വി.എസ്.ശിവകുമാറിന്റെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു സ്വകാര്യ ആശുപത്രി വാങ്ങിയെന്ന് നിരന്തരമായി സാമൂഹ്യ മാധ്യമത്തിലൂടെ വ്യാജപ്രചരണം നടത്തിയ വ്യക്തിക്കെതിരെ മുൻമന്ത്രി വി.എസ്.ശിവകുമാർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജവാർത്ത പ്രസിദ്ധീകരിച്ചശേഷം ഈ വ്യക്തി പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്.  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന തന്നെ കഴിഞ്ഞ കുറേവർഷങ്ങളായി അഴിമതിക്കാരനായി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അത് കണ്ടെത്താനുള്ള നടപടിയുണ്ടാകണമെന്നും ശിവകുമാർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ ലഭ്യമായിക്കഴിഞ്ഞാൽ കോടതി മുഖേന നിയമനടപടികൾ സ്വീകരിക്കുമെന്നും ശിവകുമാർ അറിയിച്ചു.

Related posts

Leave a Comment