മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുടങ്ങി

മണിപ്പൂർ: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുടങ്ങി. രാവിലെ ഏഴ് മുതൽ വൈകിട്ട് നാലു മണിവരെയാണ് പോളിംഗ്. വൈകിട്ട് മൂന്നു മുതൽ നാല് വരെ കോവിഡ് ബാധിതർക്കായി മാറ്റിവച്ചിരിക്കുകയാണ്.
60 അംഗ നിയമസഭയിൽ ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിലെ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മാർച്ച് അഞ്ചിനാണ് രണ്ടാംഘട്ടം. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്‌നുപുർ, ചുരാചന്ദ്രപുർ, കാങ്‌പേക്പി എന്നീ ജില്ലകളിലാണ് ഇന്ന് പോളിംഗ്.
173 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 15 പേർ വനിതകളാണ്. ബി.ജെ്പി 38 സീറ്റുകളിലും കോൺഗ്രസ് 35 ഇടത്തും, ജനതാദൾ യുണൈറ്റഡ് 28 സീറ്റുകളിലും മത്സരിക്കുന്നു. സ്ഥാനാർത്ഥികളിൽ 39 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ പറയുന്നു.
12,09,439 പേരാണ് ഈ ഘട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കുന്നത്. 5,80,607 പുരുഷന്മാരും 6,28,657 വനിതകളും 175 ട്രാൻസ്ജൻഡർ പൗരന്മാരും. 1721 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 381 സ്‌റ്റേഷനുകളിലെ മുഴുവൻ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളാണ്. സായ്‌കോട്ടിലെ ഒരു സ്‌റ്റേഷനിൽ ഭിന്നശേഷിയുള്ളവരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.
2017ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 21 സീറ്റുകൾ കിട്ടിയ ബി.ജെ.പി , നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി എന്നിവയുടെ സഹായത്തോടെ അധികാരത്തിലെത്തിയിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി 36.28% വോട്ടുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് 35.11% വോട്ടുകൾ നേടി. ഇത്തവണ ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 60 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് ആറ് കക്ഷികളുമായി മണിപ്പൂർ പ്രൊഗ്രസ്സീവ് സെകുലർ അലയൻസ് എന്ന സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ഫോർവേർഡ് ബ്ലോക്, ആർ.എസ്.പി, ജനതാദൾ സെകുലർ എന്നിവരടങ്ങുന്നതാണ് സഖ്യം

Related posts

Leave a Comment