നാലു പതിറ്റാണ്ടായി സ്ഥിരതാമസക്കാരനായ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഉൾപ്പെടെ നിരവധി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ സിപിഎം ശ്രമം; സംഭവം കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ; പരാതി നൽകി

അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ 63ൽ വ്യാപകമായി വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കാൻ ശ്രമിക്കുന്നതായി പരാതി. ഗാന്ധിനഗറിൽ ഡിവിഷൻ 63ൽ നാലു പതിറ്റാണ്ടായി സ്ഥിരതാമസക്കാരനും എറണാകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ കെ എം അജയകുമാർ ആണ് ഇതു സംബന്ധിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയത്. പൊതുപ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിൻറെ ഉൾപ്പെടെ നിരവധി പേരുകൾ നീക്കം ചെയ്യാനാണ് ശ്രമം നടന്നത്. ഇത് സംബന്ധിച്ച് നാളെ ഹിയറിങ്ങിന് വിളിച്ചിരിക്കുകയാണ്.

പ്രദേശത്തെ കോൺഗ്രസ് അനുഭാവികൾ ഉൾപ്പെടെ നിരവധി വോട്ടർമാരുടെ പേരുകൾ ഇത്തരത്തിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ അറുന്നൂറോളം പേരുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നിട്ടുണ്ട് കൂടാതെ 15 വർഷത്തോളം മുൻപ് ഡിവിഷനിൽ നിന്നും താമസം മാറി പോയ സിപിഐഎം അനുഭാവികളായ നിരവധി ആളുകളുടെ പേരുകൾ ഇപ്പോഴും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് സിപിഎം നേതൃത്വം കോൺഗ്രസ് അനുഭാവികളായ ആളുകളെ തിരഞ്ഞുപിടിച്ച് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുവാൻ ശ്രമം നടത്തുന്നതെന്ന് അജയകുമാർ കൂട്ടിച്ചേർത്തു.

ഡിവിഷൻ 63 കൗൺസിലർ ആയിരുന്ന കെ കെ ശിവൻ മെയ് മാസത്തിലാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അടുത്തമാസം അവസാനത്തോടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കും.

Related posts

Leave a Comment