‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരം: കേരള ഹൈക്കോടതി

ലിജോ ജോസ് പെല്ലിശേരി ചിത്രം ചുരുളിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ അഭിപ്രായ പ്രകടനം. പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ടു നിറഞ്ഞതാണ് ചിത്രം എന്നു ചൂണ്ടിക്കാട്ടി തൃശൂർ‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നു നീക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർ ഉൾപ്പടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേ സമയം സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്നു കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലും ചർച്ചയായി മാറിയിരുന്നു. ഇതോടെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതെന്നു വിശദീകരിച്ച് സെൻസർ ബോർഡ് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വിശദീകരിച്ചിരുന്നു.

Related posts

Leave a Comment