സ്കൂൾ വൃത്തിയാക്കാൻ വിട്ട നഗരസഭാ ജീവനക്കാരെ ‘ബ്രാഞ്ച് സമ്മേളനത്തിന്’ കൊടിമരമൊരുക്കാൻ നിർത്തി സി പി എം

ചേർത്തല : സി പി എം ഓംങ്കാരേശ്വരം ബ്രാഞ്ച് സമ്മേളനത്തിനു മുന്നോടിയായി കാടുപിടിച്ചു കിടന്ന കൊടിമരവും പരിസരവും വൃത്തിയാക്കാൻ ചേർത്തല നഗരസഭാ കണ്ടീജെന്റ് ജീവനക്കാരെ ഉപയോഗിച്ച സംഭവം വിവാദമാകുന്നു. ബ്രാഞ്ചിൽ നിന്നുള്ള ഏൽ സി അംഗവും സമീപ വാർഡിലെ കൗൺസിലറും കൂടിയായ നേതാവിന്റെ ഇടപെടലാണ് സി പി എം ഭരിക്കുന്ന നഗരസഭയിലെ ജീവനക്കാരെ കൊടിമരമൊരുക്കുന്നതിനായി പറഞ്ഞുവിട്ടത്.

സ്കൂളുകളിൽ അദ്ധ്യയനം ആരംഭിക്കുന്നതിനായി മുന്നൊരുക്കപ്രവർത്തികൾ നടത്തുവാൻ നെടുമ്പ്രക്കാട് സ്കൂളിൽ വിട്ട ജീവനക്കാരെയാണ് പണി നിർത്തിവച്ച് കൊടിമരമൊരുക്കാൻ കൊണ്ടുപോയത്. സമീപത്തു തന്നെ യാത്രയ്ക്ക് തടസ്സമാകുന്ന വിധത്തിൽ റോഡിനിരുവശവും കാടുപിടിച്ച പൂത്തോട്ട പാലമുൾപ്പെടെ വൃത്തിയാക്കാതെ പാർട്ടി കൊടിമരമൊരുക്കുന്ന പ്രവർത്തി നാട്ടുകാർ ചോദ്യംചെയ്തു. സംഭവമറിഞ്ഞ കോൺഗ്രസ്‌ കൗൺസിലർ ബി ഫൈസൽ ഇടപെട്ട് ജീവനക്കാരെ തിരികെ സ്കൂളിലെത്തിച്ചു പണി പുനരാരംഭിക്കുകയായിരുന്നു. വിഷയത്തിൽ പരാതി നൽകുമെന്ന് കോൺഗ്രസ്‌-യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.

Related posts

Leave a Comment