Connect with us
inner ad

Editorial

വിവാഹത്തലേന്ന് മുങ്ങിയ വരനെപ്പോലെ അരുണ്‍ ഗോയല്‍; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി സംശയവും ദുരൂഹതയും സൃഷ്ടിക്കുന്നു

Avatar

Published

on


തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ രാജി സംശയവും ദുരൂഹതയും സൃഷ്ടിക്കുന്നു. രാജി ഞെട്ടലോടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ കേട്ടത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വരെ ഉദ്ഘാടനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും നാടുനീളെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സര്‍ക്കാര്‍ ചിലവില്‍ തിരഞ്ഞെടുപ്പ് റാലിക്ക് സമാനമായ സമ്മേളനങ്ങളും നടത്തുന്നത് ധാര്‍മികമായും ജനാധിപത്യപരമായും ശരിയായ നടപടികളല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചിറകരിയാന്‍ നേരത്തെതന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള കൊളീജിയത്തില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്ത് മന്ത്രിസഭയിലെ ഒരംഗത്തെ നിയമിക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവന്നത്.
അരുണ്‍ ഗോയലിന്റെ രാജി ഇരുപത്തിനാല് മണിക്കൂറിനകം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ രാജിയുടെ കാരണം വെളിപ്പെടുത്താതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

അരുണ്‍ ഗോയല്‍

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എന്ത് അതിക്രമങ്ങള്‍ക്കും മടിക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ കമ്മീഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍ മാത്രമായി. അനൂപ് ചന്ദ്രപാണ്‌ഡെ നേരത്തെ വിരമിച്ചിരുന്നു. 2022 നവംബര്‍ ഒന്നിനാണ് ഗോയലിനെ നിയമിച്ചത്. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. രാജീവ്കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടയാളാണ് ഗോയല്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സജീവമായ് പ്രവര്‍ത്തിക്കുകയായിരുന്നു അരുണ്‍ ഗോയല്‍. പൊടുന്നനെയുള്ള രാജി ഏവരെയും വിസ്മയിപ്പിച്ചു. സര്‍ക്കാരുമായുള്ള ഭിന്നതയാണോ അതല്ല സര്‍ക്കാരിന്റെ മറ്റെന്തെങ്കിലും വാഗ്ദാനത്തിന്റെ പേരിലാണോ രാജിയെന്ന് ആര്‍ക്കും നിശ്ചയമില്ല. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ വകുപ്പുകളുമായ് ചര്‍ച്ച നടത്തി വരികയുമായിരുന്നു. ഗോയലിന്റെ രാജിയോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമലിലായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കാനും ബിജെപി യുടെ അജണ്ടയിലുള്ള കാര്യങ്ങള്‍ നടപ്പാക്കാനുള്ള സാവകാശത്തിന് വേണ്ടിയാണ് സ്വയം നിര്‍മിത പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും കരുതുന്നവര്‍ കുറവല്ല. രാജ്യമെമ്പാടുമുള്ള ദൃശ്യമാധ്യമങ്ങളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും മോദിയുടെ പ്രതിച്ഛായ നിര്‍മാണം പാരമ്യത്തിലെത്തിയിരിക്കയാണ്. സര്‍ക്കാര്‍ മാധ്യമങ്ങളിലും വകുപ്പുകളിലും മോദി കീര്‍ത്തനങ്ങള്‍ മാത്രമാണ് കാണാനും കേള്‍ക്കാനുമുള്ളത്. ഹിറ്റ്‌ലറുടെയും മുസോളനിയുടെയും കാലത്ത് ജര്‍മനിയിലും ഇറ്റലിയിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെയും പ്രതിച്ഛായ നിര്‍മിതിക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചിലവഴിച്ചിരുന്നു. വിവരസാങ്കേതിക വിദ്യയും മറ്റും അതിവിപുലമായ ഇക്കാലത്ത് അന്നത്തേതിന്റെ ആയിരമിരട്ടി പണമാണ് ഇന്ത്യ ഗവണ്‍മെന്റ് പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവിടുന്നത്. ഏകാധിപത്യത്തിന്റെ കുളമ്പടി ഇത്തരത്തിലാണ് യൂറോപ്പിലും പിന്നീട് ലോകമെങ്ങും ഉയര്‍ന്നത്. ഒരുകാലത്തും ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ സ്വന്തം അപദാനങ്ങള്‍ വാഴ്ത്താനും മുഖം മോടിപിടിപ്പിക്കാനും പൊതുഖജനാവിനെ ദുര്‍വിനിയോഗം ചെയ്തിട്ടില്ല. കുട്ടികളുടെ മനസ്സുകളിലൂടെയും വാക്കുകളിലൂടെയും മോദി സ്തുതി മുഴക്കിക്കൊണ്ട് അതൊക്കെ മുതിര്‍ന്നവരിലേക്കും സന്നിവേശിപ്പിക്കാനുള്ള സൂത്രമാണ് ഈ പരസ്യങ്ങളിലൂടെ ഉപയോഗിക്കപ്പെടുന്നത്.
ഇത്തരം ഏകാധിപത്യ നടപടികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടെന്നും തന്റെ പാര്‍ശ്വവര്‍ത്തികള്‍ മാത്രംമതി കമ്മീഷനിലെന്നും മോദി കരുതുന്നു. 2019 ല്‍ മോദിയും അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയും നിരവധി തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പല പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളും നേതാക്കളും നല്‍കിയ പരാതികള്‍ക്ക് കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ നിരാകരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്നാള്‍ നടത്തേണ്ട ഉത്തരവാദിത്വങ്ങള്‍ ഒരാളിലേക്ക് ചുരുക്കി അയാളെ മാത്രം നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അനൂപ് ചന്ദ്രപാണ്‌ഡെയുടെ ഒഴിവ് നികത്താന്‍ തയ്യാറാവാതിരുന്നതും അരുണ്‍ ഗോയലിന്റെ രാജി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സ്വീകരിച്ചതും വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിനോട് ഇടഞ്ഞായാലും സര്‍ക്കാര്‍ അറിവോടെയാണെങ്കിലും ഗോയലിന്റെ രാജി വലിയ ആപല്‍ ചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. താലി കെട്ടേണ്ടയാള്‍ വിവാഹത്തലേന്ന് ഒളിച്ചോടിയതുപോലെ ഭീരുത്വം നിറഞ്ഞ നടപടിയാണ് അരുണ്‍ ഗോയലിന്റേത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Editorial

