വന്യമൃഗശല്യം രൂക്ഷമാവുമ്പോഴും നെല്‍കൃഷിയെ കൈവിടാതെ പുല്‍പ്പള്ളി പാക്കത്തെ വനഗ്രാമങ്ങള്‍

പുല്‍പ്പള്ളി: വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും വയനാട്ടിലെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കത്തെ വനഗ്രാമങ്ങളില്‍ പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികവൃത്തിയില്‍ സജീവമായി കര്‍ഷകര്‍. പാക്കം നരിവയല്‍, മാതളംപറ്റമൂല, പൂളക്കുനി, മൈലാടി, എളുമ്പിലാശേരി, കാലഞ്ചോല എന്നീ ഗ്രാമങ്ങളാണ് രൂക്ഷമായ വന്യമൃഗശല്യത്തിനിടയിലും നെല്‍ക്കൃഷി നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. വലിച്ചൂരി, ഗന്ധകശാല, തൊണ്ടി, പൊന്‍മണി എന്നിങ്ങനെ വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങളടക്കം ഒട്ടെറെയിനങ്ങളാണ് ഇവിടുത്തെ കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടെങ്കിലും ഇവിടുത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നം വന്യമൃഗശല്യമാണ്. വനമധ്യത്തിലെ ഗ്രാമത്തില്‍ നെല്ലുകള്‍ ഇപ്പോള്‍ കൂട്ടത്തോടെ കതിരിട്ടുകഴിഞ്ഞു. ഇതോടെ, ഏറുമാടങ്ങള്‍ കെട്ടികാവലിരുന്നാണ് കര്‍ഷകര്‍ വിളകളെ സംരക്ഷിച്ചുവരുന്നത്. വനത്താല്‍ ചുറ്റപ്പെട്ട നരിവയല്‍, മൈ ലാടി പോലുള്ള വനഗ്രാമങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങള്‍ നിറയെ മുളങ്കാടുകളാണ്. അതുകൊണ്ട് തന്നെ കാട്ടാനകള്‍ എപ്പോഴുമെ ത്തുന്ന സാഹചര്യമാണുള്ളത്. കര്‍ഷകര്‍ കാവല്‍മാടങ്ങളില്‍ ഉറക്കമൊഴിച്ചിരുന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമെല്ലാമാണ് കാട്ടാനകളില്‍ നിന്നും കൃ ഷിയെ സംരക്ഷിച്ചുപോരുന്നത്. കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യവും കര്‍ഷകരെ അലട്ടുന്നുണ്ട്. ഒരേസമയം വിളവെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ ഗ്രാമങ്ങളെ കര്‍ഷകര്‍ കൃഷി നടത്തിവരുന്നത്. വന്യമൃഗശല്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. വയനാട്ടിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കുറുവാദ്വീപിന് സമീപത്തായാണ് പാക്കത്തെ നരിവയല്‍ അടക്കമുള്ള വനഗ്രാമങ്ങളുള്ളത്. മുള്ളകുറുമ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ കര്‍ഷകരിലേറെയും. കുറുമ സമുദായത്തിന്റെ ആസ്ഥാനം കൂടിയായ പാ ക്കം തിരുമുഖം കോളനിയിലെ തന്നെ അംഗങ്ങളാണ് ഈ വനഗ്രാമങ്ങളിലെ കര്‍ഷകരില്‍ ഭൂരിഭാഗവും. നിലവില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് കൃഷിയിറക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ വയലിന്റെ ഘടനയും, വെള്ളവും നോക്കുമ്പോള്‍ തൊഴിലാളികളെ വെച്ച് തന്നെ വിളവെടുക്കേണ്ട അവസ്ഥയാണുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പരമ്പരാഗതമായി കൃഷി നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും ജോലി ചെയ്യുന്നവരും ഒഴിവ് സമയങ്ങളില്‍ കൃഷിയില്‍ സജീവമാണ്. റെവന്യൂ, വനം ഭൂമികളും ഇവിടെയുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃ ഷി ചെയ്തുവരുന്ന നിരവധി കര്‍ഷകരും നരിവയല്‍ അടക്കമുള്ള വനഗ്രാമങ്ങളിലുണ്ട്.

Related posts

Leave a Comment