ആലപ്പുഴ: ദിനംപ്രതി കേൾക്കുന്ന പോലീസിന്റെ വീഴ്ച്ചകൾ ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്ന് പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച്ചയാണ്. ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നിൽ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ലെന്നും അത് നാണംകെട്ട പ്രസ്ഥാവനയായിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഓരോ ദിവസത്തെയും പോലീസിൻ്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്നു പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണ്. ഗുരുതര വീഴ്ചയാണു പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് .ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നിൽ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല .നാണംകെട്ട പ്രസ്ഥാവനയായിപ്പോയി
രണ്ടാം പിണറായി സർക്കാരിൻ്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവരിൽ പലർക്കും ഭരിക്കുന്ന പാർട്ടിയുമായുള്ള ബന്ധം കാരണം പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാൻ കഴിയുന്നില്ല. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. കേരളാ പോലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണ്.