ഗര്‍ഭമില്ലാതിരുന്നിട്ടും വയറ് വലുതായി ; ഒടുവിൽ സത്യമറിഞ്ഞു ഞെട്ടി ഡോക്ടർമാരും

ലണ്ടന്‍ : സ്ത്രീകളുടെ വയര്‍ വീർക്കാനുള്ള സാധാരണ കാരണം ആഹാരശീലങ്ങളിലെ വ്യതിയാനവും ഗർഭധാരണവുമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ ഇംഗ്ലണ്ട് സ്വദേശിയായ അബി ചാഡ്വിക്ക് എന്ന 19 വയസുകാരിയുടെ വയര്‍ വീര്‍ത്തുവന്നു. ഇതോടെ അവള്‍ ഗര്‍ഭിണിയാണെന്ന് സുഹൃത്തുകളും കുടുംബവും വിധിയെഴുതി. അപ്പോഴും കാരണമെന്തെന്നറിയാതെ ആശ്ചര്യപ്പെടുകയായിരുന്നു അബി. വയര്‍ കുറയ്‌ക്കാന്‍ ഡയറ്റുകള്‍ പരീക്ഷിക്കുക മാത്രമായിരുന്നു അബി ചെയ്തത്.

എന്നാല്‍ ദിവസങ്ങള്‍ കടന്നു പോകുന്തോറും ഒരു ചെറിയ കഷ്ണം ബ്രഡ് കഴിച്ചാല്‍ പോലും വയര്‍ നിറയുന്ന അവസ്ഥ. കുനിയാനും വളയാനും കഴിയാത്ത സ്ഥിതി. പതിയെ കലശലായ വയറുവേദനയായി മാറി തുടങ്ങിയതോടെ വൈദ്യസഹായം തേടി. ഡോക്ടറെ സന്ദര്‍ശിച്ച്‌ വിശദമായ പരിശോധന നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നു. ഒരു ഫുട്‌ബോള്‍ വലിപ്പമുള്ള മുഴ തന്റെ വയറ്റിൽ വളരുന്നു.

അധികം വൈകാതെ തന്നെ ഇംഗ്ലണ്ടിലെ വാള്‍സര്‍ മനോര്‍ ആശുപത്രിയില്‍ അബി ശസ്ത്രക്രിയക്ക് വിധേയയായി. 13 ഇഞ്ച് വലിപ്പമുള്ള മുഴയെ അബിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ജനനസമയത്ത് തന്നെ ശരീരത്തില്‍ മുഴയുടെ സാന്നിധ്യം ഉണ്ടായിരുന്നിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. പിന്നീട് അബി വളരുന്നതിനൊപ്പം മുഴയും വളരാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു. എന്നാലിപ്പോൾ ഓപ്പറേഷനുശേഷം ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അബി.

Related posts

Leave a Comment