കുവൈറ്റിലെ ഇൻഡ്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ‘മെയ്ഡ് ഇൻ ഇൻഡ്യ’എക്സിബിഷൻ സംഘടിപ്പിച്ചു

കുവൈറ്റ്: ഇൻഡ്യൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് കുവൈറ്റിലെ ഇൻഡ്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ‘മെയ്ഡ് ഇൻ ഇൻഡ്യ’എക്സിബിഷൻ സംഘടിപ്പിച്ചു. എംബസ്സി പരിസരത്ത് വിശാലമായി സജ്ജീകരിച്ച പ്രത്യേക പവലിയനിൽ വിവിധ രാജ്യങ്ങളിലെ അംബാസ്സിഡർമാരും നയതന്ത്ര പ്രതിനിധികളും കുവൈറ്റി പൗര മുഖ്യരും വ്യവസായ പ്രമുഖരും അടങ്ങുന്ന നിരവധി ക്ഷണിതാക്കൾ സന്നിഹിതരായിരുന്നു. അമീരി ദിവാൻ അണ്ടർ സെക്രെട്ടറി മാസിൻ അൽ ഇസ്സയും ഇൻഡ്യൻ അംബാസിഡർ സിബി ജോർജും ചേർന്ന് എക്സിബിഷൻ ഉത്ഘാടനം ചെയ്‌തു. ഫസ്റ്റ് സെക്രെട്ടറി സ്മിതാ പാട്ടീൽ സ്വാഗതം ആശംസിച്ചു.

ഇന്ത്യയുടെ സാങ്കേതിക മികവും വ്യാവസായിക വൈദഗ്ദ്യവും വെളിവാക്കുന്ന ഏറ്റവും നല്ല ഉൽപ്പന്നങ്ങൾ കുവൈറ്റിലെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുകയാണ് ഈ എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉത്ഘാടന പ്രസംഗത്തിൽ അംബാസിഡർ സിബി ജോർജ് പറഞ്ഞു. ഇൻഡ്യൻ ഉയിർത്തെഴുന്നേൽപ്പിന്റെ പരിച്ഛേദമാണ് ഇവിടെ പ്രദശിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും, ആഭ്യന്തര – വിദേശ മൂലധന നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹം കൂട്ടിചേർത്തു.

വൈവിധ്യമാർന്ന ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വിവിധ വ്യവസായികളുടെ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. ടാറ്റ , മഹീന്ദ്ര , റോയൽ എൻഫീൽഡ് , എഫ് എം സി ജി തുടങ്ങിയ വാഹന രംഗത്തെ ഭീമന്മാരുടെ ഉൽപ്പന്നങ്ങൾ തൊട്ട് ഇൻഡ്യൻ ഭക്ഷ്യ വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം പ്രദർശിപ്പിച്ചു.

എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ‘ആസാദി ക അമൃത്’ മഹോത്സവിന്റെ ഭാഗമായി പ്രമുഖ ഇൻഡ്യൻ റസ്റ്റാറന്റ് 75അടി നീളത്തിൽ സജ്ജീകരിച്ച മേശയിൽ 75 ഇനം കറിക്കൂട്ടുകളുടെ പ്രദർശനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാ -സാംസ്‌കാരിക പ്രദർശനങ്ങളും അരങ്ങേറി .

Related posts

Leave a Comment