വിമര്‍ശിക്കുന്നവരുടെ ഉള്ള് നിറയെ വര്‍ഗീയതയാണ്. അത്തരക്കാര്‍ക്ക് ആരും സ്‌നേഹം നല്‍കുകയില്ല ; ഷമിക്ക് പിന്തുണയുമായി രാഹുൽ

ഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്ക് എതിരായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വര്‍ഗീയ അധിക്ഷേപത്തില്‍ ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രം​ഗത്ത്. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഷമിക്ക് പിന്തുണ അറിയിച്ചത്. ‘മുഹമ്മദ് ഷമി ഞങ്ങള്‍ നിനക്ക് ഒപ്പമുണ്ട്. വിമര്‍ശിക്കുന്നവരുടെ ഉള്ള് നിറയെ വര്‍ഗീയതയാണ്. അത്തരക്കാര്‍ക്ക് ആരും സ്‌നേഹം നല്‍കുകയില്ല. അവരോട് ക്ഷമിക്കുക’. രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യന്‍ ടീമംഗം മുഹമ്മദ് ഷമിയെ വര്‍ഗീയമായി വിമര്‍ശിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂല സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഉയര്‍ന്നത്.

മത്സരത്തില്‍ താരം മോശം ഫോമിലായിരുന്നു. 3.5 ഓവറില്‍ 43 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനുമായില്ല. ഇതോടെയാണ് ‘ചില കോണുകളില്‍’ നിന്ന് ഷമിക്കെതിരേ വര്‍ഗീയ ആക്രമണം പൊങ്ങിയത്. ‘ഒരു മുസ്ലീം പാകിസ്താനോടൊപ്പം നില്‍ക്കുന്നു’, ‘എത്ര പണം കിട്ടി’, ‘പന്നി എന്നും പന്നിക്കൂട്ടത്തിനൊപ്പം തന്നെ’ തുടങ്ങി നിരവധി അധിക്ഷേപങ്ങളാണ് താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മത്സരത്തില്‍ ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18 ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ബുള്ളീയിങ്. ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നതോടെ താരത്തിനു പിന്തുണയുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തി. മുന്‍ ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള എന്നിവരും മുഹമ്മദ് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment