പെരിയ ഇരട്ട കൊലക്കേസിലെ പതിനേഴാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

അബ്ദുൽ റഹിമാൻ ആലൂർ

കാസർകോട്, പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിലെ പതിനേഴാം പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി.കഴിഞ്ഞ ഡിസമ്പർ ഒന്നിന് സിബിഐ അറസ്റ്റ് ചെയ്ത് കാക്കനാട് ജയിലിൽ റിമാന്റിൽ കഴിയുന്ന റെജി വർഗീസ് നൽകിയ ജാമ്യാപേക്ഷയാണ് സിബിഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കോടതി തള്ളിയത്. പാർട്ടി സഹായിച്ചില്ലെന്നാരോപിച്ച് ഒറ്റക്കാണ് ഇദ്ദേഹം ജാമ്യാപേക്ഷ നൽകിയത്.ഇതിനെതിരെ സിബിഐ 16 പേജുള്ള എതിർ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച് എതിർക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃചേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിന് ഇരുമ്പ് പൈപ്പുകൾ നൽകിയത് റെജിവർഗീസാണെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ഇയാളടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ റിമാന്റ് മൂന്നു തവണയാണ് കോടതി നീട്ടിയത്. റെജിയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് പ്രതികൾ ഇരുമ്പ് പൈപ്പ് സംഘടിപ്പിച്ചത്. ഇയാൾ പ്ലമ്പിംഗ് തൊഴിലാളിയാണ്. ഗുഢാലോചനയിൽ ഇയാൾ നേരിട്ട് പങ്കാളിയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ 9, 10, 11 പ്രതികൾ ചെയ്ത പോലുള്ള കുറ്റമാണ് റെജി വർഗീസ് ചെയ്തതെന്നും സിബിഐ വാദിച്ചു.

കേസിലെ ഒന്നുമുതൽ 11 വരെയുള്ള പ്രതിക8 മൂന്നു വർഷത്തിലേറെയായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിലാണ്. ഈ സാഹചര്യത്തിൽ ഒരു പ്രതിക്ക് മാത്രം ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും. മാത്രവുമല്ല ഹൈക്കോടതി നിർദ്ദേശപ്രകാരം കസ്റ്റഡി ട്രയൽ നടക്കണമെന്നും സിബിഐ സത്യവാങ്ങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലുള്ള ഒന്നാംപ്രതി പീതാംബരനടക്കമുള്ള 11 പ്രതികളെ കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതിയുടെ പരിധിയിലുള്ള എറണാകുളം കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സിബിഐ ഹരജിയിലും, എറണാകുളം കാക്കനാട് ജയിലിലുള്ള അഞ്ച് പ്രതികൾ തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലും ഈമാസം 25ന് കോടതി വിധി പറയും. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എ ബാലകൃഷ്ണൻ, അടക്കം 24 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

Related posts

Leave a Comment