സി.പി.എം ജില്ലാ സമ്മേളന വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കലക്ടര്‍ അവധിയിലേക്

കാസര്‍കോട്: സി.പി.എം ജില്ലാ സമ്മേളന വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കലക്ടര്‍ അവധിയിലേക്ക്. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് അവധിയില്‍ പ്രവേശിച്ചത്.നാളെ മുതല്‍ ഫിബ്രുവരി ഒന്നുവരേയാണ് അവധിയില്‍ പ്രവേശിച്ചത്. പകരം ചുമതല എ.ഡിഎമ്മിനാണ് നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണമെങ്കിലും സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദമാകാം കാരണമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.


50ന് മുകളില്‍ ആളുകളുള്ള പൊതുസമ്മേളനങ്ങള്‍ ജില്ലയില്‍ ഹൈക്കോടതി വിലക്കിയതോടെ സി.പി.എം കാസര്‍കോട് ജില്ല സമ്മേളനം ഇന്നു രാത്രിതന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി തിരക്കിട്ട ശ്രമങ്ങളാണ് നടത്തുന്നത്.
സി.പി.എം ജില്ലാ സമ്മേളനം പുരോഗമിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ജില്ലയില്‍ കോവിഡ് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ എല്ലാ പരിപാടികളും വിലക്കി കലക്ര്‍ ഉത്തരവിറക്കുകയായിരുന്നു. അതേ സമയം മണിക്കൂറുകള്‍ക്കകം തന്നെ ഉത്തരവ് തിരുത്തിയിറക്കേണ്ടിയും വന്നു കലക്ടര്‍ക്ക്. ഇതു സംബന്ധിച്ച പ്രശ്‌നങ്ങളാണ് അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment