ഗവർണർക്ക് ബെൻസ് കാർ വാങ്ങാൻ സർക്കാർ 85 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ 85 ലക്ഷം രൂപ അനുവദിച്ചു. തുക രാജ്ഭവന് കൈമാറിയതിനെ തുടർന്നു വാഹനത്തിന് ഓർഡർ നൽകി. വൈകാതെ പുതിയ കാർ എത്തും. എം.ഒ.എച്ച്. ഫാറൂഖ് ഗവർണറായിരുന്നപ്പോൾ വാങ്ങിയ പഴയ ബെൻസ് കാർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റർ ഓടിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ കാർ മാറ്റണമെന്നു മരാമത്ത് വകുപ്പ് എൻജിനീയർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പി.സദാശിവം ഗവർണർ ആയിരുന്ന കാലത്ത് പുതിയ കാറിനുള്ള ഫയൽ തുറന്നു. ഇപ്പോഴത്തെ ഗവർണർ രണ്ടു വർഷം മുമ്പ് ചുമതലയേറ്റപ്പോൾ പുതിയ കാറിനുവേണ്ടി സർക്കാരിലേക്ക് എഴുതി. ഗവർണറുടെ ഔദ്യോഗിക കാർ ബെൻസ് ആയതിനാൽ അതേ കാർ തന്നെ വാങ്ങാൻ കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകുകയായിരുന്നു. ഗവർണറുടെ ബെൻസ് കാർ ഇതിനകം ഒന്നര ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞു. ദൂരയാത്രയ്ക്ക് ഇതിനെ ആശ്രയിക്കാൻ സാധിക്കാത്തതിനാൽ പലപ്പോഴും ഇന്നോവയിലാണ് ഗവർണറുടെ സഞ്ചാരം. രാജ്ഭവനിൽ ടൊയോട്ട കാമ്രി കാർ ഉണ്ടെങ്കിലും അതും പഴഞ്ചനാണ്.

Related posts

Leave a Comment