മാധ്യമ രംഗം നേരിടുന്നത് കടുത്ത വെല്ലുവിളികൾ : ശശി തരൂർ

ദോഹ:    മൊബൈല്‍ ഫോണ്‍ കയ്യിലുള്ള ഏതൊരാളും പത്രപ്രവര്‍ത്തകനാക്കുന്ന കാലത്ത് സത്യവും മിഥ്യയും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളതെന്നും . രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇതുപയോഗപ്പെടുത്തിയാണ് തങ്ങളുടെ സ്വാധീനവും പ്രചാരവേലകളും സംഘടിപ്പിക്കുന്ന തെന്നും ഡോക്ടർ ശശി തരൂർ എം പി.. ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സംഘടിപ്പിച്ച ”സ്വാതന്ത്ര്യാനന്തര മാധ്യമരംഗം വെല്ലുവിളികളും അതിജീവനവും” വെബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഖനികളിലേക്കയക്കുന്ന കാനറി പക്ഷികളെ പോലെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നത്. .
ഇന്ത്യയിലെ മാധ്യമ രംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും വ്യത്യസ്ത ബിസിനസുകളുള്ള മാധ്യമ മുതലാളിമാരെ പല രീതിയില്‍ പൂട്ടാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിശ്വാസികള്‍ മാധ്യമ സെന്‍സര്‍ഷിപ്പിനെ അംഗീകരിക്കില്ല.
ബ്രേക്കിംഗ് ന്യൂസുകളിലൂടെ ന്യൂസും ന്യൂസ് മേക്കറേയും ബ്രേക്ക് ചെയ്യേണ്ടുന്ന അവസ്ഥയിലാണ് ചാനലുകള്‍ എത്തിനില്‍ക്കുന്നത്. മരണങ്ങളേയും ആത്മഹത്യകളേയും വ്യക്തിപരമായ കാര്യങ്ങളേയും പോലും ബ്രേക്കിംഗ് ന്യൂസുകളിലേക്കെത്തിക്കുന്ന ദുരന്ത കാലത്താണ് ഇന്ത്യയുള്ളത് . സത്യം തെളിയിക്കാന്‍ അഗ്നിപരീക്ഷയുണ്ടായിരുന്ന ഒരു കാലത്തു നിന്നും മാധ്യമ പരീക്ഷയുള്ള ഒരു കാലത്തേക്കാണ് രാജ്യം എത്തിയിരിക്കുന്നത്. അവിടെ വാദിക്കുയും വിധിക്കുകയും വിധി നടപ്പാക്കുകയുമെല്ലാം ചെയ്യുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വായനക്കാരില്ലാതെ അച്ചടി മാധ്യമങ്ങള്‍ പൂട്ടുമ്പോള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് യുഗത്തിലും പത്രങ്ങള്‍ക്കും റേഡിയോയ്ക്കും ടെലിവിഷനും മികച്ച മുന്നേറ്റമാണ് ലഭിക്കുന്നതെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടേയും ഇന്റര്‍നെറ്റിന്റേയും ലഭ്യതയിലെ പ്രശ്‌നങ്ങളാണ് ഇന്ത്യയില്‍ പത്രങ്ങളുടെ സര്‍ക്കുലേഷന് മികവുകളുണ്ടാക്കുന്നതെന്നും ഹിന്ദി മേഖലയില്‍ സാക്ഷരത വര്‍ധിക്കുന്നതും അതിന് കാരണമാകുന്നതായും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം 20 കോടി പേര്‍ വാട്‌സ് ആപും 24 കോടി പേര്‍ ഫേസ്ബുക്കും 2.8 കോടി പേര്‍ ട്വിറ്ററും ഉപയോഗിക്കുന്നുണ്ടെന്നതും കണക്കിലെടുക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
ലോകത്ത് മാധ്യമ പ്രവര്‍ത്തനം ഏറ്റവും അപകടകരമായ അഞ്ച് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്ന് 24 ചാനല്‍ മുന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായ ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു.
