ആസൂത്രിത തന്ത്രത്തിന്റെ അടിയന്തിര കോലാഹലങ്ങള്‍

ഗോപിനാഥ് മഠത്തിൽ

കുട്ടികള്‍ തെരുവില്‍ പരസ്പരം തല്ലി മരിച്ചാലും വേണ്ടില്ല നമുക്ക് അധികാരത്തിന്റെ രുചി ആവോളം ആസ്വദിക്കാം എന്ന നിലപാടിലാണ് കേരളത്തിലെ സിപിഎം-സിപിഐ നേതൃത്വം. ഇവിടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധം ഇവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ എത്തിയിരിക്കുന്നു എന്നത് ഖേദകരമാണ്. സ്ത്രീ എന്ന നിലയില്‍ താന്‍ അവഹേളിക്കപ്പെട്ടതിനെക്കുറിച്ച് വനിതാക്കമ്മീഷനില്‍ പരാതി നല്‍കാന്‍ തയ്യാറായി ഇരിക്കുകയാണ് ഒരു എഐഎസ്എഫ് വനിതാനേതാവ്. ശരീരത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സ്ത്രീയെ മാനസികമായി തളര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞയാഴ്ച എം.ജി സര്‍വ്വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടയില്‍ എസ്എഫ്‌ഐ നേതാക്കള്‍ തന്നെ കടന്നുപിടിച്ചെന്നും ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എസ്എഫിന്റെ വനിതാനേതാവ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതൊരു ചെറിയ സംഭവമായിക്കണ്ട് ഇതിനെ തള്ളിക്കളയേണ്ട കാര്യമല്ല. സ്ത്രീകള്‍ ഒറ്റപ്പെട്ടും ആണ്‍കൂട്ടായ്മയിലും ക്യാമ്പസ് വളപ്പില്‍ വേട്ടയാടപ്പെടുന്നതിന്റെ തുടര്‍ച്ചയായിട്ട് ഇതിനെ കാണപ്പെടേണ്ടതുണ്ട്. പ്രണയത്തിന്റെ പേരില്‍ വ്യക്തിപരമായി ഒരു പെണ്‍കുട്ടി പാലായിലെ കോളേജ് വളപ്പില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം നമ്മുടെ ഓര്‍മ്മയിലുണ്ട്. അതില്‍ നിന്ന് അല്‍പ്പം വ്യത്യാസത്തോടെ സംഘം ചേര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഒരുപറ്റം ആണ്‍കുട്ടികള്‍ ഒരു പെണ്‍വിദ്യാര്‍ത്ഥി നേതാവിനെ അശ്ലീല ലക്ഷ്യത്തോടെ വേട്ടയാടിയിരിക്കുന്നു എന്നു പറയുന്നത് അത്ര നിസ്സാരവല്‍ക്കരിക്കേണ്ട കാര്യമല്ല. ഒരുപക്ഷേ സിപിഎമ്മിനും സിപിഐയ്ക്കും അത് വളരെ ചെറിയ കാര്യമായിരിക്കും. കാരണം മുമ്പ് പറഞ്ഞ ഭരണത്തിന്റെ ആസ്വാദ്യത തന്നെയാണ്. പക്ഷേ ഒരുപെണ്‍കുട്ടി തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിന് വിധേയരാകുമ്പോള്‍, അവരെ തല്ലല്ലേ എന്ന് തൊഴുത് അപേക്ഷിക്കുമ്പോള്‍ ആവര്‍ത്തിക്കാന്‍ പറ്റാത്തവിധമുള്ള അസഭ്യവര്‍ഷത്താല്‍ നനയ്ക്കുകയും ലൈംഗിക ചുവയോടെ ഭീഷണി മുഴക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ രാഷ്ട്രീയത്തെക്കാളുപരി അധമമായ വികാരചിന്തകളാണ് അവിടെ നാമ്പിട്ടതെന്ന് വ്യക്തം. പക്ഷേ ഇതുപറയുമ്പോഴും ഒരുകാര്യം വ്യക്തമാക്കട്ടെ, ഈ സംഭവം ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം കുട്ടിസംഘടനകളുടെ അച്ഛന്‍സംഘടനകള്‍ പരിഹരിക്കുമെന്നത് നാളത്തെ സത്യമാണ്. ഒരുപക്ഷേ അക്രമണത്തിന് വിധേയയായ വനിതാവിദ്യാര്‍ത്ഥി സംഘടനാനേതാവുപോലും പരാതി പിന്‍വലിക്കാനും സാധ്യതയുണ്ട്. സമാധിയില്‍ നിന്നുണര്‍ന്ന് കാനം ശാസിച്ചാല്‍ പിന്നെ പരാതിക്കാര്‍ക്ക് പഞ്ചപുച്ഛമടച്ച് നില്‍ക്കാനേ കഴിയൂ. എന്നാലും നിഷേധിക്കാനാകാത്തവിധം വാര്‍ത്താചാനലുകളില്‍ കണ്ട ആ ദൃശ്യങ്ങള്‍ എന്നും പ്രേക്ഷകമനസ്സില്‍ കറുത്ത മേഘം പോലെ ഏറെക്കാലം ഘനീഭവിച്ചു നില്‍ക്കുക തന്നെ ചെയ്യും. എഐഎസ്എഫ് നേതാക്കള്‍ എസ്എഫ്‌ഐയെ ആര്‍എസ്എസ്സിനോട് ഉപമിച്ചു പറഞ്ഞ വാക്കുകള്‍ അവര്‍ തൊണ്ടതൊടാതെ വിഴുങ്ങിയാല്‍പോലും.
ഇപ്പോള്‍ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് അനുപമ വാര്‍ത്തകളാണ്. ആ വാര്‍ത്തയില്‍ കുഞ്ഞിന്റെ ദത്തും അതുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കങ്ങളും വസ്തുതകളായി നിലനില്‍ക്കെത്തന്നെ ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു വസ്തുതയാണ് അനുപമ ഒരു മുന്‍ എസ്.എഫ്.ഐക്കാരിയെന്നത്. വാര്‍ത്തകളിലാകെ മുന്‍ എസ്.എഫ്.ഐക്കാരി എന്ന് പ്രത്യേക ഊന്നല്‍ കൊടുക്കുമ്പോള്‍തന്നെ ഒരു സാധാരണക്കാരന് തോന്നുന്ന കാര്യം അനുപമ എസ്. എഫ്.ഐക്കാരിയായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ പ്രണയത്തിന്റെ പേരില്‍ മുന്‍ ഡി.വൈ.എഫ്.ഐക്കാരന്‍ അജിത്തിന്റെ വലയില്‍പ്പെട്ടു എന്നാണ്. ഇവിടെ പരസ്പരാനുവാദത്തിന്റെ തുടര്‍ച്ചയുടെ ഫലമായാണ് അനുപമ ഗര്‍ഭിണിയായതും ഒരു കുഞ്ഞിന്റെ അമ്മയായി ഇപ്പോഴത്തെ വിവാദങ്ങളില്‍പ്പെടുന്നതും. മറ്റിടങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം പെണ്‍കുട്ടിയെ ആക്രമിച്ച് വധിച്ചത് വണ്‍വേ പ്രണയത്തിന്റെ സംഘം ചേര്‍ന്ന് ആക്രമിച്ചത് രാഷ്ട്രീയത്തിന്റെയും പേരിലാണെങ്കിലും ഇവിടെ മുന്‍ ഡി.വൈ.എഫ്.ഐക്കാരന്‍ ചെയ്തത് അനുപമയെ തന്ത്രപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ച് കീഴ്‌പ്പെടുത്തലായിരുന്നെന്നു കാണാം. അജിത്തിന്റെ ദുഷ്ടലാക്കോടെയുള്ള സ്‌നേഹപ്രകടനം മറ്റൊരു വിധത്തില്‍ ആക്രമണമായി അനുപമ തിരിച്ചറിഞ്ഞത് ഒരുപക്ഷേ അവര്‍ക്കൊരു കുട്ടിയായപ്പോഴായിരിക്കാം. വിദ്യാര്‍ത്ഥിനിയായ അനുപമയെ താന്‍ മറ്റൊരു പെണ്ണിന്റെ ഭര്‍ത്താവുമായി തുടരുന്നകാലത്താണ് ഇയാള്‍ പ്രണയനാടകം കളിച്ച് കീഴ്‌പ്പെടുത്തിയത്. അതുകൊണ്ടാണ് അജിത്ത് ഇപ്പോഴും അനുപമയെ സംബന്ധിച്ച് വെറുമൊരു പങ്കാളി സ്ഥാനത്ത് തുടരുന്നത്. അറിയാതെ സംഭവിച്ച ഒരു തെറ്റിന്റെ ഫലം കുഞ്ഞ് എന്ന സത്യമായി പിറന്നപ്പോള്‍ അതിനെ ഒഴിവാക്കാന്‍ അനുപമയും മാതാപിതാക്കളും അജിത്തും ഒരുനിമിഷത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തിന്റെ വെള്ളപൂശല്‍ ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടത്തുന്നത്. അത് സംബന്ധിച്ച് രാഷ്ട്രീയമായും അല്ലാതെയും പുറത്തുവരുന്ന വാര്‍ത്തകളും. അജിത്ത് മുസ്ലീം പെണ്‍കുട്ടിയായ മുന്‍ഭാര്യ നസിയെയും പ്രണയിച്ച് വിവാഹം കഴിച്ചെന്നു വേണം അനുമാനിക്കേണ്ടത്. അവരെ മുന്‍ഭാര്യ എന്ന ചതുരത്തില്‍ ഒതുക്കി അനുപമയെ ഭാര്യയായും തന്നെ പങ്കാളിയില്‍ നിന്ന് ഭിന്നമായി നിലവില്‍ അനുപമയുടെ ഭര്‍ത്താവാക്കി മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായി അജിത്ത് നടത്തുന്ന കോലാഹലത്തില്‍ ഇരയായിത്തീര്‍ന്നത് പാവം കുഞ്ഞാണ്. കുറച്ചുനാള്‍മുമ്പ് ഒഴിവാക്കിയ കുഞ്ഞിനെ കുടുംബമായി തീരുമ്പോള്‍ ആവശ്യമായി വരുന്ന ബോധപൂര്‍വ്വമായ മറ്റൊരു തന്ത്രമായും കുഞ്ഞിനെ കാണാം. ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത് കുഞ്ഞിനെ കൈമാറിയത് അനുപമയുടെ അറിവോടെയാണെന്ന അജിത്തിന്റെ മുന്‍ഭാര്യയുടെ മൊഴികളാണ്. ചുരുക്കത്തില്‍ പറഞ്ഞുവന്നത് ഇത്രമാത്രം. പാലാകോളേജില്‍ വധിക്കപ്പെട്ട നിഥിനയെ പോലെ എം.ജി. യൂണിവേഴ്‌സിറ്റി വളപ്പില്‍ ആക്രമിക്കപ്പെട്ട എസ്.എഫ്.ഐ വനിതാനേതാവിനെപ്പോലെ പ്രണയനിഗൂഢക്കെണിയില്‍ തകര്‍ക്കപ്പെട്ട വേറൊരു ബലിജന്മം തന്നെയാണ് ഇവിടെ മുന്‍ എസ്.എഫ്.ഐ കാരിയായ അനുപമയും. ഇത്തരം അജിത്തുമാര്‍ ഇനിയും സമൂഹത്തിലുണ്ടെന്ന് തിരിച്ചറിവ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഉണ്ടാകേണ്ടതുണ്ട്.