ഇനിയും മരിക്കാത്ത വായനക്ക് ആശംസകള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമല്ല, വായനപോലും മരിക്കുന്നുവെന്ന സന്ദേഹം ലോകമെമ്പാടും വ്യാപരിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുസ്തകം ഭക്ഷിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണുണ്ടായത്. പുസ്തക വായനയോടൊപ്പം പുസ്തക ശേഖരണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇ-ബുക്കുകളുടെയും ഇ-പേപ്പറുകളുടെയും വളര്‍ച്ചയും പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തെയും പ്രചാരണത്തെയും സ്വാധീനിച്ചില്ല.
അറിവിന്റെയും ആനന്ദത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊണ്ട് പ്രജ്ഞയിലെ ഇരുട്ടകറ്റാനും പുസ്തകങ്ങള്‍ സഹായകമാകുന്നു.

സാങ്കേതികവിദ്യയുടെ വൈവിധ്യവും വൈപുല്യവും പുസ്തകങ്ങളെ എരിച്ചുകളഞ്ഞിട്ടില്ല. മനുഷ്യന്റെ ശാരീരിക സമ്പുഷ്ടിക്ക് വ്യായാമം എത്രമാത്രം ഉപകരിക്കപ്പെടുന്നുവോ അതുപോലെ മനസ്സിന്റെ ഉല്ലാസത്തിനും ചിന്തയുടെ ഉയര്‍ച്ചയ്ക്കും വായന അനിവാര്യമാണ്. ലോകത്തിന്റെ വിപുലത ഉള്‍ക്കൊള്ളാന്‍ നമ്മുടെ മസ്തിഷ്‌കത്തെ പ്രാപ്തമാക്കുന്നത് വായനയാണ്. ദുഃഖങ്ങളെയും ദുരിതങ്ങളെയും മറയ്ക്കാന്‍ വായന ഏറെ സഹായിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചുള്ള സഞ്ചാരം കാല-ദേശാതീതമായ അനുഭവങ്ങളും അറിവുകളുമാണ് നമുക്ക് സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദ്യം ലോകത്തെ ഏറ്റവും വലിയ മൂല്യനിക്ഷേപമാണ്. നവമാധ്യമങ്ങളില്‍ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം ഏറെ വര്‍ധിച്ചിട്ടും പുസ്തകങ്ങള്‍ രചിക്കപ്പെടാതെയും വില്‍ക്കപ്പെടാതെയും പകാത്തത് വിസ്മയകരമായ കാര്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ലോകമെമ്പാടും വായനയെ തീറ്റാനും പോറ്റാനും ഉത്സാഹം കാണിക്കുന്ന മനുഷ്യര്‍തന്നെ വായനയിലേക്കുള്ള വാതിലുകള്‍ അടച്ചുകളയുന്നത് വേദനാജനകമാണ്. യുദ്ധങ്ങളും കലാപങ്ങളും കാരണം കോടിക്കണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും ചാരമായി തീരുന്നു. ഒരിക്കലും ഒടുങ്ങാത്ത അറിവുകള്‍ ലോകത്തിന് നല്‍കുന്ന അക്ഷയപാത്രമാണ് പുസ്തകങ്ങള്‍. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ പാടുപെടലുകള്‍ക്കും അറിവിന്റെ ഉറവ് തേടിയുള്ള യാത്രകള്‍ക്കും ഏറെ പഴക്കമുണ്ട്.

അക്ഷരങ്ങളും ഭാഷയും രൂപപ്പെട്ടത് മാനവചരിത്രത്തിലെ സുപ്രധാന ദശാസന്ധിയാണ്. നല്ല എഴുത്തും പുസ്തകങ്ങളും മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ സംസ്‌കാരങ്ങളെ ലോകംമുഴുവന്‍ വ്യവഹരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. ഇവ സംസ്‌കാരങ്ങളുടെയും സഹിഷ്ണുതയുടെയും വേദഗ്രന്ഥങ്ങളായി മാറുന്നു. വായനയെ മഹോത്സവമാക്കി മാറ്റുന്നതിനും മനുഷ്യരില്‍ സഹജമായുള്ള ചോദനയെ ത്വരിതപ്പെടുത്താനും വായനാദിനം പോലുള്ള ചടങ്ങുകള്‍ സഹായകമാകുന്നു. കണ്ടുപിടിക്കാത്ത ലോകത്തിലേക്കുള്ള കടന്നുചെല്ലലുകളാണ് വായനയിലൂടെ സാധ്യമാകുന്നത്. സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളും വായന പ്രദാനം ചെയ്യുന്നു. വായനയിലൂടെയും എഴുത്തിലൂടെയും നമുക്ക് സ്വായത്തമാകുന്ന നൂതന പരിജ്ഞാനങ്ങളും അറിവിന്റെ വന്‍കരകളും ഏറെയാണ്. വായന വരളാതെ വളരുവാനുള്ള ശേഷി കൈവരിക്കേണ്ടത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02


