മകനെ കൊലപ്പെടുത്തിയ ആളെ പട്ടാപ്പകൽ നടുറോഡിലിട്ട് പിതാവ് വെട്ടിക്കൊന്നു

ചെന്നൈ: മകനെ കൊലപ്പെടുത്തിയ ആളെ പട്ടാപ്പകൽ നടുറോഡിലിട്ട് പിതാവ് വെട്ടിക്കൊന്നു. തേനി ഉത്തമപാളയം കോടതിയിലെ അഭിഭാഷകൻ കടലൂർ സ്വദേശി മദനനാണ് കൊല്ലപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയായിരുന്നു തേനി ഉത്തമപാളയത്ത് സംഭവം നടന്നത്. കുളപ്പ ഗൗണ്ടൻപെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെൽവേന്ദ്രൻ, കുമാർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കഴിഞ്ഞവർഷം കരുണാനിധിയുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ കൊലയാളി സംഘത്തിൽ പെട്ടയാളായിരുന്നു ഇന്നലെ കൊല്ലപ്പെട്ട മദനനും. ജയിലിൽ കഴിഞ്ഞിരുന്ന മദനൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കോടതിയിൽ നിന്നും സ്വന്തം ഓഫീസിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു മദനനെ കരുണാനിധിയും മക്കളും ആക്രമിച്ചത്. ബൈക്കിൽ കാറിടിപ്പിച്ച്‌ വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. നാട്ടുകാർ ഓടികൂടിയെങ്കിലും അവരെയെല്ലാം വടിവാൾ വീശി പേടിപ്പിച്ച്‌ നിറുത്തി. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട കരുണാനിധിയെയും മക്കളെയും നാട്ടുകാർ പിടിച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്. കേസിൽ എട്ടു പേർ ഇനിയും പിടിയിലാകാനുണ്ട്.

Related posts

Leave a Comment