വിരണ്ടോടിയ കുതിര ഇടിച്ച്‌ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു; സാരമായി പരിക്കേറ്റ കുതിര മരിച്ചു

കൊല്ലം: വിരണ്ടോടിയ കുതിര ഇടിച്ചുണ്ടായ അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണായി തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ കൊല്ലം ചവറയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. കന്നേറ്റിമുക്കിലായിരുന്നു സംഭവം. അപകടത്തില്‍ സാരമായി പരുക്കേറ്റ കുതിര മരിച്ചു. കടിഞ്ഞാണില്ലാതെ ഓടിയെത്തിയ കുതിര ഇടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.

കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്ബില്‍ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള നാലു വയസുള്ള സൈറ എന്ന പെണ്‍ കുതിരയാണു വിരണ്ട് ഓടി അപകടം ഉണ്ടാക്കിയത്. കന്നേറ്റി മുസ്‌ലിം ജമാഅത്ത് എല്‍പി സ്കൂളിനു സമീപത്തു നിന്ന് നടത്തി കൊണ്ടുവരുന്നതിനിടെ കുതിര പിടിവിട്ട് ഓടുകയായിരുന്നു. കുതിര ഓടാന്‍ തുടങ്ങിയതോടെ മുകളിലുണ്ടായിരുന്ന ആള്‍ താഴേക്കു വീണു. അതിവേഗത്തില്‍ ഓടി കന്നേറ്റി പള്ളിമുക്കിലെത്തി ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഹരിപ്പാട് കരുവാറ്റ തിരുനല്ല പീടികയില്‍ ശംഭു(25), പിതാവ് വിജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്കാണ് കുതിര ഇടിച്ചത്. ഇവര്‍ ഹരിപ്പാട് നിന്ന് കൊല്ലത്ത് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ എഴുതാന്‍ പോകുകയായിരുന്നു. കാറിന് വേഗത കുറവായിരുന്നെങ്കിലും മുന്‍വശത്തെ ബോണറ്റ് ഉയര്‍ന്ന് ചവിട്ടിയ കുതിര ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കുതിരയെ ഒപ്പമുണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.അവിടെ വെച്ചാണ് മരിക്കുന്നത്.ശംഭുവിനെയും പിതാവിനെയും മറ്റൊരു വാഹനത്തില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു.

Related posts

Leave a Comment