കേരളത്തിലെ തൊഴിൽ മേഖല കലുഷിതമാക്കിയത് സി പി എം ഗുണ്ടാപ്പടയായ സിഐടിയു: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ മേഖല കലുഷിതമാക്കിയത് സി പി എം ഗുണ്ടാപ്പടയായ സി ഐ ടി യു വാണെന്ന് കെ പി സി സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. കേരളത്തിലെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രിയുടെയും എംഡിയുടെയും അധികാരം കയ്യാളുന്നത് സി ഐ ടി യുവിൽ പെട്ട തൊഴിലാളി യൂണിയൻ നേതാക്കളാണ്. ഈ ഭരണഘടനാതീത അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് യൂട്യൂബ് പംക്തിയിൽ ചൂണ്ടിക്കാട്ടി.
ദേശീയമായും പ്രാദേശികമായും ഇടയ്ക്കിടെ നടത്തുന്ന പണിമുടക്കുകൾ ഹർത്താലും ബന്ദുമായി രൂപാന്തരപ്പെടുമ്പോൾ ജനജീവിതം സ്തംഭിക്കുന്നു. രാജ്യത്തിനും ജനത്തിനും കോടികളുടെ നഷ്ടം. സംഘടിത ന്യൂനപക്ഷം അസംഘടിത ഭൂരിപക്ഷത്തെ വെല്ലുവിളിക്കുന്ന ദുരവസ്ഥ അവസാനിപ്പിക്കണം. കേരളത്തിലെ ട്രേഡ് യൂണിയൻ മുതലാളിത്തം ഒരു സാമൂഹ്യ ശാപമാണ്. തൊഴിലാളികളെ ചൂഷണം ചെയ്ത് ധനാഢ്യന്മാരായി തീർന്ന ട്രേഡ് യൂണിയൻ മുതലാളിമാരെ തൊഴിലാളി വർഗ്ഗം ബഹിഷ്ക്കരിക്കണം. ഇതിനുള്ള പ്രതിജ്ഞയാണ് മേയ് ദിനത്തിൽ എടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രേഡ് യൂണിയൻ ഭാരവാഹിത്വം ചിലർക്ക് ദല്ലാൾ പണിയോ വക്കീൽ പണിയോ പോലെ ആദായകരമായ തൊഴിലാണ്. മുതലാളിയിൽ നിന്നും തൊഴിലാളിയിൽ നിന്നും ഒരേസമയം പണം പറ്റുന്ന പഴയ ചാപ്പ മൂപ്പന്മാരെ പോലെയാണ് പലരും. പിരിവു കലയിൽ പ്രാവീണ്യം നേടിയ ഇവർ മുതലാളിമാരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വൻ സമ്പാദ്യം നേടിയിട്ടുള്ളത്. തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് വീർക്കുന്ന കുളയട്ടകളാണ് ട്രേഡ് യൂണിയൻ മുതലാളിമാർ. ട്രേഡ് യൂണിയൻ ഭീഷണികളെ തുടർന്നാണ് നിരവധി തൊഴിലുടമകൾ തങ്ങളുടെ വ്യവസായങ്ങൾ പൂട്ടി കെട്ടി കേരളം വിട്ട് അന്യ സംസ്ഥാനങ്ങളിൽ കുടിയേറിയത്. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എത്ര കൊട്ടിഘോഷിച്ചാലും വിദേശ-സ്വദേശ നിക്ഷേപകർ കേരളത്തിൽ മുതൽ മുടക്കാത്തത് ചുവന്ന കൊടിയെ ഭയന്നാണ്. ട്രേഡ് യൂണിയൻ ഭീഷണിയെ തുടർന്ന് കേരളത്തിൽ പല തൊഴിൽ സംരംഭകർക്കും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related posts

Leave a Comment