യെച്ചൂരിയാണോ പിണറായി ആണോ നേതാവെന്ന് സി പി എം വ്യക്തമാക്കണം; മാന്യതയുണ്ടെങ്കിൽ സി.പി.എം നേതാക്കൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം: ബെന്നി ബഹനാൻ എം.പി

കൊച്ചി: ലോക്പാൽ ബില്ലിൻ്റെ പരിധിയിൽ പ്രധാനമന്ത്രി അടക്കമുള്ളവരെ കൊണ്ടുവരണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട സീതാറാം യെച്ചൂരിയാണോ ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാൻ ശ്രമിക്കുന്ന പിണറായി വിജയനാണോ നേതാവെന്ന് സി പി എം വ്യക്തമാക്കണമെന്ന് ബെന്നി ബഹനാൻ എം.പി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യെച്ചൂരി പറഞ്ഞതാണോ പിണറായി പറയുന്നതാണോ സി പി എം നിലപാട്. സി പി എം അഖിലേന്ത്യാ സെക്രട്ടറിയുടെ നയത്തിന് വിരുദ്ധ നിലപാടെടുക്കാൻ പി ബി അംഗങ്ങൾക്കോ മുഖ്യമന്ത്രിക്കോ സാധിക്കുമോയെന്ന് സി പി എം നേതൃത്വം വ്യക്തമാക്കണം. താൻ പ്രതിയാകുമെന്ന പേടിയിലാണ് പിണറായി വിജയൻ ലോകായുക്തയുടെ ചിറകരിയാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ മോദിയുടെ ശിഷ്യനാണ് പിണറായി. പിണറായി വിജയൻ സി പി എമ്മിന് ശാപമായി മാറിയെന്നും ബെന്നി ബഹനാൻ പറഞ്ഞു.

വി.എസ് . അച്യുതാനന്ദന് എതിരായ കോടതി വിധി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കെല്ലാം പാഠമാകണമെന്നും മാന്യതയുണ്ടെകിൽ സി പി എം നേതാക്കൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും ഹീനമായി ആക്ഷേപിച്ചവർക്കുള്ള താക്കീതാണ് കോടതി വിധി. ജനകീയനായ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയിൽ നിന്നും നേരായ രീതിയിൽ ഭരണം പിടിച്ചെടുക്കാൻ കഴിയില്ലെന്ന ബോധ്യത്തെ തുടർന്നാണ് സി പി എം സോളാർ കേസ് ഉയർത്തി കൊണ്ടുവന്നത്. ഭരണം നേടിയെടുക്കാൻ വേണ്ടി മാത്രം ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ പോലും വ്യക്തിപരമായി ആക്ഷേപിച്ചു. അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരെയും വ്യക്തിഹത്യ നടത്തി.

യാതൊരു ഉളുപ്പുമില്ലറ്റിത്തെ നുണകൾ ആവർത്തിച്ച് പ്രചരിപ്പിച്ചാണ് സി പി എം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കാൻ സൈബർ ഗുണ്ടകളെയും സി പി എം രംഗത്തിറക്കി. ഉമ്മൻചാണ്ടിയുടെ മനസ്സാക്ഷിയായിരുന്നു ശരിയെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. വ്യക്തിഹത്യയിലൂടെയും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെയും കപട രാഷ്ട്രീയക്കാരനാണ് താനെന്ന് നിരവധി തവണ തെളിയിച്ച ആളാണ് അച്യുതാനന്ദൻ. നുണ ആയുധമാക്കിയ സി പി എമ്മിന്റെ സ്‌ഥാപക നേതാവിനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇനിയെങ്കിലും മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ സി പി എം തയാറാവണം. നുണക്കഥകളും അപവാദ പ്രചാരണങ്ങളും കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സി പി എമ്മിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും ബെന്നി ബഹനാൻ പറഞ്ഞു.

ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment