ജീവനക്കാരുടെ അഭാവം മൂലം രാത്രികാലങ്ങളിൽ റെയിൽവേ ഗേറ്റുകൾ അടച്ചിടുന്ന വിഷയം; എം.കെ രാഘവൻ എം.പി റെയിൽവേ ബോർഡ് ചെയർമാനെ കണ്ടു

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ട്രാഫിക്ക് പോയിന്റ്സ്മാൻ തസ്തികകൾ ഭൂരി ഭാഗവും ഒഴിഞ്ഞു കിടക്കുന്നതിനെ തുടർന്ന് രാത്രി കാലങ്ങളിൽ റെയിൽവേ ഗേറ്റുകൾ അടച്ചിടുന്ന വിഷയത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി ഇന്നലെ (28.09.2021) ന് റെയിൽ വേ ബോർഡ് ചെയർമാൻ സുനീത് ശർമ്മയുമായി ഡൽഹിയിലെ റെയിൽവേ ബോർഡ് ആസ്ഥാനത്ത് വെച്ച് കൂടികാഴ്ച നടത്തി.

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ രണ്ടാം ഗേറ്റ്, വട്ടാം പൊയിൽ ഗേറ്റ്, എലത്തൂർ ഗേറ്റ് എന്നിവ ജീവനക്കാരുടെ അഭാവം മൂലം കഴിഞ്ഞ ഒന്നരമാസത്തോളമായി രാത്രി 10 മണി മുതൽ രാവിലെ അറ് മണിവരെ അടച്ചിടുകയാണ്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ സെന്റ്രൽ മാർക്കറ്റിലേക്ക് ഉൾപ്പെടെയുള്ള ചരക്ക് ഗതാഗതം രണ്ടാം ഗേറ്റ് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി ഇതുവഴി രാത്രി കാലങ്ങളിൽ ചരക്ക് നീക്കം നിലച്ചിരിക്കുകയാണ്. കൂടാതെ ഈ ഗേറ്റ് വഴി യാത്രചെയ്യുന്ന പൊതു ജനങ്ങളെയും രാത്രികാലങ്ങളിലെ അടച്ചിടൽ സാരമായി ബാധിച്ചിരിക്കുകയായിരുന്നു.

ആകെ 441 ട്രാഫിക്ക് പോയിന്റ്സ് മാൻ തസ്തികകൾ ഉള്ള പാലക്കാട് നിലവിൽ 171 ഓളം തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. കൂടാതെ ഇതിൽ അമ്പതോളം വരുന്ന ഒഴിവുകളിൽ വിമുക്ത ഭടന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാറുണ്ടയിരുന്നു. എന്നാൽ ജൂൺ മാസം അവസാനിച്ച വിമുക്തഭടന്മാരുടെ കരാർ റെയിൽവേ അധികൃതർ ഇതുവരെയും പുതുക്കി നൽകിയിട്ടില്ല. ഇതുകൊണ്ട് തന്നെ നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം മൂലം അപായങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും എം.പി വ്യക്തമാക്കി.

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് വിമുക്തഭടന്മാരുടെ കരാർ പുതുക്കി നൽകിയും, ബാക്കി വരുന്ന ഒഴിവുകൾ മറ്റേതെങ്കിലും തരത്തിൽ നികത്തിയും റെയിൽവേ ഗേറ്റുകൾ വഴിയുള്ള ജനങ്ങളുടെ രാത്രികാല സഞ്ചാര സ്വാതന്ത്ര്യം പുന:സ്ഥാപിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാനോട് എം.പി ആവശ്യപ്പെട്ടു.

അതോടൊപ്പം തന്നെ സതേൺ റെയിൽവേയിലെ എൻ.എസ്.ജി 2 കാറ്റഗറിയിൽപ്പെട്ട സ്റ്റേഷനുകളിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മാത്രം സ്റ്റേഷൻ ഡയറക്ടർ, സ്റ്റേഷൻ മാനേജർ തസ്തികകളും കുറേയേറെയായി ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവുകളും ഉടൻ നികത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.

വിഷയത്തിൽ അടിയന്തരമായി പരിഹാരം കണ്ട് വിവരം ബോർഡിനെ അറിയിക്കുന്നതിന് എം.പിയുടെ സാന്നിധ്യത്തിൽ തന്നെ ചെയർമാൻ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് നിർദ്ദേശം നൽകി.

Related posts

Leave a Comment