സിപിഎം രാഷ്ട്രീയ ഭീകര സംഘടനയായി മാറി: കെ. സുധാകരൻ എംപി

സിഐടിയു ഏർപ്പെടുത്തിയ ഊരുവിലക്കിനെ തുടർന്ന് കണ്ണൂർ മാതമംഗലത്ത് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വരുകയും ഈ കടയിൽ നിന്ന് സാധനം വാങ്ങിയ വ്യക്തിയെ അടിച്ചോടിക്കുകയും ചെയ്ത സിപിഎം രാഷ്ട്രീയ ഭീകര സംഘടനയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

കേരളത്തിലേക്ക് നിക്ഷേപം തേടി വിദേശങ്ങളിൽ കറങ്ങിനടക്കുന്നതിനു പകരം സ്വന്തം നാട്ടിലെ തൊഴിലുടമകൾക്ക് അവർ അർഹിക്കുന്ന സംരക്ഷണം നല്കുകയാണു മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടത്. കേരളത്തിൽ സിപിഎം പൂട്ടിച്ച നൂറുകണക്കിനു സംരംഭങ്ങളുടെ പട്ടികയിലേക്ക് മാതമംഗലം-പേരൂൽ റോഡിലെ എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ് വേർ സ്ഥാപനവും ഇവിടെ നിന്നും സാധനം വാങ്ങിയതിന്റെ പേരിൽ സിസിടിവി വിൽക്കുന്ന എ.ജെ സെക്യൂടെക് ഐടി സൊലൂഷൻസ് എന്ന കടയും ഉൾപ്പെടുത്താനായി എന്നത് പിണറായി സർക്കാരിന്റെ നേട്ടമായി കൊണ്ടാടാം. സിപിഎം വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന്റെ പേരിൽ എ.ജെ സെക്യൂടെക് ഐടി സൊലൂഷൻസ് ഉടമയെ മർദ്ദിക്കുകയും ചെയ്തിരുന്നു. പോലീസിൽ നല്കിയ പരാതി സിഐടിയുക്കാർ മുൾമുനയിൽ നിർത്തി ഉടമയെക്കൊണ്ട് പിൻവലിപ്പിക്കുകയും ചെയ്തു.

ചരക്ക് കയറ്റിറക്കുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സിഐടിയു അഴിഞ്ഞാടിയത്. ആറുമാസം മുൻപ് പ്രവർത്തനം ആരംഭിച്ച എസ്. ആർ അസോസിയേറ്റ്‌സിനെതിരെ കഴിഞ്ഞ 50 ദിവസമായി സി ഐടിയുവിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനയുടെ ഉപരോധം ആയതിനാൽ പോലീസ് ചെറുവിരൽ അനക്കിയില്ല. അവരോട് സമരസപ്പെടാനാണ് പോലീസ് ആവശ്യപ്പെട്ടത്.അതിക്രമം നടത്തിയ ഗുണ്ടകൾക്ക് എല്ലാ സംരക്ഷണവും നൽകുകയാണ് സർക്കാർ. അതിന് തെളിവാണ് ഈ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് തൊഴിൽമന്ത്രി പച്ചക്കള്ളം തട്ടിവിട്ടത്. മന്ത്രി ലൈസൻസില്ലെന്ന് പറഞ്ഞ ഇതേ സ്ഥാപനത്തിന് ലൈസൻസുണ്ടെന്ന് എരമം-കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഭരണകക്ഷി സംഘടനക്കാർക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ സിപിഎം പൂട്ടിപ്പിച്ച സ്ഥാപനങ്ങളുടെ പട്ടിക നീണ്ടതാണ്. ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് വഴിവെച്ച സംഭവം കേരളം മറന്നിട്ടില്ല.കേരളത്തിന്റെ പ്രതിച്ഛായ തകർക്കുന്ന കാപാലികർക്കെതിരേ ഒട്ടുംവൈകാതെ നടപടി എടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment