സംഘപരിവാര്‍ കൊലയാളിയെന്ന പേരില്‍ പ്രചരിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം ; സിപിഎം സൈബര്‍ വിങിനെതിരെ പരാതി

കോഴിക്കോട്: സംഘപരിവാര്‍ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിയെന്ന പേരില്‍ സി.പി.എം സൈബര്‍ വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ചിത്രം പ്രചരിപ്പിക്കുന്നു. പെരുമണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അനില്‍.കെ.പുതിയോത്ത് ശാലയുടെ ഫോട്ടോയാണ് കണ്ണൂരിലെ ഹരിദാസന്‍ കൊലയാളിയായ ആര്‍.എസ്.എസുകാരന്റേതായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കം. ലീഗ് നേതാവ് ഡോ.എം.കെ മുനീര്‍ എംഎല്‍എക്കൊപ്പം അനില്‍ പുതിയോത്ത്ശാല നില്‍ക്കുന്ന ഫോട്ടോ ‘ഹരിദാസിനെ കൊന്ന തീവ്രവാദി ലീഗ് നേതാവ് മുനീറിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.


ആര്‍.എസ്.എസ് ഗുണ്ടാ നേതാവ് മുനീറിനൊപ്പം എന്ന വിശദീകരണത്തോടെ പൊളിറ്റിക്കല്‍ വോയ്‌സ് എന്ന വാട്‌സാപ് ഗ്രൂപില്‍ റിയാസ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കാര്യം പരാതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്‍പെടെ ഫോട്ടോ കണ്ട് നിരവധി പേരാണ് അനില്‍ പുതിയോത്ത്ശാലയെ വിളിക്കുന്നത്. ഇതോടെ മാനസികമായി ഏറെ പ്രതിസന്ധിയിലായ അനില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. വിഷയം സൈബര്‍ പൊലീസിന് കൈമാറിയതായും അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതായും ദിനേശ് പെരുമണ്ണയും കോണ്‍ഗ്രസ് നേതാക്കളായ എം.എ പ്രഭാകരന്‍, എം.പി പീതാംബരന്‍ എന്നിവരും അറിയിച്ചു.

Related posts

Leave a Comment