ചൂട് കൂടിവരുന്നു; 2021 ലോകത്താകെ രേഖപ്പെടുത്തിയതിൽ ചൂടേറിയ അഞ്ചാം വർഷമെന്ന് ശാസ്ത്രജ്ഞർ

ബ്രസൽസ്: ലോകത്താകെ ഇതുവരെ രേഖപ്പെടുത്തിയതിൽ ചൂടേറിയ അഞ്ചാമത്തെ വർഷമാണ് 2021 എന്ന് യൂറോപ്യൻ യൂണിയൻ ശാസ്ത്രജ്ഞർ. ആഗോള താപനത്തിന് കാരണമായ കാർബൺ ഡയോക്‌സൈഡിന്റെയും മീഥെയ്‌നിന്റെയും അളവാണ് ചൂടേറാൻ കാരണം. യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഏഴു വർഷമാണ് റെക്കോഡ് ചൂട് രേഖപ്പെടുത്തിയ വർഷങ്ങളെന്നും റിപ്പോർട്ട് പറയുന്നു. 2021 ൽ ശരാശരി ആഗോള താപനില 1.1 -1.2 ഡിഗ്രി സെൽഷ്യസായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2016 ലും 2020 ലുമാണ് ഏറ്റവും ഉയർന്ന താപം രേഖപ്പെടുത്തിയത്.
കാർബൺ ഡയോക്‌സൈഡിന്റെയും മീഥെയ്‌നിന്റെയും അളവ് 2021 ൽ റെക്കോഡ് ഉയരത്തിലായിരുന്നു. എന്നാൽ തുടർച്ചയായ രണ്ടു വർഷങ്ങളിലുള്ള മീഥെയ്ൻ എന്ന വാതകത്തിന്റെ അളവിലുണ്ടായ വർധന എന്തിനാലാണെന്നത് വ്യക്തമല്ല. ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന താപമാണ് കഴിഞ്ഞ വേനലിൽ യൂറോപ്പിൽ രേഖപ്പെടുത്തിയത്. ഫ്രാൻസ്, ഹംഗറി എന്നിവിടങ്ങളിലുള്ള ഫലവിളകളുടെ നാശത്തിനും ഇത് കാരണമായി. ജൂലൈയിലും ആഗസ്റ്റിലുമുണ്ടായ ഉഷ്ണതാപം ടർക്കിയിലെയും ഗ്രീസിലെയും വനപ്രദേശങ്ങളെ അഗ്നിക്കിരയാക്കാനിടയാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനം വെളളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം വർധിപ്പിച്ചുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജൂലൈയിൽ പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ പ്രളയത്തിൽ 200 ലധികം ആളുകളാണ് മരിച്ചത്.

Related posts

Leave a Comment