പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിട്ട സംഭവം ; നീതി കിട്ടിയെന്ന് പെൺകുട്ടിയുടെ അച്ഛൻ

തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട സംഭവത്തിൽ നീതി കിട്ടിയെന്ന് പരാതിക്കാരിയായ പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നൽകുമെന്ന് തോന്നക്കൽ സ്വദേശിയായ ജയചന്ദ്രൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.എസ്.ആർ.ഒയിലേക്ക് വന്ന ഒരു വാഹനം കാണാനുള്ള കൗതുകം കൊണ്ടാണ് മകൾ ദേശീയപാതയോരത്ത് നിന്നത്. അപ്പോഴാണ് പോലീസിന്റെ ഫോൺ മോഷ്ടിച്ചെന്ന ആരോപണം ഉയർന്നത്. സത്യം എന്താണെന്ന് തെളിഞ്ഞു. പോലീസുകാരിയാണ് തെറ്റുകാരിയെന്ന് തെളിഞ്ഞു. ഇനിയെങ്കിലും സർക്കാർ ഈ കേസിൽ അപ്പീൽ പോകരുതെന്നും മകളെ കരയിക്കരുതെന്നും പറഞ്ഞ ജയചന്ദ്രൻ തനിക്ക് നീതി ലഭിക്കുന്നതിനായൊപ്പം നിന്ന മാധ്യമങ്ങളോടും മനുഷ്യാവകാശ പ്രവർത്തകരോടും നന്ദിയും അറിയിച്ചു. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയത്. എട്ട് വയസുള്ള തന്റെ മകൾക്കെതിരെ സർക്കാർ ഇനി അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ഐക്യദാർഢ്യ സമിതി നേതാക്കളായ ശ്രീജ നെയ്യാറ്റിൻകര, എൻ മുരളി, സീറ്റ ദാസൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment