നടിയെ ആക്രമിച്ച കേസ് ; ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മടങ്ങിയത്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി.ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ ഏഴ് മണിയോടെ മടങ്ങിയത്. പരിശോധന വിവരങ്ങൾ കോടതിയെ അറിയിക്കും.

ദിലീപിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും കമ്ബ്യൂട്ടർ ഹാർഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാൽ പൊലീസ് അന്വേഷിക്കുന്നുവെന്നു പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ദിലീപിന് തോക്കുപയോഗിക്കാൻ ലൈസൻസില്ലെന്നാണ് പൊലീസ് പറയുന്നത്.ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ സഹോദരൻ അനൂപിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്ബനിയിലും പരിശോധന നടന്നിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തേടി കൂടിയായിരുന്നു പരിശോധന.ദൃശ്യങ്ങൾ കൊച്ചിയിലെ സ്റ്റുഡിയോയിൽ എത്തിച്ച്‌ ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി. വന്നുവെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിച്ചത്. ക്രൈംബ്രാഞ്ച് ഇന്ന് മിന്നൽ പരിശോധന നടത്തുന്നതിൽ നിർണായക ഈ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ്.

ഒന്നാം പ്രതി പൾസർ സുനി ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ ഓടയിൽ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ, പിന്നീട് ഈ ഫോൺ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നൽകി. ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.കോടതി ഒരിക്കലും പുറത്തുപോകരുതെന്ന് പറഞ്ഞ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന് മൊഴിയുടെ പശ്ചാത്തലത്തിൽ പരിശോധന നടത്തുന്ന ഇടങ്ങളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കൂടുതൽ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കാൻ ഇടയുണ്ട്. സൈബർ വിദഗ്ധരും മിന്നൽ പരിശോധനാ സംഘത്തിലുണ്ട്. കമ്ബ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളുടെ ഹാർഡ് ഡിസ്‌ക്കുകൾ ശേഖരിച്ച്‌ വിശദമായ പരിശോധനക്ക് അയച്ചേക്കും.അതേസമയം നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപ് മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്ന് അറിയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കേണ്ടത് അനിവാര്യമാണ്. തന്റെ മൊഴി മുഖവിലയ്‌ക്കെടുത്തതുകൊണ്ടാണ് ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് പദ്ധതിയിട്ടുവെന്ന കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാർ നിർണായക തെളിവുകൾ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഉള്ളവയാണ് കൈമാറിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകൾ ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. വെളിപ്പെടുത്തലിനെ തുടർന്ന് ഡിവൈ.എസ്‌പി ബൈജു പൗലോസ് തലവനായ അന്വേഷണ സംഘമാണ് ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.

Related posts

Leave a Comment