നിപ : സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 251 ആയി : പ്രദേശത്ത് പരിശോധനയുമായി മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 251 ആയി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ളവരുടെ എണ്ണം 18ല്‍ നിന്നും 32 ആയി ഉയര്‍ന്നിട്ടുണ്ട്. റൂട്ട് മാപ്പ് അനുസരിച്ച് ഇന്ന് രാവിലെയോടെയാണ് കൂടുതല്‍ പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 188 പേരുടെ സമ്പര്‍ക്ക പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.ഹൈ റിസ്‌ക്കില്‍പ്പെട്ടവരില്‍ എട്ടു പേരുടെ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകള്‍ ഇന്നും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അതേ സമയം വ്യക്തമാക്കി.അതേ സമയം പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related posts

Leave a Comment