വായനക്കാരേയും കാഴ്ചക്കാരനേയോ വില്‍ക്കുന്ന ഏജന്റുമാര്‍ മാത്രമാണ് മാധ്യമങ്ങള്‍ എന്നതാണ് അവസ്ഥ. മാധ്യമ പ്രവര്‍ത്തകരെ എല്ലാകാലത്തും ഭരണകര്‍ത്താക്കള്‍ ആശങ്കയോടെയാണ് നോക്കിയിരുന്നതെങ്കിലും ഭൂരിപക്ഷത്തോടെ ഭരിക്കാനുള്ള അവകാശം ലഭിക്കുമ്പോള്‍ മാധ്യമങ്ങളെ ശ്വാസം മുട്ടിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടങ്ങള്‍ മാത്രമല്ല, ഭരണകൂടത്തിന്റെ പിന്തുണയോടെ പൊതുജനങ്ങളെ ഉപോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും കേസ് കൊടുക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന അവസ്ഥയും ഇന്ത്യയിലുണ്ട്. നരേന്ദ്ര ധബോല്‍ക്കറിന്റെ എട്ടാം ചരമ വാര്‍ഷിക ദിനത്തിലാണ് ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ ചര്‍ച്ച സംഘടിപ്പിച്ചതെന്ന് ഓര്‍മിച്ച ഡോ. അരുണ്‍ കുമാര്‍ അദ്ദേഹത്തിന്റെ കൊലപാതകം നടത്തിയത് ഭരണകൂടമായിരുന്നില്ലെന്നും പൊതുജനങ്ങളെ ഉപയോഗപ്പെടുത്തി നടത്തിയതാണെന്നും വിശദീകരിച്ചു.
  സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാ ഗാന്ധി, ഡോ. അംബേദ്ക്കര്‍, രാജാറാം മോഹന്‍ റോയ് തുടങ്ങിയവരെല്ലാം പത്രങ്ങളെ ഉപയോഗിച്ച് ജനങ്ങളില്‍ സ്വാധീനം ചെലുത്തി. സാമൂഹ്യ പരിഷ്‌ക്കാര്‍ത്തക്കളായിരുന്നു അക്കാലത്തെ പത്രാധിപന്മാര്‍. സ്വാതന്ത്ര്യാനന്തര കാലത്ത് ചെറുമക്കളിലേക്ക് പത്രാധിപ സ്ഥാനം കൈമാറുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയ്ക്കപ്പുറം ബിസിനസിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഷെയര്‍ മാര്‍ക്കറ്റില്‍ ഇടിവ് സംഭവിക്കുമ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങളുടെ പോളിസിയിലും ഇടിവ് സംഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുകേഷ് അംബാനി സമ്പന്നന്‍ മാത്രമല്ല ഇന്ത്യയിലെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നയാള്‍ കൂടിയാണെന്ന് ടൈം മാഗസിന്റെ സര്‍വേ കാണിക്കുന്നു. അതുകൊണ്ടുതന്നെ വാച്ച് ഡോഗായി മാധ്യമങ്ങള്‍ക്ക് ഇനി നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
  മാധ്യമ സ്വാതന്ത്ര്യത്തിന് മങ്ങലേല്‍ക്കുമ്പോഴും പൊതുസമൂഹത്തിന് അതില്‍ ആശങ്കയില്ലാത്തതിന് കാരണം ജനങ്ങള്‍ വലതുവത്ക്കരിക്കപ്പെടുകയോ സത്യാനന്തര കാലവുമായി പൊരുത്തപ്പെടുകയോ ചെയ്തുവെന്നാണ് തെളിവുകള്‍ കാണിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനകം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ 52 നിയമങ്ങളാണ് ഭരണകൂടം പ്രയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിലെ ഇന്ത്യന്‍ അംബാസര്‍ ഡോ. ദീപക് മിത്തല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു.
നോര്‍ക്ക ഡയറക്ടര്‍മാരായ സി വി റപ്പായി, ജെ കെ മേനോന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, എന്നിവര്‍ സംസാരിച്ചു. ഐ എം എഫ് പ്രസിഡണ്ട് സൈഫുദ്ധീൻ പി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ  മുഹമ്മദ് ഷെഫീഖ് അറക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട്   മുഹമ്മദ്‌ അലി നന്ദിയും പറഞ്ഞു.

Related posts

Leave a Comment