ഉദ്യോഗക്കയറ്റത്തിന് പ്രത്യേക സ്ക്രീനിങ് സർവകലാശാലകളുടെ ഭരണത്തിൽ പിടിമുറുക്കി സർക്കാർ

തിരുവനന്തപുരം: ഉദ്യോഗക്കയറ്റത്തിന് പ്രത്യേക സ്ക്രീനിങ് നടത്തുന്നത് ഉൾപ്പെടെയുള്ള ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളുടെ ഭരണത്തിൽ സർക്കാർ പിടിമുറുക്കുന്നു. സർവ്വകലാശാല ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയെങ്കിലും ഇതുവരെ വിശദമായ  ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. പെൻഷൻ പരിഷ്കാരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ അധിക സാമ്പത്തിക ബാധ്യത സർവകലാശാലകൾ ഏറ്റെടുക്കണമെന്ന വ്യവസ്ഥ കൂട്ടുചേർത്തതുകൊണ്ട് പെൻഷൻ പരിഷ്കാരണം മിക്ക സർവകലാശാലകളും നടപ്പാക്കിയിട്ടുമില്ല.
ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാർക്ക് മുകളിലുള്ള തസ്തികകളിലേക്കുള്ള  ഉദ്യോഗക്കയറ്റങ്ങൾ  സീനിയാറിറ്റിക്ക്  പകരം വ്യക്തമായ സ്ക്രീനിംഗ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നാണ് കമ്മീഷൻ ശുപാർശ. അനാവശ്യമായിട്ടുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കണമെന്നും  സർവ്വകാലാശാല ഭരണ സംവിധാനം പൂർണമായും നവീകരിക്കണമെന്നും ശുപാർശയുണ്ട്.
 സർവ്വകലാശാല ഭരണതലത്തിൽ ഇ -ഗവേണൻസും ഡിജിറ്റലൈസേഷനും കൊണ്ടുവരണം.  സർവ്വകലാശാല ലൈബ്രറികളുടെ പ്രവർത്തനം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശപ്രകാരം പുന: ക്രമീകരിക്കണം. സംസ്ഥാനത്തെ എല്ലാ സർവകലാശാല ലൈബ്രറികളെയും സോഫ്റ്റ്‌വെയർ മുഖേന പരസ്പരം ലിങ്ക്ചെയ്യണ ണമെന്നും വിലപിടിപ്പുള്ള പുസ്തകങ്ങൾ ഇന്റർ ലൈബ്രറി ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
 സർവ്വകലാശാലകളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറക്കണം.  സർവകലാശാലകളുടെ പ്ലാനിങ് ഡെവലപ്പ്മെന്റ് വിഭാഗത്തിൽ സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കണം. സെകട്ടറിയേറ്റ് സർവ്വീസിൽ  ഇല്ലാത്ത സെക്ഷൻ ഓഫീസർ, പൂൾ ഓഫീസർ തസ്തികൾ നിർത്തലാക്കണം. ഒമ്പതാം ശമ്പള കമ്മിഷൻ നിർത്തലാക്കിയ അനുപാത  പ്രൊമോഷനുകൾ കാർഷിക സർവ്വകലാശാലയിൽ തുടരുന്നത് തടയുന്നതിനാവശ്യമായ  ഭേദഗതികൾ ഉടനടി സർവകലാശാല ചട്ടങ്ങളിൽ വരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.
 സർവകകശാല ഭരണത്തിന് അനുയോ ജ്യമായി പ്രത്യേക ഓഫീസ് മാന്വൽ തയ്യാറാക്കണം.  പുതുതായി നിയമിക്കപ്പെടുന്നവർക്ക് സർവകലാശാല ചട്ടങ്ങളിലും ഭരണകാര്യങ്ങളിലും പരിശീലനം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പുതുക്കിയ ശമ്പളസ്കെയിലുകളും നിർദ്ദേശങ്ങളും അടങ്ങിയ പ്രത്യേക ഉത്തരവ് സർക്കാർ ഉടനടി പുറത്തിറക്കുമെന്നാണ് അറിയുന്നത്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിയമിച്ച ഒമ്പതാം ശമ്പള കമ്മീഷൻ മുതലാണ് സർവകലാശാല ശമ്പള പരിഷ്കരണം സർക്കാരിന്റെ ശമ്പള കമ്മിഷന്റെ പരിധിയിൽ വന്നത്.

Related posts

Leave a Comment