ലക്ഷദ്വീപ് വിഷയത്തിലെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫ്ലഷിന്റെ സെൻസറിങ് പൂർത്തിയായി. സിനിമയ്ക്ക് ‘യു’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഐഷ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളും ചില പ്രശ്നങ്ങളുടെ പരിഹാരവും തന്റെ സിനിമയിലുണ്ടെന്ന് ഐഷ പറയുന്നു. ‘ലക്ഷദ്വീപിന്റെ നെഗറ്റീവും പോസിറ്റീവും ഇതിലുണ്ട്. ഒരു കഥാപാത്രത്തെയും ഭാവനയിൽ നിന്ന് ചിത്രീകരിക്കേണ്ടി വന്നില്ല. ഇതുകാണുന്ന ഓരോ ദ്വീപുകാരനും ഇത് ഞാനാണല്ലോ എന്ന് തോന്നും. കാണുന്ന ഓരോ മലയാളിക്കും ഞാൻ അവിടെ പോയാൽ ഇങ്ങിനെയാണല്ലോ എന്ന് തോന്നും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഈ സിനിമയിലുണ്ട്. കടലിനെയും കരയെയും ഒറ്റ ശരീരമായി കണ്ടുകൊണ്ടുള്ള കൺസപ്റ്റ് ആണ് സിനിമയിൽ. നിസ്സാര പ്രശ്നങ്ങൾക്ക് വരെ ആത്മഹത്യയിൽ അഭയം തേടുന്ന പെൺകുട്ടികൾക്കുള്ള മറുപടിയും ഈ സിനിമയിലുണ്ട്’- ഐഷ ‘വീക്ഷണം ഓൺലൈനി’നോട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ ജി രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ചിത്രം ഫ്ലഷിന്റെ സെൻസറിങ് പൂർത്തിയായി