വാല്‍ക്കഷണം:

സ്ത്രീപീഡനങ്ങളില്‍ നിന്ന് ബാല പീഡനങ്ങളിലേയ്ക്ക് ഭാരതം കുറെക്കൂടി തരംതാഴ്ന്നിരിക്കുന്ന കാലമാണിത്. മുന്‍വര്‍ഷത്തെക്കാള്‍ ആയിരത്തിത്തൊള്ളായിരത്തിലധികം ബാലപീഡനങ്ങള്‍ക്ക് ഭാരതം ഇതിനകം സാക്ഷിയായിക്കഴിഞ്ഞു. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെപ്പോലും കിട്ടിയാല്‍ പീഡിപ്പിക്കാന്‍ സമൂഹത്തില്‍ അധമമനസ്സുള്ളവര്‍ തയ്യാറാകും എന്നാണ് ഇതിനര്‍ത്ഥം. സാങ്കേതികമായും ഭൗതികമായും ഒട്ടേറെ പുരോഗതികള്‍ കൊട്ടിഘോഷിച്ചാലും മാനസികമായി നമ്മളില്‍ ചിലര്‍ ഇപ്പോഴും പ്രാകൃതയുഗങ്ങളില്‍ നിലകൊള്ളുന്നു. അതാണ് നിത്യവും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേയ്ക്കുള്ള പരിണാമമാണിതെന്നുപറയാന്‍ മറ്റൊരു ഡാര്‍വിന്‍ നാളെയുണ്ടായേക്കും.

Related posts

Leave a Comment