ലോക പുസ്തകദിനം ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്നത് വായനയും പുസ്തകങ്ങളും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ പുസ്തകോത്സവങ്ങളും പുസ്തക പ്രകാശനങ്ങളും വായനയുടെ അടഞ്ഞ വാതിലല്ല പ്രത്യക്ഷമാക്കുന്നത്, തുറന്ന വാതിലാണ്. ഓരോ വര്‍ഷവും ലോകത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പുസ്തകങ്ങളുടെ പ്രസക്തിയും വായനയുടെ പ്രാധാന്യവും വിളംബരം ചെയ്യുന്നു. ശരാശരി 158,464,880 ടൈറ്റിലുകളാണ് ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് ഒരുലക്ഷമാണ്. വര്‍ഷംതോറുമുള്ള പുസ്തക പ്രസിദ്ധീകരണത്തിലെ ഉയര്‍ച്ച വായനയെ സംബന്ധിച്ച് ആശങ്കയല്ല, ആനന്ദമാണ് ലഭ്യമാക്കുന്നത്. എല്ലാ അക്ഷരസ്‌നേഹികള്‍ക്കും പുസ്തകദിനാചരണ ആശംസകള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Editorial

ക്ലിഫ് ഹൗസ്: അച്ഛന്‍ ഉറങ്ങാത്ത വീട്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

By

രാഹുല്‍ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഓര്‍മിപ്പിക്കുന്നത് എച്ച്എംവി യുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡിന്മേല്‍ പതിച്ച ചിത്രത്തെയാണ്. നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കാത്ത ഏക പ്രതിപക്ഷ മുഖ്യമന്ത്രി മാത്രമല്ല, നരേന്ദ്രമോദിക്കനുകൂലമായി വാദിക്കുന്ന പ്രതിപക്ഷത്തെ ഏക മുഖ്യമന്ത്രിയും പിണറായി വിജയന്‍ തന്നെ.
ഏത് സമയത്താണ് ഇഡി യും സിബിഐ യും വാതിലില്‍ മുട്ടുകയെന്ന പേടിയുമായ് ക്ലിഫ് ഹൗസ് അച്ഛനുറങ്ങാത്ത വീടായി മാറിയിട്ട് മാസങ്ങള്‍ പലതായി. പാല്‍ നിറഞ്ഞ് നില്‍ക്കുന്ന പശുവിന്റെ അകിടിലെ ചോരയാണ് കൊതുകിനിഷ്ടം. അതുപോലെ മോദിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ താല്പര്യം രാഹുല്‍ഗാന്ധിയെ ആക്രമിക്കാനാണ്.
മോദിയെ സന്തോഷിപ്പിക്കുന്നതെന്താണോ അതാണ് പിണറായിക്ക് പഥ്യം. ലാവ്‌ലിന്‍ മുതല്‍ എക്‌സാലോജിക് വരെയുള്ള ഒന്നര ഡസന്‍ ആരോപണങ്ങള്‍ ഡെമോക്ലസിന്റെ വാളുകളായി പിണറായിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുകയാണ്. മോദിയുടെ കയ്യിലകപ്പെട്ട പിണറായി രാഹുലിനെ തെറിവിളിച്ച് മോദിയുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബിജെപിയും അവരുടെ മാധ്യമങ്ങളും നല്‍കിയ പരിഹാസപ്പേരാണ് പിണറായി ആവര്‍ത്തിക്കുന്നത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ പൊറുക്കുന്നിടത്ത് തന്റെ മകളും താമസിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പിണറായിയെ വല്ലാതെ അലട്ടുന്നത്. സഹപ്രവര്‍ത്തകനും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ 286 ദിവസം ഇരുമ്പഴിക്കുള്ളില്‍ കിടന്നിട്ടും പ്രകടിപ്പിക്കാത്ത ആശങ്കയും ആര്‍ദ്രതയും സ്വന്തം മകളുടെ കാര്യത്തിലുണ്ടാകുന്നത് സ്വാഭാവികം.

