ ടോമി, ജോസഫ് ആൻറണി, അബ്ദുൽ ലത്തീഫ്, ടിറ്റോ ആൻറണി, സേവിയർ തയങ്കരി, കെ എം പരീത് തുടങ്ങിയവർ സംസാരിച്ചു.
Featured
അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല: വിവാദ പ്രസംഗവുമായി എം.എം.മണി
മൂന്നാർ: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎംമണി. താൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ നേരിട്ട് അടിച്ചിട്ടുണ്ട്. എന്നാൽ അടി കൊടുക്കുകയാണെന്നലിലും ജനങ്ങൾ കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.
‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.
അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.
Featured
കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന
സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്തുമസ് സീസൺ അടുത്തതുകൊണ്ട് തന്നെ ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം. കേരളത്തിലേക്ക് പ്രധാനമായും മുട്ട വരുന്നത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് 6.90 രൂപ മുതലാണു ചില്ലറവില്‍പന വില. തമിഴ്‌നാട്ടില്‍ മുട്ടയുടെ അടിസ്ഥാനവില 5.65 രൂപയില്‍ നിന്ന് 5.90 രൂപയായി നിശ്ചയിച്ചു. ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടയ്ക്ക് എന്‍ട്രി ഫീ ഏര്‍പ്പെടുത്തിയിരുന്നു. ഒരു മുട്ടയ്ക്ക് 2 പൈസ വീതമാണ് എന്‍ട്രി ഫീ ഈടാക്കുന്നത്. സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയത്.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login