എക്സൈസുകാരെ പേടിച്ചോടിയ ആൾ ഡാമിൽ വീണു മരിച്ചു

ഇടുക്കി: കുളമാവിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ സ്വദേശി മലയിൽ ബെന്നി (52 ) ആണ് ഡാമിൽ വീണ് മരിച്ചത്. ബെന്നിയുടെ ഉടസ്ഥതതയിലുള്ള കോഴിക്കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടെ ഡാമിൽ വീണ് മരിച്ചതായാണ് വിവരം. കുളമാവ് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.കോഴിക്കടയിൽ അനധികൃത മദ്യ വിൽപന നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ബെന്നി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. ഓടുന്നതിനിടെ കാൽ വഴുതി ഡാമിലേക്ക് വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment