സിപിഎം വീണ്ടും ചൈന ചാരന്മാരാവുകയോ…? ; മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ വെളിപ്പെടുത്തലുകള്‍ ചർച്ചയാകുന്നു


നിരവധി ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒന്നാം യു പി എ സര്‍ക്കാരിനെ അപായപ്പെടുത്താനും ഇന്‍ഡോ-യു എസ് ആണവ കരാറിവെ അട്ടിമറിക്കാനും ചൈനയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നടത്തിയ ഗൂഢാലോചന ഏതൊരു ദേശസ്‌നേഹിയായ ഇന്ത്യക്കാരനെയും ഞെട്ടിക്കുന്നതാണ്. ഇതുസംബന്ധിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ വെളിപ്പെടുത്തലുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ഇന്ത്യ-അമേരിക്ക ആണവക്കരാറിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയായിരുന്നു സി പി എമ്മും സി പി ഐയും. മാത്രവുമല്ല, ഇടത് പാര്‍ട്ടികളുടെകൂടി പിന്തുണയോടെ അധികാരത്തില്‍ വന്ന മന്‍മോഹന്‍ സര്‍ക്കാരിനുള്ള പിന്തുണ ഇടത് പാര്‍ട്ടികള്‍ പിന്‍വലിക്കുകയും ബി ജെ പിയുമായി കൈകോര്‍ത്ത് യു പി എ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ആണവക്കരാറിനെതിരെ ആണത്തമില്ലാത്ത നിലപാട് സ്വീകരിച്ച ഇടത് പാര്‍ട്ടികളുടെ നയങ്ങളെ സുര്‍ജിത് സിംഗും ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും എതിര്‍ക്കുകയുണ്ടായി. അന്ന് ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയോട് രാജിവെക്കാനും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തെ എതിര്‍ക്കാനും സി പി എം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ രാഷ്ട്രീയ സത്യസന്ധതയുണ്ടായിരുന്ന സോമനാഥ് അതിന് തയ്യാറായില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ആണവക്കരാര്‍ ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരെന്നായിരുന്നു ഇടത് പാര്‍ട്ടികളുടെയും ബി ജെ പിയുടെയും നിലപാട്. ശത്രുരാജ്യമായ ചൈന, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള ഇടതുപക്ഷത്തെ തങ്ങളുടെ ചാരന്മാരായി നിയന്ത്രിക്കുകയുമായിരുന്നു. 1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ ചൈനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ചൈനാ ചാരന്മാരായി കണക്കാക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് സമരത്തെ ഒറ്റിക്കൊടുത്ത സി പി എം ബ്രിട്ടീഷ്-അമേരിക്കന്‍ നിലപാട് സ്വീകരിച്ചു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി സി ജോഷി മാപ്പെഴുതിക്കൊടുക്കുകയും പാര്‍ട്ടിക്കെതിരായ നിരോധനം നീക്കുകയും നേതാക്കള്‍ പുറത്തുവരികയും ചെയ്തു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖേന ലക്ഷങ്ങള്‍ പാരിതോഷികമായി സ്വീകരിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുംബൈയില്‍ ആധുനിക സൗകര്യങ്ങളുള്ള പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. പല നിര്‍ണായക വേളകളിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ അഞ്ചാംപത്തികളെന്നായിരുന്നു വിളിച്ചിരുന്നത്. ഈ ശീലംവെച്ചുകൊണ്ടായിരുന്നു വിമോചന സമരത്തില്‍ കോണ്‍ഗ്രസ് സി ഐ എയുടെ പണം സ്വീകരിച്ചുവെന്നുള്ള പച്ചക്കള്ളം അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്.
2007-നും 2008-നും ഇടയില്‍ ഇന്ത്യ-യുഎസ് ആണവക്കരാറിനെതിരെ ആഭ്യന്തര എതിര്‍പ്പ് വളര്‍ത്തിയെടുക്കാന്‍ ചൈന, ഇന്ത്യയിലെ ഇടത് പാര്‍ട്ടികളുമായുള്ള അടുത്തബന്ധം ഉപയോഗിച്ചുവെന്നാണ് വിജയ് ഗോഖലെ തന്റെ പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ ആരോപിക്കുന്നത്. ദീര്‍ഘകാലം മികച്ച നയതന്ത്ര ചരിത്രമുള്ള വിജയ് ഗോഖലെയുടെ ആരോപണത്തെ അവിശ്വസിക്കേണ്ടതില്ല. ചൈനീസ് രാഷ്ട്രീയത്തിന്റെ ഉള്ളും പുറവും നന്നായി പഠിച്ച നയതന്ത്ര പ്രതിനിധിയാണ് അദ്ദേഹം. അസുഖ ചികിത്സക്കോ ഉല്ലാസ യാത്രക്കോ എത്തുമ്പോഴാണ് ഇന്ത്യന്‍ നേതാക്കള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്താറുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള ഇടത് പാര്‍ട്ടികള്‍ അണിനിരന്ന യു പി എ ശക്തമായ അടിവേരുള്ള രാഷ്ട്രീയ ചേരിയായി മാറുമെന്നും അത് ചൈനക്ക് ഭീഷണിയായി തീരുമെന്നുള്ള ഭീതിയാണ് ആണവക്കരാറിനെതിരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ വരുതിയിലാക്കിയത്. അതിര്‍ത്തി പ്രശ്‌നങ്ങളും ഉഭയകക്ഷി താല്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറമെനിന്ന് ബന്ധപ്പെട്ടിരുന്ന നിക്ഷിപ്ത രാഷ്ട്രീയ താല്പര്യക്കാര്‍ ഇപ്പോള്‍ അതിനകത്ത് കയറിയാണ് ഭീഷണി ഉയര്‍ത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അമേരിക്കയോട് ഇന്ത്യയുടെ അടുപ്പം കൂടിവരികയാണ്. ഏഷ്യാതലത്തിലും ആഗോളതലത്തിലും ഇന്ത്യ ചൈനക്ക് ഭീഷണിയായി തീരുന്നതിന്റെ സൂചന എമ്പാടുമുണ്ടായിട്ടുണ്ട്. പുസ്തകം പ്രതിപാദിക്കുന്ന വിഷയത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദുര്‍ബല നിഷേധങ്ങളാണ് നടത്തിയിട്ടുള്ളത്. സി പി എം സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി ഐ സെക്രട്ടറി ഡി രാജയും പുസ്തക രചയിതാവിന്റെ പരാമര്‍ശങ്ങളെ നിഷേധിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദേശസ്‌നേഹം എന്നും സംശയതട്ടിലായിരുന്നു. കല്‍ക്കത്ത തീസിസ് കാലം മുതല്‍ ദേശവിരുദ്ധ നിലപാടുകളായിരുന്നു അവരുടേത്. പുള്ളിപ്പുലിയെ എത്ര വെള്ളം ഒഴുക്കി കഴുകിയാലും ആ പുള്ളി മായില്ല എന്നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വ്യക്തമാക്കുന്നത്.

Related posts

Leave a Comment