പിണറായി സ്തുതി പാഠകർക്ക് ‘പത്മ മോഡൽ’ പുരസ്കാരം; ഇടതു സാംസ്കാരിക പ്രവർത്തകരുടെ പട്ടിക തയാറാകുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിെര നാവ് പൊക്കാത്തവരും മുഖ്യമന്ത്രി പിണറായി വിജയനെ അതിരറ്റ് പ്രശംസിക്കുന്നവരുമായ കലാ-സാംസ്കാരിക പ്രവർത്തകർക്ക് പത്മ മാതൃകയിൽ പുരസ്കാരം നൽകാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക-ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് പട്ടിക തയാറാക്കുകയാണ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ നൽകുന്ന പത്മാ പുരസ്കാരത്തിന്റെ മാതൃകയിലാണ് കേരളവും അവാർഡുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. കേന്ദ്രസർക്കാർ അവഗണിച്ചവർക്ക് അർഹമായ പരിഗണന നൽകുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവും ജനദ്രോഹവും നടത്തുന്ന സർക്കാരിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നതെന്നതാണ് ശ്രദ്ധേയം. അവാർഡ് സംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്. സാംസ്കാരിക മേഖലയിലെ ഇടതുമുഖമുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ നൽകുന്ന ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ആലോചനാ യോഗം വിശദാംശങ്ങൾ തയാറാക്കാൻ പൊതുഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. പത്മ അവാർഡുകൾക്കു കേന്ദ്രത്തിലേക്ക് ശുപാ‍ർശ നൽകുന്നതു പൊതുഭരണ വകുപ്പ് വഴി ആയതിനാലാണ് അവരെ ഈ ചുമതല ഏൽപിച്ചത്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയാണ് കേന്ദ്രം നൽകുന്നത്. പരമാവധി ഒരു വർഷം 120 പേരെ വരെ ഈ രീതിയിൽ കേന്ദ്രം ആദരിക്കാറുണ്ട്. പുറമേ അതുല്യ പ്രതിഭകളെ ഭാരതരത്ന നൽകിയും കേന്ദ്രം ആദരിച്ചു വരുന്നു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാണ് ഇവ പ്രഖ്യാപിക്കുക. ആർക്കൊക്കെയാണ് അവാർഡ് നൽകേണ്ടതെന്ന് വ്യക്തികൾക്കും സംഘടനകൾക്കും നിർദ്ദേശിക്കാം.
ഭാരതരത്നയുടെ മാതൃകയിൽ സംസ്ഥാനത്തെ അതുല്യ പ്രതിഭയെ ആദരിക്കുന്നതും പരിഗണനയിൽ ഉണ്ട്. പുരസ്കാരത്തിനൊപ്പം കാശ് അവാർഡ് ഉണ്ടാകില്ല. സാഹിത്യം, കഥകളി, സിനിമ, ടിവി, പത്രപ്രവർത്തനം, ശാസ്ത്രം തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ ഇപ്പോൾ സമഗ്ര സംഭാവനയ്ക്കുള്ള 2 ലക്ഷം രൂപയുടെ അവാർഡ് നൽകുന്നുണ്ട്. ഇതിനു പുറമേയാണ് പത്മ മാതൃകയിലുള്ള ബഹുമതി.

Related posts

Leave a Comment