കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് കൂടുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും

ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് കൂടുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോർട്ട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കുമെന്നാണ് വിവരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെൻറിൻറെ അംഗീകാരം നേടണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പാർലമെൻറിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്ടർ മാർച്ച് ഉൾപ്പെടെയുള്ള തുടർസമരങ്ങളുടെ കാര്യത്തിൽ കേന്ദ്രമന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കർഷകർ നിലപാട് പ്രഖ്യാപിക്കുക.

അതേസമയം കർഷകരുടെ രോഷം അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ പുരോഗമിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കർഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിൻറെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. ഈക്കാര്യങ്ങളിൽ കൃഷിമന്ത്രാലയത്തിൽ കൂടിയാലോചനകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment