സൗരോർജ്ജ വെളിച്ചത്തില്‍ നിയമസഭ; 3.2 കോടി രൂപ ചെലവില്‍ 1040 പാനലുകള്‍

തിരുവനന്തപുരം: കേരള നിയമസഭയിൽ ഇനി സൗരോർജ്ജ വെളിച്ചം. 395 കിലോ വാൾട്ടിന്റെ സോളർ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കെഎസ്ഇബിയിൽനിന്ന് വാങ്ങുന്ന വൈദ്യുതിയിൽ 30 ശതമാനം ഒഴിവാക്കാനാകും. 1040 പാനലുകളാണ് നിയമസഭയിൽ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഭാവിയിൽ കൂടുതൽ പാനലുകൾ സ്ഥാപിച്ചാൽ കെഎസ്ഇബി വൈദ്യുതി പൂർണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
വർഷത്തിൽ 5.91 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സ്മാർട് സിറ്റി പദ്ധതിയിലൂടെ 3.2 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിനു കഴിയും. ഇതിലൂടെ 35.7 ലക്ഷം രൂപ വർഷത്തിൽ ലാഭിക്കാനാകും. നിയമസഭ ചേരുന്ന സമയങ്ങളിൽ വൈദ്യുതി ആവശ്യത്തിന്റെ 30% നിറവേറ്റാൻ പ്ലാന്‍റിനു കഴിയും. ശേഷിക്കുന്ന വൈദ്യുതി കെഎസ്ഇബിയിൽനിന്നും വാങ്ങിയാൽ മതിയാകും. സഭ ചേരാത്ത സമയങ്ങളിൽ അധികം വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നൽകാം. കാർബൺ പുറംതള്ളൽ വർഷത്തിൽ 502 ടൺ കുറയ്ക്കാനുമാകും.
ഓരോ ദിവസത്തെയും ഉൽപ്പാദനവും ഉപയോഗവും കമാൻഡ് സെന്ററിൽ അവലോകനം ചെയ്യും. അഞ്ചു വർഷത്തെ പരിപാലനവും അറ്റക്കുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്. നിയമസഭയ്ക്കു പുറമേ സെൻട്രൽ ലൈബറി, യൂണിവേഴ്സിറ്റി ലൈബ്രറി, വിമൻസ് കോളജ്, അട്ടകുളങ്ങര സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലും സോളർ പാനലുകൾ സ്ഥാപിക്കുന്നുണ്ട്.

Related posts

Leave a Comment