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം കേരളത്തില്‍ വന്നപ്പോള്‍ വയനാട് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിലും വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കര്‍ണാടകയിലേക്കുള്ള രാത്രിയാത്രയുടെ കാര്യത്തിലും വിമര്‍ശനാത്മകമായ പരാമര്‍ശം നടത്തിയിരുന്നു. ഇതും പിണറായിയെ പ്രകോപിപ്പിച്ചുകാണും. രാഹുലിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും പിണറായി വിജയന്‍ ആക്ഷേപിക്കുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ സിപിഎം നേതാക്കളും ജനസംഘം നേതാക്കളും ഒന്നിച്ച് കണ്ണൂര്‍ ജയിലില്‍ കിടന്ന കാര്യത്തെ ഓര്‍മിപ്പിക്കാനാണ് ഈ പരാമര്‍ശമെന്ന് തോന്നുന്നു. ‘നിങ്ങളുടെ മുത്തശ്ശി ഈ രാജ്യം അടക്കിവാണ കാലം അവരായിരുന്നു ‘ഞങ്ങളെ’ പിടിച്ച് ജയിലിലിട്ടത്. ഒന്നര വര്‍ഷം ഞങ്ങള്‍ ജയിലില്‍ കിടന്നു’ ആവര്‍ത്തിച്ചുള്ള ‘ഞങ്ങള്‍’ പ്രയോഗം പഴയ സിപിഎം-ജനസംഘം കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കാനും ഇന്ദിരാഗാന്ധിയെ ആക്ഷേപിച്ച് ബിജെപി യെ കുളിരണിയിക്കാനുമാണ്. തങ്ങളിട്ട പരിഹാസപ്പേരില്‍ രാഹുലിനെ സിപിഎമ്മുകാര്‍ കളിയാക്കുന്നത് ബിജെപിക്ക് നന്നായി ഹരം പകരുന്നതാണ്. രാജ്യത്തിനുവേണ്ടി രണ്ട് മഹത്തായ ജീവനുകള്‍ ബലിയര്‍പ്പിച്ച ഒരു കുടുംബത്തിലെ ഇളംമുറക്കാരനോടാണ് ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് പിണറായി വീരസ്യം വിളമ്പുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏപ്രില്‍ 26ന് പ്രാവര്‍ത്തികമാകുന്ന അന്തര്‍ധാരയുടെ പശ്ചാത്തലമൊരുക്കലായും ഇതിനെ കാണാം. ബ്രിട്ടീഷുകാരുടെ ജയിലില്‍ നിന്ന് ഇറങ്ങാനായിരുന്നു സവര്‍ക്കര്‍ ദാസ്യപ്പണി ചെയ്തത്. പിണറായിയാകട്ടെ ബിജെപി സര്‍ക്കാരിന്റെ ജയിലറക്കുള്ളില്‍ അകപ്പെടാതിരിക്കാനാണ് മോദി സേവ നടത്തുന്നത്. രാഹുലിനെ വിമര്‍ശിക്കാന്‍ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും ഓര്‍ത്ത പിണറായി വിജയന്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം കാണാതെ പോകുന്നത് ചരിത്രജ്ഞാനമില്ലായ്മ കൊണ്ടായിരിക്കാം. അന്വേഷണം, ജയില്‍ എന്നൊക്കെ കേട്ടാല്‍ വിരണ്ടുപോകുന്നവരല്ല തങ്ങളെന്ന് വീമ്പിളക്കുന്ന പിണറായി ലാവ്‌ലിന്‍ കേസ് 38 തവണ മാറ്റിവെച്ചത് സ്വന്തം നിഴലിനെപ്പോലും പേടിയായതു കൊണ്ടല്ലേ. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതും അതുമൂലം സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം സൃഷ്ടിച്ചതും സിപിഎമ്മിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞതവണ ലഭിച്ച ആലപ്പുഴപോലും ലഭിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്.

ഓരോ പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു സിപിഎം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ മലക്കം മറിച്ചിലുകളും മാറ്റിപ്പറച്ചിലുകളും ഇടത് മുന്നണിയുടെ ശക്തിയല്ല വ്യക്തമാക്കുന്നത്. ശോഷണത്തെയാണ്. മകള്‍ ചെന്നുപെട്ട ആപത്തിനെക്കുറിച്ചുള്ള ആകുലതകളും വ്യാകുലതകളുമാണ് അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമക്ക് സമാനമായ അവസ്ഥയില്‍ ക്ലിഫ് ഹൗസിനെ എത്തിച്ചത്. അവിടുത്തെ അച്ഛന് ഉറങ്ങാന്‍ സാധിക്കാറില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Editorial

ഒന്നാംഘട്ടത്തില്‍ പതറുന്ന ബിജെപി; ​ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

കിരാതതുല്യമായ അക്രമോത്സുകതയോടെ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാറിടവും ഉദരവും മാന്തിപ്പൊളിച്ച് കരളും കുടല്‍മാലകളും വാരിപുറത്തിട്ട് രക്തപാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതനത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്നാരംഭിക്കുകയാണ്. ആറുമാസം മുന്‍പ് മോദിയെ എവിടെ എങ്ങിനെ പ്രതിരോധിക്കുമെന്ന് യാതൊരു താഴും താക്കോലുമില്ലാതെ ഉഴലുകയായിരുന്ന പ്രതിപക്ഷ കക്ഷികളുടെ മുന്‍പില്‍ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ശക്തിനിര ഉയര്‍ന്നുവന്നിരിക്കുന്നു.

രാഷ്ട്രീയ ഗണികന്മാര്‍ ബിജെപി ക്ക് ഏകപക്ഷീയ വിജയം പ്രഖ്യാപിച്ചിടത്താണ് തുല്യശക്തികളുടെ പോരാട്ടമെന്ന് മാറ്റിപറയാന്‍ മാധ്യമങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും നിര്‍ബന്ധിതരാക്കിയത്.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ അന്‍പത്തൊന്നിടത്തും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിജയിച്ചപ്പോള്‍ യുപിഎ വിജയിച്ചത് 49 സീറ്റുകളിലായിരുന്നു. ബിജെപിക്ക് നീന്താന്‍ അറിയാത്ത തെക്കെ ഇന്ത്യയടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1951-52 ല്‍ ആരംഭിച്ച ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള പൊതുതെരഞ്ഞെടുപ്പ് പതിനെട്ടാം തവണയാണ് ഇന്ത്യന്‍ വോട്ടര്‍മാരെ പോളിങ്ബൂത്തിലേക്ക് നയിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് ജൂണ്‍ നാലിന് വോട്ടെണ്ണലോടുകൂടിയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02


സമീപകാലത്തൊന്നും ഇത്രയും ദീര്‍ഘിച്ച തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഇന്ത്യയിലുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്രാസൗകര്യാര്‍ത്ഥമാണ് ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിച്ചത്. നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഏറ്റവും അവസാനഘട്ടമാണ് പോളിങിന് തെരഞ്ഞെടുത്തത്. ഇതൊക്കെ നീതിപൂര്‍വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ചട്ടങ്ങളെ തകര്‍ക്കുന്നതാണ്. ഏപ്രില്‍ 19ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ദിനങ്ങള്‍ അവസാനിക്കുന്നത് ജൂണ്‍ ഒന്നിനാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരുദിവസം മുന്‍പുതന്നെ നാലാംഘട്ടത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം പാരമ്യത്തിലെത്തിയിരിക്കയാണ്.
മുറിവേറ്റ മണിപ്പൂരിനെ ആശ്വസിപ്പിക്കാതെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണനേട്ടം ഉയര്‍ത്തിപ്പിടിക്കുന്നത് കടുത്ത വഞ്ചനയാണ്. മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടം സന്ദര്‍ശിക്കാതിരിക്കുക മാത്രമല്ല, പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കുപോലും പ്രധാനമന്ത്രി തയ്യാറായില്ല. മണിപ്പൂരിന്റെ മനോവ്യഥയും ശരീരപീഡയും എല്ലാ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെയും ബാധിക്കും.


ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 2019 ലെ കണക്കുകള്‍ പ്രകാരം എന്‍ഡിഎ യും യുപിഎ യും തമ്മിലുള്ള വ്യത്യാസം മൂന്ന് സീറ്റുകളുടേതാണ്. ഇന്ത്യ മുന്നണിയുടെ ശക്തികേന്ദ്രമായ തമിഴ്‌നാട്ടില്‍ 39 സീറ്റുകളും മുന്നണി നേടുമെന്നാണ് അവസാന വിലയിരുത്തല്‍. രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫിന് വന്‍ വിജയപ്രതീക്ഷയാണുള്ളത്. തമിഴ്‌നാട്ടിലും കേരളത്തിലും വര്‍ധിച്ച ആത്മവിശ്വാസത്തോടെ റാലികളും റോഡ് ഷോകളും നടത്തിയത് നരേന്ദ്രമോദിക്ക് വേണ്ടി മാത്രമായിരുന്നു. വെറും മോദി ഷോ. ഇത് ബിജെപിക്ക് വോട്ട് നല്‍കുമെന്ന പ്രതീക്ഷ വാടിക്കൊഴിഞ്ഞിരിക്കയാണ്. ബിജെപിയുടെ നെടുംകോട്ടയായി അവര്‍ അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍തോതില്‍ സീറ്റ്‌ചോര്‍ച്ചയുണ്ടാകുമെന്നാണ് ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം വ്യക്തമാക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02


താരപരിവേഷത്തോടെ ബിജെപി അവതരിപ്പിച്ച പല സ്ഥാനാര്‍ത്ഥികളും ഇത്തവണ പൊന്മുട്ടയിടുന്ന താറാവുകളായിരിക്കില്ലെന്നും ചാവേറുകളായി തീരുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. 2019 ല്‍ പല സംസ്ഥാനങ്ങളിലും ലഭിച്ചിരുന്ന എ പ്ലസുകള്‍ ബി യിലേക്കും സി യിലേക്കും താഴുന്ന കാഴ്ചയാണ് ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ തെളിയുന്നത്. 2014 ലും 2019 ലും മുഴുവന്‍ സീറ്റുകളും നേടിയ ഡല്‍ഹിയില്‍ പോലും സംപൂജ്യരാകേണ്ടിവരുമെന്ന് കരുതുന്നവര്‍ ബിജെപി നേതാക്കളില്‍പോലുമുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഒട്ടും നിറംകെട്ടതായിരുന്നില്ല. പണത്തിന്റെ അന്തമില്ലാത്ത ഒഴുക്ക് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും അലസന്മാരും ആഡംബര പ്രിയരുമാക്കിയിരിക്കയാണ്. മത്സരിക്കാതെ കീശനിറയ്ക്കാനുള്ള വക കേന്ദ്രനേതൃത്വം നല്‍കിയതുകൊണ്ട് കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലെ ഉള്‍പ്പോരിനും കുതികാല്‍വെട്ടിനും ഒട്ടും കുറവില്ല. ആഭ്യന്തര വഴക്കിന്റെ മുഴക്കം ഏറെ പൊങ്ങുന്നത് കര്‍ണാടകയിലാണ്. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രം നഷ്ടമായിരുന്ന ബിജെപിക്ക് ഇത്തവണ മുഴുവന്‍ സീറ്റുകള്‍ തോറ്റാലും അത്ഭുതപ്പെടാനില്ല. ദക്ഷിണേന്ത്യയില്‍ ആദ്യം വിരിഞ്ഞ താമരയുടെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് ബിജെപി യിലെ വിവിധ ഗ്രൂപ്പുകള്‍ ഒരേസ്വരത്തില്‍ പറയുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. തമിഴ്‌നാടിന് പിന്നാലെ കേരളവും കര്‍ണാടകയും തെലങ്കാനയും പോളിങ്ബൂത്തിലെത്തുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും. അത് മോദിമുക്ത ഭാരതത്തിന്റെ കൊടിയേറ്റമായിരിക്കും. ഈ ഗതികേട് കൊണ്ടുതന്നെയാണ് ചവിട്ടിപ്പുറത്താക്കിയ ചന്ദ്രബാബു നായിഡുവിനെ കൈപിടിച്ച് വീണ്ടും എന്‍ഡിഎ യിലേക്ക് ആനയിക്കേണ്ടിവന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured