ഭയപ്പാടില്ലാതെ, ആശങ്കകളില്ലാതെ ആ കുടുംബത്തിന് ഇനി അന്തിയുറങ്ങാം; കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ഭവനത്തിന്റെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും

വൈപ്പിൻ: ഭീതിപ്പെടുത്തുന്ന കടൽക്ഷോഭത്തെയും കടലാക്രമണത്തെയും കനത്തമഴയെയും ഭയക്കാതെ മത്സ്യതൊഴിലാളി കുടുംബത്തിന് ഇനി അന്തിയുറങ്ങാം.വൈപ്പിൻ നായരമ്പലം വെളിയത്താംപറമ്പ് കടലോരത്തെ മത്സ്യതൊഴിലാളി വില്ലാർവട്ടത്ത് സുരേന്ദ്രനും കുടുംബത്തിനുമാണ് നായരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വീട് ഒരുക്കിയിരിക്കുന്നത്.

84 കാരനായ സുരേന്ദ്രനും ഭാര്യ ലീലയും മകൾ സുലഭക്കുമാണ് തലചായ്ക്കാൻ വീട് ഒരുക്കിയിട്ടുള്ളത്. മത്സ്യതൊഴിലാളി പെൻഷൻ കൊണ്ടു ജീവിച്ചു വന്നിരുന്ന ഈ കുടുംബം അന്തിയുറങ്ങിയിരുന്ന കാലപഴക്കമുള്ള വീട് ഒന്നാം ലോക്ഡൗണിൻ്റെ കാലത്ത് കനത്ത മഴയിലും കാറ്റിലുപ്പെട്ട് തകർന്നു. ഈ കുടുംബത്തിൻ്റെ ദുരിതം കണ്ടറിഞ്ഞ കോൺഗ്രസ്സ് നായരമ്പലം മണ്ഡലം പ്രസിഡണ്ട് അഡ്വ.പി.ജെ. ജസ്റ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് കൂട്ടായ്മയ്ക്ക് രൂപം നൽകി. പി.ജെ.ജസ്റ്റിൻ ജനറൽ കൺവീനറും മുൻപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എൻ. ലവൻ ചെയർമാനുമായ കമ്മിറ്റി കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചു. നിർമ്മാണ സാമഗ്രികൾ വ്യക്തികളിൽ നിന്നും ശേഖരിച്ച് കോൺഗ്രസ്സ് പ്രവർത്തകരും രാഷ്ട്രീയത്തിന്‌ അതീതമായി നാട്ടുകാരും ചേർന്ന് ഞായറാഴ്ചയും ഒഴിവു ദിനങ്ങളും പ്രയോജനപ്പെടുത്തി സുരേന്ദ്രൻ്റെ സുരക്ഷിത ഭവനം നിർമ്മിക്കുകയായിരുന്നു. 480 അടി വിസ്തീർണ്ണമുള്ള ഭവനത്തിൽ രണ്ടു മുറികളും, ശുചി മുറിയും, ഹാളും അടുക്കളയും വരാന്തയും ഒരുക്കിയിട്ടുണ്ട്.

ഭവനത്തിന്റെ താക്കോൽ ദാനം നാളെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കും. അഡ്വ: പി.ജെ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ഹൈബി ഈഡൻ എം.പി., കെ.ബാബു എം.എൽ.എ, ഡി.സി.സി.പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ്,കെ.പി. ഹരിദാസ്, അജയ് തറയിൽ, എം.ജെ. ടോമി, മുനമ്പം സന്തോഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സോളിരാജ്, കെ.ജി. ഡോണോ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment